ചില്ലറ വേണ്ട
കോഴിക്കോട്: നാലണകൊണ്ട് നാലുനേരം വിശപ്പടക്കാനാകുമായിരുന്ന കാലം പോലെ 25 പൈസയും ഓര്‍മയില്‍ മറഞ്ഞു.
വിനിമയരംഗത്ത് ജൂണ്‍ 30 മുതല്‍ 25 പൈസ ഉപയോഗിക്കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് തിരുമാനിക്കുകയായിരുന്നു. 25 പൈസ നാണയങ്ങള്‍ കൈവശമുള്ളവര്‍ ബുധനാഴ്ച ബാങ്കുകളിലെത്തി നാണയങ്ങള്‍ കൈമാറി. ഉപയോഗത്തില്‍നിന്ന് ഏറെക്കുറേ അപ്രത്യക്ഷമായ അഞ്ച്, പത്ത്, ഇരുപത് പൈസകളും ബാങ്കില്‍ സ്വീകരിച്ചു. ഒരു രൂപയില്‍ കുറഞ്ഞ് ഇനി ശേഷിക്കുന്നത് 50 പൈസ മാത്രം.
കാലുറുപ്പികയുടെ കാലം കഴിയുന്നതറിഞ്ഞ് അത് കൈയൊഴിയാന്‍ ബാങ്കുകളില്‍ ഏറെപ്പേരെത്തി. പ്രധാന ബാങ്കുകളില്‍ ആയിരക്കണക്കിന് നാണയങ്ങളാണ് ബുധനാഴ്ചവരെ എത്തിയത്. ക്ഷേത്രഭണ്ഡാരങ്ങളില്‍നിന്നും നേര്‍ച്ചപ്പെട്ടികളില്‍നിന്നും ഭിക്ഷക്കാരില്‍നിന്നും ബസ് ഉടമകളില്‍നിന്നുമാണ് നാണയങ്ങള്‍ ഏറെയുമെത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാത്രമാണ് നാണയങ്ങള്‍ സ്വീകരിക്കുന്നതെന്ന് പലരും തെറ്റിദ്ധരിച്ചതിനെത്തുടര്‍ന്ന് ഇതിന്റെ ശാഖകളിലായിരുന്നു വലിയ തിരക്ക്. എസ്.ബി.ഐ.യുടെ ചില ശാഖകളില്‍ മാത്രം അമ്പതിനായിരത്തിന് മുകളില്‍ മൂല്യമുള്ള നാണയങ്ങള്‍ സ്വീകരിച്ചു.
25 പൈസ നിര്‍മിക്കുന്നതിനുള്ള ലോഹത്തിന്റെ വില അതിന്റെ മൂല്യത്തേക്കാള്‍ കൂടിയതിനെത്തുടര്‍ന്ന് റിസര്‍വ് ബാങ്ക് നാണയം അടിച്ചിറക്കുന്നത് 2002-ല്‍ത്തന്നെ നിര്‍ത്തിയിരുന്നു.
പുതിയകാലം പുറത്താക്കിയെങ്കിലും ഈ പൈസകള്‍ക്കെല്ലാം ഗതകാലസ്മരണകളുടെ വിലയിടാനാവാത്ത മൂല്യമുണ്ട്. ഇന്ത്യയിലെ ഖനിത്തൊളിലാളികള്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍പ്പോലും നാലണ കൂലി വാങ്ങിയിട്ടുണ്ട്. ചെവിക്കുടയില്‍ തിരുകിയ നാലണയുമായി നാട്ടുകവലകളിലേക്ക് നടക്കുന്നവര്‍ എന്നേ ഓര്‍മയായിക്കഴിഞ്ഞു.
പഴയ നാണയങ്ങള്‍ക്ക് നാണയസൂക്ഷിപ്പുകാര്‍ക്കിടയിലും പുരാവസ്തുക്കമ്പോളത്തിലും ഉയര്‍ന്ന മൂല്യമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ നാണയങ്ങളും നോട്ടുകളും മാത്രമല്ല കാശും അണയും ഓട്ടക്കാലണയും വിപണിയിലെ മുന്തിയ മൂല്യക്കാരാണ്. അഞ്ച്, പത്ത്, ഇരുപത് പൈസകള്‍ക്ക് പോലും ആവശ്യക്കാരുണ്ട്. ഇനി കാലം ചെല്ലുമ്പോള്‍ ഈ ഗണത്തിലേക്ക് ഇരുപത്തഞ്ച് പൈസകൂടി കടന്നുചെല്ലും










