സുന്നികള്‍ ഐക്യപ്പെടണം: നയരേഖ
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍(കോട്ടക്കല്‍): സമസ്ത:ഉലമ കോണ്‍ഫറന്‍സ് സംഘടനയുടെ അടുത്ത പത്തു വര്‍ഷത്തേക്കുള്ള നയസമീപന രേഖ അവതരിപ്പിച്ചു. നവോത്ഥാന സംരംഭങ്ങള്‍ക്ക് പുറമെ സമുദായത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാടുകളടങ്ങിയ സമീപന രേഖ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് അവതരിപ്പിച്ചത്. സുന്നികള്‍ ഐക്യപ്പെടണമെന്ന സമസ്തയുടെ നിലപാടില്‍ ഉറച്ച് നിന്നു കൊണ്ട് സുന്നികള്‍ക്കിടയിലെ ഐക്യത്തിനും മുസ്‌ലിം സമുദായത്തിന്റെ മുന്നേറ്റത്തിനും ശ്രമിക്കണമെന്നതും ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ നേതൃത്വം നല്‍കുമെന്നുമുള്ള നിര്‍ദേശങ്ങള്‍ സമീപന രേഖയിലെ പ്രധാന നിര്‍ദേശങ്ങളാണ്. ഖാളി, ഖതീബ്, മുദര്‍രിസ്, മുതഅല്ലിം തസ്തികയിലുള്ള പണ്ഡിതരെ മുഴു സമയ പ്രബോധരാക്കുന്നതിന് പരിശീലനം നല്‍കുമെന്നും അതിനായി പ്രായോഗിക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നുമുള്ളതും മതപരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി ചെറുക്കണമെന്നുമുള്ള നിര്‍ദേശവും ശ്രദ്ധേയമാണ്.കേരളത്തില്‍ ഏകീകൃത മഹല്ല്് സംവിധാനം നടപ്പില്‍ വരുത്താന്‍ നേതൃത്വം നല്‍കുക, പ്രബോധകരായ പണ്ഡിതന്‍മാര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പെന്‍ഷന്‍ നടപ്പാക്കുക, മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനം സമയബന്ധിതമായി യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങളും സമീപനരേഖയിലൂടെ അവതരിപ്പിച്ചു. മുസ്‌ലിം സമുദായത്തില്‍ രാഷ്ട്രീയബോധം വളര്‍ത്തുകയും ധര്‍മാധിഷ്ഠിതമായി രാഷ്ട്രീയം സമുദായത്തിന് ഉപയോഗപ്പെടുത്തുന്നതിനു വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്യണമെന്നും തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും മതരാഷ്ട്ര വാദത്തില്‍ നിന്നും മുസ്‌ലിം സമുദായത്തെ അകറ്റുന്നതിന് പരിശ്രമിക്കണമെന്നുമുള്ള നിര്‍ദേശം ഏറെ പ്രശംസിക്കപ്പെടുന്നതായി. ഇസ്‌ലാമിക ദഅ്‌വാരംഗം കാലോചിതമായി പരിഷ്‌കരിക്കുക, സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ വിപുലവും വ്യവസ്ഥാപിതവുമാക്കുക, ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ ആരംഭിക്കുക, സകാത് സംവിധാനം കാര്യക്ഷമമാക്കുക, ശരീഅത്ത് പഠനത്തിന് മാഗസിന്‍ പ്രസിദ്ധീകരിക്കുക എന്ന നിര്‍ദേശങ്ങള്‍ സംഘടനയുടെ ദീര്‍ഘവീക്ഷണത്തിന്റെ തെളിവാണ്. സ്ത്രീസമൂഹത്തെ ചൂഷണത്തില്‍ നിന്നും രക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന നയസമീപന രേഖയിലെ പ്രഖ്യാപനം സമസ്തയുടെ സാമൂഹിക ഇടപെടലുകള്‍ വ്യക്തമാക്കുന്നതായി. പുരാതനവും ആധുനികവുമായ ഇസ്‌ലാമിക ഗ്രന്ഥങ്ങളും പഠനങ്ങളും ശേഖരിച്ച് പ്രസിദ്ധീകരിക്കാനും കോഴിക്കോട് ആസ്ഥാനമായി ഇസ്‌ലാമിക് മ്യൂസിയം സ്ഥാപിക്കാനുമുള്ള തീരുമാനം വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ സംഘടനയുടെ കാഴ്ച്ചപ്പാടിന്റെ പ്രതിഫനമാണ്. പ്രസ്ഥാനത്തിന് ഓരോ വര്‍ഷവും പൊതുബജറ്റ് അവതരിപ്പിക്കാനുള്ള തീരുമാനം നേതൃത്വം പുലര്‍ത്തുന്ന സുതാര്യതയുടെ തെളിവാണ്. വിദ്യാര്‍ത്ഥികളില്‍ പ്രതികരണശേഷിയും കര്‍മോല്‍സുകതയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്താനുള്ള ഇടപെടലുകള്‍ നടത്തുമെന്ന പ്രഖ്യാപനവും നയസമീപനരേഖയിലെ പ്രധാനപ്പെട്ട നിര്‍ദേശമാണ്.










