Archive for March, 2011
ആദര്‍ശ പാരമ്പര്യം കാത്തു സൂക്ഷിച്ചതിനു പിന്നില്‍ സമസ്തയുടെ സാന്നിധ്യം-നൂറുല്‍ ഉലമ എം.എ

കാസര്‍കോട്: പ്രവാചക ജീവിത സന്ദേശത്തിന്റെ ആദര്‍ശ പാരമ്പര്യം അവകാശപ്പെടാന്‍ പറ്റുന്ന കേരളത്തിലെ ഏക പണ്ഡിത സംഘം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മാത്രമാണെന്ന് അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ദേളി സഅദിയ്യയില്‍ സമസ്ത ജില്ലാ ജനറല്‍ ബോഡിയും പണ്ഡിത സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തയുടെ സ്ഥാപകനായ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മുതല്‍ ഇന്നതിന്റെ പ്രസിഡന്റായ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി വരെയുള്ള പണ്ഡിത നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുകളാണ് കേരളത്തില്‍ പല കാലങ്ങളിലായി തലപൊക്കിയ മതവിരുദ്ധ ആശയങ്ങളെ പ്രതിരോധിച്ചു നിര്‍ത്തിയത്. പുത്തന്‍ വാദങ്ങളെ തുറന്നുകാട്ടുന്നതിനും മഹല്ലുകളെ സാംസ്‌കാരികമായി അഭിവൃദ്ധിപ്പെടുത്തുന്നതിനും സമസ്തയുടെ സാന്നിദ്ധ്യം വളരെയേറെ സഹായകമായിട്ടുണ്ട്. നൂറുല്‍ ഉലമ പറഞ്ഞു. നാട്ടില്‍ തിന്മകള്‍ ശക്തിപ്പെടുന്ന സമകാലീന സാഹചര്യത്തില്‍ പണ്ഡിതന്മാരുടെ ഉത്തരവാദിത്തം വളരെ വലുതാണെന്നും അരുതായ്മകള്‍ക്കെതിരെ നിശബ്ദരായിരിക്കാന്‍ ആദര്‍ശ ബോധമുള്ള പണ്ഡിതര്‍ക്കാവില്ലെന്നും എം.എ ഉസ്താദ് ഓര്‍മിപ്പിച്ചു. ഏപ്രില്‍ 27,28 തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന കേരള ഉലമാ സമ്മേളനവും അതിനു മുന്നോടിയായി നടക്കുന്ന നവോത്ഥാന യാത്രകളും ആദര്‍ശ സമ്മേളനങ്ങളും കേരളത്തില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കും. വിജയത്തിന് കര്‍മ രംഗത്തിറങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കന്‍സുല്‍ ഉലമ കെ.പി ഹംസ മുസ്‌ലിയാര്‍ ക്‌ളാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.
എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, എ.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ ആന്ത്രോത്ത്, സയ്യിദ് ജലാലുദ്ദീന്‍ പൊസോട്ട്, മുഹമ്മദ്‌ലി സഖാഫി തൃക്കരിപ്പൂര്‍, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ.പി ഹുസൈന്‍ സഅദി, സ്വാലിഹ് സഅദി തളിപ്പറമ്പ്, ബേക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.ബി മൊയ്തു സഅദി ചേരൂര്‍ സ്വാഗതവും ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി നന്ദിയും പറഞ്ഞു.
ജിദ്ദ I C F സര്‍ഗ്ഗോല്‍സവ് ഏപ്രില്‍ 1 ന്
ഇന്ത്യയുടെ ജനസംഖ്യ 121 കോടി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ജനസംഖ്യ 121 കോടി. കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് 18.1 കോടിയാണ് രാജ്യത്തെ ജനസംഖ്യയിലുണ്ടായ വര്‍ധന.2011-ലെ സെന്‍സസ് സംബന്ധിച്ച ഇടക്കാലറിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 121,01,93,422 ആണ് രാജ്യത്തെ ജനസംഖ്യ. ലോക ജനസംഖ്യയുടെ 17.5 ശതമാനം വരും ഇത്. ലോക ജനസംഖ്യയുടെ 19.4 ശതമാനം വരുന്ന ചൈന തന്നെയാണ് ഇപ്പോഴും ഒന്നാമത്. അമേരിക്ക, ഇന്‍ഡൊനീഷ്യ, ബ്രസീല്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയ്ക്ക് ഏറെക്കുറെ തുല്യമാണ് ഇന്ത്യയിലെ ജനസംഖ്യ.
പുരുഷന്മാരാണ് രാജ്യത്ത് കൂടുതലുള്ളത്- 62,37,24,248. സ്ത്രീകള്‍-58,64, 69,174. ജനസംഖ്യ ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും വര്‍ധനയുടെ തോത് കുറഞ്ഞിട്ടുണ്ട്. 2011-ല്‍ 17.64 ശതമാനമാണ് ജനസംഖ്യാ വളര്‍ച്ചനിരക്ക്. 2001-ല്‍ ഇത് 21.15 ശതമാനമായിരുന്നു.ഉത്തര്‍പ്രദേശ് തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം-19.9 കോടി. ജനസംഖ്യയില്‍ ലോകത്ത് അഞ്ചാംസ്ഥാനമുള്ള ബ്രസീലിലേതിനേക്കാള്‍ കൂടുതലാണ് ഉത്തര്‍പ്രദേശിലെ ജനസംഖ്യ. രാജ്യത്ത് ഏറ്റവും കുറവ് ജനസംഖ്യയുള്ള പ്രദേശം ലക്ഷദ്വീപാണ്-64,429. ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്-11,23,72, 972.
ബിഹാറാണ് രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ സംസ്ഥാനം- 10,38,04,637. ശിശുക്കളിലെ ആണ്‍-പെണ്‍ അനുപാതം 1,000 ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ എന്ന നിലയിലാണ്. ആറുവയസ്സുവരെയുള്ള കുട്ടികളിലെ ആണ്‍-പെണ്‍ അനുപാതത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഹരിയാണയും പഞ്ചാബുമാണ്. ഹരിയാണയില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 830 പെണ്‍കുട്ടികളും പഞ്ചാബില്‍ 846ഉം ആണ് അനുപാതം. ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ മിസോറമാണ് – 971. ജനസംഖ്യയില്‍ 74 ശതമാനം സാക്ഷരരാണ്.
2001-2011 ദശാബ്ദത്തില്‍ ജനസംഖ്യാ വളര്‍ച്ചനിരക്കില്‍ ഉണ്ടായ ഗണ്യമായ കുറവ് ശ്രദ്ധേയമാണ്. 2001-ലെ 21.54-ല്‍നിന്ന് വളര്‍ച്ചനിരക്ക് 2011 ആയപ്പോള്‍ 17.64 ശതമാനമായി. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ബിഹാര്‍, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിങ്ങനെ ജനസംഖ്യയില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളിലും ജനസംഖ്യാ വളര്‍ച്ചനിരക്ക് കുറഞ്ഞിട്ടുണ്ട്.
ലക്ഷദ്വീപ്, ഡാമന്‍ ആന്‍ഡ് ഡിയു, ദാദ്രാ നഗര്‍ ഹവേലി, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍, സിക്കിം എന്നിവ ജനസംഖ്യ ഏറ്റവും കുറഞ്ഞ പ്രദേശങ്ങളാണ്. കേന്ദ്ര ആഭ്യന്തരസെക്രട്ടറി ജി.കെ. പിള്ളയുടെ സാന്നിധ്യത്തില്‍ രജിസ്ട്രാര്‍ ജനറലും ഇന്ത്യയുടെ സെന്‍സസ് കമ്മീഷണറുമായ സി. ചന്ദ്രമൗലിയാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്.
ഹജ്ജ്: തീരുമാനം ഇന്നുണ്ടാകും
റിയാദ്:
ഇന്ത്യന്‍ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടാകും. സൗദി ഭരണകൂടമാണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ തവണ 1.70 ലക്ഷം തീര്‍ഥാടകര്‍ക്കാണു ഹജ്ജ് കര്‍മ്മത്തിന് അവസരം ലഭിച്ചത്. ഇത്തവണ 30,000 പേര്‍ക്ക് അധികമായി അനുമതി നല്‍കണമെന്നാണ് ഇന്ത്യന്‍ ആവശ്യം. കഴിഞ്ഞ ദിവസം സൗദി ഹജ്ജ് മന്ത്രിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിനിടയില്‍ ഹാജിമാര്‍ക്കു താമസ സൗകര്യവും മറ്റു സജ്ജീകരണങ്ങളും തയാറാക്കാന്‍ ജിദ്ദയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നടപടികള്‍ ആരംഭിച്ചു.
എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ ഇളവു ചെയ്തു
ഷാര്‍ജ: പാക് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ എട്ട് ഇന്ത്യക്കാരടക്കം പത്തുപേരുടെ വധശിക്ഷ ഷാര്‍ജ കോടതി മൂന്നു വര്‍ഷം തടവായി ഇളവു ചെയ്തു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദയാധനം(ബ്ലഡ് മണി) നല്‍കാന്‍ ദുബായിയിലെ ഇന്ത്യക്കാരനായ ഹോട്ടല്‍ വ്യവസായി എസ്.പി. സിംഗ് ഒബ്‌റോയ് തയാറായതിനെത്തുടര്‍ന്നാണ് ഇവരുടെ ശിക്ഷ ഇളവു ചെയ്തത്.
ശിക്ഷാ കാലാവധിയില്‍ ഇപ്പോള്‍ തന്നെ 21 മാസം ഇവര്‍ പൂര്‍ത്തിയാക്കിയതിനാല്‍ അടുത്ത ആറു മാസത്തിനുള്ളില്‍ 10 പേരും ജയില്‍ മോചിതരാകും.
2009 ജൂലൈ 11നാണ് പാകിസ്ഥാനിലെ ഫൈസലാബാദ് സ്വദേശി മുംതാസ് യൂസഫ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് സ്വദേശികളായ കുല്‍ദീപ് സിംഗ്, സച്ചിന്‍കമാര്‍ ശര്‍മ, രാകേഷ് കുമാര്‍, സുഖ്പാല്‍ സിംഗ്, ഹര്‍ദേവ് സിംഗ്, ചരംജിത്ത് സിംഗ്, അമര്‍ജിത് സിംഗ്. റഷ്‌വിന്ദര്‍ പാല്‍ എന്നീ എട്ടു ഇന്ത്യക്കാരെയും മുഹമ്മദ് അന്‍സാര്‍ ചൗധരി, ഷാഹിദ് ഹുസൈന്‍ എന്നീ രണ്ട് പാക് സ്വദേശികളെയും അറസ്റ്റു ചെയ്തത്.
വ്യാജമദ്യ വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നയതന്ത്രതലത്തില്‍ ഇടപെടുകയും ഇന്ത്യക്കാര്‍ക്കു വേണ്ടി വാദിക്കാന്‍ അഭിഭാഷകനെ നിയമിക്കുകയുമായിരുന്നു.
ദയാധനം നല്‍കി പ്രതികളുടെ ശിക്ഷ ഇളവു ചെയ്യുന്ന കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനമായിരുന്നെങ്കിലും ഇതിന് ഷാര്‍ജാ കോടതിയുടെ അംഗീകാരം ഇപ്പോഴാണ് ലഭ്യമായത്.
ലിബിയയില്‍ ഒട്ടേറെ വിമത പട്ടണങ്ങള്‍ സൈന്യം തിരിച്ചുപിടിച്ചു
ട്രിപ്പോളി: ലിബിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ണായക മുന്നേറ്റം നടത്തിയ പ്രക്ഷോഭകാരികള്‍ക്ക് ബുധനാഴ്ച കനത്ത തിരിച്ചടി നേരിട്ടു. പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലായിരുന്ന കിഴക്കന്‍ മേഖലയിലെ ഒട്ടേറെ പട്ടണങ്ങള്‍ സൈന്യം തിരിച്ചുപിടിച്ചു. പ്രധാന എണ്ണകയറ്റുമതി കേന്ദ്രങ്ങളായ റാസ്‌ലനൂഫ്, ബ്രഗ, ബിന്‍ ജവാദ് തുടങ്ങിയ പട്ടണങ്ങളുടെ നിയന്ത്രണം പ്രക്ഷോഭകാരികള്‍ക്ക് നഷ്ടമായി. പ്രക്ഷോഭകരുടെ കൈവശമുള്ള അജാബിയയിലും മിസ്‌റാറ്റയിലും രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്.
അതിനിടെ, ലിബിയയിലെ ഭാവി നടപടികളെക്കുറിച്ച് അഭിപ്രായം സ്വരൂപിക്കാനായി ലണ്ടനില്‍ ചേര്‍ന്ന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. ലിബിയന്‍ പ്രസിഡന്റ് മുഅമര്‍ ഗദ്ദാഫി സ്ഥാനമൊഴിയും വരെ നാറ്റോ ആക്രമണത്തിലൂടെ സമ്മര്‍ദം തുടരാന്‍ സമ്മേളനം തീരുമാനിച്ചു. ലിബിയയിലെ ഭാവി പരിപാടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനായി അറബ് രാജ്യങ്ങളെയും മറ്റ് ഉള്‍പ്പെടുത്തി സമ്പര്‍ക്ക സംഘം രൂപവത്കരിക്കാനും സമ്മേളനം തീരുമാനിച്ചു.
ലിബിയന്‍ പ്രതിപക്ഷത്തിന്റെ ദൂതനായ മെഹമൂദ് ജബ്രീല്‍ യു.എസ്. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തി. അമേരിക്ക മരവിപ്പിച്ച ലിബിയയുടെ 3300 കോടി ഡോളറിന്റെ സ്വത്തുക്കള്‍ പ്രതിപക്ഷത്തിന് വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
ഇതിനിടെ, ഗദ്ദാഫിയുടെ സൈനിക ടാങ്കുകളെ നേരിടാന്‍ ആയുധം നല്‍കാന്‍ പ്രക്ഷോഭകാരികള്‍ പാശ്ചാത്യരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. ഇത്തരത്തില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും ഗദ്ദാഫി തങ്ങളെ കൂട്ടക്കൊല ചെയ്യുമെന്നുമാണ് പ്രക്ഷോഭകാരികള്‍ പറയുന്നത്. പ്രക്ഷോഭകര്‍ക്ക് ആയുധം എത്തിക്കാനുള്ള സാധ്യത യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ തള്ളിയിട്ടില്ല.
വിമതര്‍ക്ക് ആയുധം എത്തിക്കണമെന്ന അഭിപ്രായം ലണ്ടന്‍ സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നുവെങ്കിലും റഷ്യ അതിനെ എതിര്‍ക്കുകയുണ്ടായി. അതേസമയം, ലിബിയയിലെ ജനജീവിതം ദിവസം ചെല്ലുന്തോറും കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്. പ്രക്ഷോഭകാരികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനൊപ്പം സഖ്യസേനകളുടെ ബോംബാക്രമണവും ഇവരുടെ സുരക്ഷയ്ക്ക് കടുത്തഭീഷണി ഉയര്‍ത്തുന്നുണ്ട്.
”സമഗ്രതക്ക് ഇസ്‌ലാം” സമസ്ത: നവോത്ഥാന യാത്ര ഏപ്രീല്‍ 15 മുതല്‍
കോഴിക്കോട്: സുന്നി സംഘ കുടുംബം സംയുക്തമായി സംഘടിപ്പിക്കുന്ന സമസ്ത: നവോത്ഥാന യാത്രകള്‍ ഏപ്രില്‍ 15-ന് ആരംഭിക്കും. ”സമഗ്രതക്ക് ഇസ്‌ലാം” എന്ന പ്രമേയവുമായി ഏപ്രില്‍ 27, 28 തിയ്യതികളില്‍ കോട്ടക്കല്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടത്തുന്ന സമസ്ത: ഉലമാ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്ധതികളില്‍ മുഖ്യമാണ് യാത്ര. 15-ന് വെള്ളിയാഴ്ച മംഗലാപുരത്തും തിരുവനന്തപുരം ജില്ലയിലെ കളിയിക്കാവിളയിലും ഉദ്ഘാടന സമ്മേളനങ്ങള്‍ നടക്കും. എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി എന്നിവര്‍ നയിക്കുന്ന യാത്രകള്‍ തെക്ക്, വടക്ക് അതിര്‍ത്തികളില്‍ നിന്നും പ്രയാണമാരംഭിച്ച് 23-ന് ശനിയാഴ്ച പട്ടാമ്പിയില്‍ സംഗമിച്ച് സമാപിക്കും. ഭൗതിക, രാഷ്ട്രീയ വിഴുപ്പലക്കുകളും മത നവീകരണ വാദങ്ങളും മലീമസമാക്കുന്ന കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ ആദര്‍ശവത്കരിച്ചു കൊണ്ട് നടത്തുന്ന യാത്രകള്‍ കേരളത്തിന്റെ ഇസ്‌ലാമിക നവോത്ഥാന വഴികളില്‍ പുതിയ നാഴികക്കല്ലുകള്‍ തീര്‍ക്കും.
യാത്രക്ക് നൂറോളം കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ഇതോടനുബന്ധിച്ച് വിപുലമായ ആദര്‍ശ സമ്മേളനങ്ങള്‍ നടക്കും. മേഖലാ കര്‍മ്മ സമിതികളുടെ നേതൃത്വത്തില്‍ രൂപം നല്‍കുന്ന സ്വാഗത സംഘങ്ങളാണ് സമ്മേളനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഉലമാ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് പ്രഖ്യാപിച്ച അഞ്ചു കോടി രൂപയുടെ സമസ്ത: നവോത്ഥാന നിധി സമ്മേളനത്തില്‍ വെച്ച് സമസ്ത: മുശാവറ അംഗങ്ങള്‍ യൂണിറ്റ് പ്രതിനിധികളില്‍ നിന്നും ഏറ്റുവാങ്ങും.
ചെയര്‍മാന്‍ മാളിയേക്കല്‍ സുലൈമാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രാ സമിതി യോഗം യാത്രാ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പറവൂര്‍, എം മുഹമ്മദ് സ്വാദിഖ്, എസ്. ശറഫുദ്ധീന്‍, പി. യഅ്ഖൂബ് ഫൈസി, എം.എം ഇബ്രാഹിം, നാസര്‍ ചെറുവാടി, സലീം അണ്ടോണ സംബന്ധിച്ചു. ഇന്ന് (ശനി) വൈകു. 3 മണിക്ക് സമസ്ത: ഇസ്‌ലാമിക് സെന്ററില്‍ ചേരുന്ന നവോത്ഥാന യാത്രാ ജില്ലാ കണ്‍വീനര്‍മാരുടെ യോഗത്തില്‍ വെച്ച് പദ്ധതികള്‍ സമ്പൂര്‍ണ്ണമായി കീഴ്ഘടകങ്ങള്‍ക്ക് നല്‍കും.
എസ് വൈ എസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
സമസ്ത : ഉലമാ കോണ്‍ഫറന്‍സ് നേതൃസംഗമം 27ന്
കോഴിക്കോട് : ഏപ്രില്‍ 27,28 തിയ്യതികളില്‍ കോട്ടക്കല്‍ വരക്കല്‍ മുല്ലക്കോയതങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത: ഉലമാ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടത്തുന്ന സംസ്ഥാനതല നേതൃസംഗമം 27ന് (ഞായര്‍) ഉച്ചക്ക് രണ്ടുമണിക്ക് സമസ്ത ഇസ്‌ലാമിക് സെന്ററില്‍ നടക്കും. കോണ്‍ഫറന്‍സും അനുബന്ധമായി സുന്നിസംഘകുടുംബം സംഘടിപ്പിക്കുന്ന നവോത്ഥാന യാത്ര, ആദര്‍ശസമ്മേളനം, നവോത്ഥാനനിധി തുടങ്ങിയവയും ആനുകാലിക വിഷയങ്ങളും സംഗമം ചര്‍ച്ച ചെയ്യും. മുശാവറ സാരഥികള്‍ക്കു പുറമെ എസ്.വൈ. എസ്, എസ്.എസ്.എഫ്, എസ്.ജെ.എം, എസ്.എം.എ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും സംബന്ധിക്കും. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍.എം. സ്വാദിഖ് സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.








