Archive for August, 2011

ഈദ് സന്ദേശം

Posted by statesys On August - 30 - 2011 ADD COMMENTS

സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍

കോഴിക്കോട് : ഇസ്‌ലാമിലെ ആഘോഷം ആരാധനയാണ്. പരസ്പരം സ്‌നേഹവും സന്തോഷവും പങ്കുവെച്ചും ഇല്ലാത്തവന് ദാനം നല്‍കിയും കുടുംബ, അയല്‍പക്ക സൗഹൃദം കൂടുതല്‍ ദൃഡപ്പെടുത്തിയുമാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കേണ്ടതന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. പകല്‍ മുഴുവനും നോമ്പനുഷ്ടിച്ചും രാത്രി നിസ്‌കരിച്ചും ഖുര്‍ആന്‍ പാരായണം നടത്തിയും വിശുദ്ധ റമളാനിനെ ധന്യമാക്കിയ വിശ്വാസികള്‍ക്ക് അല്ലാഹു അനുഗ്രഹിച്ചു നല്‍കിയ ആഘോഷമാണ് ഈദുല്‍ഫിത്വര്‍. റമളാനില്‍ നേടിയെടുത്ത ആത്മീയ വിശുദ്ധി ആഘോഷത്തിന്റെ പേരില്‍ കളഞ്ഞ് കുളിക്കുന്നത് വിശ്വാസികള്‍ക്ക് യോജിച്ചതല്ല. വ്യക്തി ജീവിതത്തെ പരിശുദ്ധമാക്കുന്നതിന് കളമൊരുക്കിയ റമളാന്‍ വിടപറഞ്ഞെങ്കിലും നന്മകള്‍ നിറഞ്ഞ പെരുന്നാളോഘോഷത്തിലൂടെ നല്ല ജീവിതത്തിന് കൂടുതള്‍ അവസരമുണ്ടാകട്ടെ എന്നാശംസിക്കുന്നു.

കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍

കോഴിക്കോട് : വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയ ഊര്‍ജം സഹജീവികളോടും കൂടി പങ്കുവെക്കുമ്പോള്‍ മാത്രമേ റമളാന്‍ ഫലപ്രാപ്ര്‍ത്തിയിലെത്തുകയുള്ളൂവെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടിറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസിള്‍ക്ക് ആത്മീയ അച്ചടക്കം പോലെ പ്രധാനമാണ് ശാരീരികവും സാമ്പത്തികവുമായ അച്ചടക്കം. നിലനില്‍പ്പിന് അത്യന്താപേക്ഷിതമായത് മാത്രം എടുക്കുകയും മറ്റുള്ളതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുക എന്ന അച്ചടക്കമാണ് റമളാന്‍ വിശ്വാസികളെ പഠിപ്പിച്ചത.് വിഭവങ്ങളുടെ ദൗര്‍ലഭ്യതയും വിലക്കയറ്റവും രൂക്ഷമായികൊണ്ടിരിക്കുന്ന ഈ കാലത്ത് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മിതത്ത്വ ശീലത്തിന് വലിയ പ്രാധാന്യം ഉണ്ട്. ഉപഭോഗം അടിസ്ഥാന മാക്കിയുളള സാമ്പത്തിക ക്രമങ്ങള്‍ തകരുന്നതിന്റെയും നിലനില്‍പ്പിന്നായി പാട്‌പെടുന്നതിന്റെയും വാര്‍ത്തകള്‍ നാം കേട്ടുകൊണ്ടിരിക്കുകയാണ.് ഇതിന്ന് എതിരെ തിരസ്‌കാരത്തിന്റെ സമ്പത് ശാസ്ത്രം ഉയര്‍ത്തികൊണ്ട് വരാന്‍ വിശ്വാസികള്‍ ഉല്‍സാഹിക്കണം.
സഹജീവികളുടെ വിശപ്പും വേദനകളും മനസിലാക്കാന്‍ ഓരോ വിശ്വാസിയെയും പാകപ്പെടുത്തുക വഴി അന്യരുടെ വിശപ്പും വേദനകളും മാറ്റാന്‍ ഒരോ വിശ്വാസിയെയും ഉത്തരവാദപ്പെടുത്തുകയും കൂടിയാണ് റമളാന്‍ ചെയ്തത്.
മുപ്പത് ദിവസത്തെ വ്രതം പൂര്‍ണമാകണമെങ്കില്‍ ദുര്‍ബലരെ ഭക്ഷിപ്പിക്കുക കൂടിവേണം ഈ പാഠമാണ് ഫിത്വറ് സകാത്ത് നല്‍കുന്നത്. ഇസ്‌ലാം പുലര്‍ത്തുന്ന നീതി ബോധത്തെയും ലോക വീക്ഷണത്തെയുമാണ് അത് പ്രതീകവല്‍കരിക്കുന്നത് അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥനകളെ മറ്റു മനുഷ്യര്‍ക്ക്ക്കൂടി ഉപകാരപ്പെടാന്‍ പാകത്തില്‍ പരിവര്‍ത്തിച്ച് എടുക്കാനാണ് ഇത് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്.
ഈ പാഠം ഉള്‍ക്കൊണ്ട് ഈദ് ആഘോഷിക്കാന്‍ സമൂഹം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍

കോഴിക്കോട് : കാലുഷ്യങ്ങളും മന:സംഘര്‍ഷങ്ങളും അധികരിച്ച ലോകത്ത് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ജീവിത സാഹചര്യം തീര്‍ത്ത വിശുദ്ധിയുടെ നാളുകള്‍ താല്‍ക്കാലികമായി വിടവാങ്ങി. വിശുദ്ധ റമളാനും വ്രതവും നല്‍കിയ ആത്മീയ പരിചരണത്തിന്റെയും പാകപ്പെടലിന്റെയും പരിരക്ഷക്ക് മുന്തിയ പരിഗണന നല്‍കി ശേഷകാലത്തും ജീവിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. സാന്ത്വനത്തിന്റെ സ്‌നേഹ സ്പര്‍ശങ്ങള്‍ കൊണ്ട് അര്‍ഹരായവര്‍ക്ക് സമ്മാനിക്കുന്നതിന് റമളാനിലെ റിലീഫ്, ദാന ധര്‍മ്മങ്ങള്‍ പ്രചോദനമായിരിക്കണം. സുകൃതങ്ങളുടെ വെള്ളിത്തേരിലേറി നന്മകളനുഷ്ടിച്ചും ആചരിച്ചും പെരുന്നാളിന്റെ പൊന്‍ പുലരിയിലെത്തിയ വിശ്വാസി ലോകത്തിനും സഹൃദയ സമൂഹത്തിനും സ്‌നേഹത്തില്‍ ചാലിച്ച ഒരായിരം പെരുന്നാള്‍ ആശംസകള്‍.

പേരോട് അബ്ദുറഹ്മാന്‍ സഖാഫി

കോഴിക്കോട് : വിശുദ്ധ റമളാന്‍ പകര്‍ന്നുതന്ന ആത്മീയോത്കര്‍ഷവും മാനുഷിക മൂല്യങ്ങളും കാത്തുസൂക്ഷിക്കാനും സമൂഹത്തിനു പകര്‍ന്നു നല്‍കാനും പ്രതിജ്ഞാബദ്ധരാവണമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഈദ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
സത്യം, നീതി, സഹജീവി സ്‌നേഹം, സഹിഷ്ണുത, സമത്വം, ലാളിത്യം തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ പകര്‍ത്തുക വഴി ജീവിതം ചിട്ടപ്പെടുത്താനുള്ള പരിശീലനക്കളരിയായിരുന്നു പിന്നിട്ട ഒരു മാസക്കാലം. വിശുദ്ധ രാപ്പകലുകളുടെ പവിത്രതയെ കളങ്കപ്പെടുത്തുന്ന തെറ്റായ പ്രവണതകള്‍ ഓരോ വര്‍ഷവും കുറഞ്ഞുവരുന്നുവെന്നത് ചാരിതാര്‍ഥ്യജനകമാണ്. വ്രതമാസത്തെ കര്‍മ്മങ്ങളാല്‍ ധന്യമാക്കിയവര്‍ ധന്യരാണ്. മുഴുവന്‍ സ്‌നേഹജനങ്ങള്‍ക്കും ഈദാശംസകള്‍ നേര്‍ന്നു.


അണ്ണ ഹസാരെ നിരാഹാരം അവസാനിപ്പിച്ചു

Posted by statesys On August - 29 - 2011 ADD COMMENTS

ന്യൂഡല്‍ഹി: ആര്‍ത്തിരമ്പുന്ന ജനസാഗരത്തെ സാക്ഷിനിര്‍ത്തി പതിമൂന്നു നാള്‍ നീണ്ട നിരാഹാരം അണ്ണ ഹസാരെ അവസാനിപ്പിച്ചു. അഴിമതി തടയുന്നതിന് പൗരസമൂഹപ്രതിനിധികള്‍ മുന്നോട്ടുവെച്ച മൂന്ന് പ്രധാനപ്പെട്ട വ്യവസ്ഥകളും പരിഗണിക്കാന്‍ പാര്‍ലമെന്റ് തയ്യാറായതോടെയാണ് ഉപവാസം നിര്‍ത്തിയത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുന്ദര്‍ നാഗ്രി ഗ്രാമത്തില്‍നിന്നുള്ള സിമ്രാന്‍, ഇഖ്‌റ എന്നീ കുട്ടികള്‍ നല്‍കിയ തേന്‍ ചേര്‍ത്ത ഇളനീര്‍ കുടിച്ചാണ് രാവിലെ 10.30ന് ഹസാരെ നിരാഹാരം അവസാനിപ്പിച്ചത്. നിരാഹാരം കഴിഞ്ഞെങ്കിലും ശക്തമായ അഴിമതി വിരുദ്ധനിയമം പാസ്സാക്കുംവരെ പോരാട്ടം തുടരുമെന്ന് ഹസാരെ പ്രഖ്യാപിച്ചു.

പുറത്തുനിന്ന് സമരം നടത്തി പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലില്‍ മാറ്റത്തിന് വഴിയൊരുക്കിയ ഐതിഹാസികസമരത്തിനാണ് ഞായറാഴ്ച തിരശ്ശീല വീണത്. 13 ദിവസങ്ങളായി 288 മണിക്കൂറാണ് ഹസാരെ ഉപവസിച്ചത്. നിരാഹാരത്തിന്റെ വിജയസമാപ്തിക്ക് സാക്ഷ്യംവഹിക്കാന്‍ പതിനായിരങ്ങള്‍ അതിരാവിലെ മുതല്‍ രാംലീലയിലെത്തി. ഡല്‍ഹിയിലെ തെരുവുകള്‍ ത്രിവര്‍ണപതാകകളില്‍ മുങ്ങി. മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, പുണെ, ജയ്പുര്‍, ചണ്ഡീഗഢ് തുടങ്ങിയ നഗരങ്ങളില്‍ ആബാലവൃദ്ധം ജനങ്ങള്‍ രാവിലെമുതല്‍ രാത്രിവരെ ഉപവാസവിജയം ആഘോഷമാക്കി.

പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും എം.പി.മാര്‍ക്കും വിവിധ രാഷ്ട്രീയകക്ഷികള്‍ക്കും സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ ജനങ്ങള്‍ക്കും ഹസാരെയും അരവിന്ദ് കെജ്‌രിവാളും നന്ദിപറഞ്ഞു. പ്രധാനമന്ത്രി മുന്‍കൈയെടുത്താണ് ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കത്തുന്ന വെയിലും കോരിച്ചൊരിയുന്ന മഴയും വകവെയ്ക്കാതെ അഴിമതിവിരുദ്ധസമരത്തില്‍ ആവേശത്തോടെ അണിനിരന്ന ജനങ്ങളാണ് ഉപവാസം വിജയിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ജനങ്ങളുടെ വിജയമാണെന്ന് വിശേഷിപ്പ ഹസാരെ ജനസഭ പാര്‍ലമെന്റിനേക്കാള്‍ വലുതാണെന്ന് അഭിപ്രായപ്പെട്ടു.

രാവിലെ പത്തരയ്ക്ക് നിരാഹാരം അവസാനിപ്പിച്ച ഹസാരെ പത്തുമിനിറ്റ് നീണ്ട പ്രസംഗത്തിനു ശേഷം ഗുഡ്ഗാവിലെ മെദാന്ത മെഡിസിറ്റി ആസ്​പത്രിയിലേക്ക് തിരിച്ചു. രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ പ്രണാമമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആരോഗ്യം മോശമായതിനാല്‍ സന്ദര്‍ശനം ഉപേക്ഷിച്ചു. ഉപവാസം മൂലം ഹസാരെയ്ക്ക് 7.5 കിലോ കുറഞ്ഞിട്ടുണ്ട്. 64.5 കിലോയാണ് ഇപ്പോഴത്തെ തൂക്കം. മൂന്നുദിവസം അദ്ദേഹം ആസ്​പത്രിയില്‍ കഴിയുമെന്ന് ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഡോ. നരേശ് ടെഹ്‌റാന്‍ പറഞ്ഞു.

അതേസമയം, ഉപവാസം അവസാനിപ്പിച്ചതിനെ കോണ്‍ഗ്രസും ബി.ജെ.പി.യും സ്വാഗതംചെയ്തു. ”ഇത് എല്ലാവരുടെയും വിജയമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രനിമിഷങ്ങള്‍ക്കാണ് നാം സാക്ഷ്യംവഹിച്ചത്” -കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. ആരെങ്കിലും ജയിച്ചോ തോറ്റോ എന്നതല്ല പ്രശ്‌നം. എല്ലാവരും അവസരത്തിനൊത്ത് ഉയര്‍ന്നതാണ് പ്രധാനം -സിങ്‌വി കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരന്റെ വിജയവും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പക്വതയുമാണ് നാം കണ്ടതെന്ന് ബി.ജെ.പി. വക്താവ് പ്രകാശ് ജാവ്‌ദേക്കര്‍ അഭിപ്രായപ്പെട്ടു. രാംലീലയില്‍ നടന്നത് ബഹുജന പ്രക്ഷോഭമാണെന്നും ഇടത്തരക്കാരുടെ മാത്രം സമരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെക്കണ്ട് പാര്‍ലമെന്റിന്റെ ലോക്പാല്‍ സമവായ നിര്‍ദേശം ചര്‍ച്ചചെയ്തു. വൈകിട്ട് ഹസാരെ അനുയായികള്‍ ആവേശത്തോടെ ഇന്ത്യാ ഗേറ്റിനുമുന്നിലൂടെ റാലി നടത്തി.


ആത്മാവിന്റെ ശുദ്ധീകരണം റംസാനിന്റെ സന്ദേശം – കാന്തപുരം

Posted by statesys On August - 27 - 2011 ADD COMMENTS

മലപ്പുറം: ആത്മാവിന്റെ ശുദ്ധീകരണമാണ് വിശുദ്ധ റംസാനിന്റെ ഏറ്റവും വലിയ സന്ദേശമെന്നും അതില്ലാത്ത ഏത് പുരോഗതിയും വ്യര്‍ത്ഥമാണെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന പ്രാര്‍ഥനാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആത്മാവിന്റെ വിശുദ്ധിക്കനുസരിച്ചാണ് മനുഷ്യന്റെ ഉയര്‍ച്ച താഴ്ചകള്‍. ആത്മീയ ചൈതന്യവും ധാര്‍മികതയും പുലര്‍ത്തുന്ന സമൂഹത്തില്‍ മാത്രമേ ശാന്തിയും സമാധാനവുമുണ്ടാകൂ. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഭദ്രതയ്ക്കും ഇത്തരമൊരു സമൂഹം ആവശ്യമാണ്. ഇതിന്റെ അഭാവത്തില്‍ ഏത് രാജ്യവും സമൂഹവും അരാജകത്വത്തിലേക്ക് നീങ്ങുമെന്നും കാന്തപുരം പറഞ്ഞു.

വിശുദ്ധ റംസാനിലെ 27-ാം രാവില്‍ ലോകതലത്തില്‍ തന്നെ ഏറ്റവും വലിയ വിശ്വാസി കൂട്ടായ്മയൊരുക്കുന്നതിന് വേദിയൊരുക്കുന്ന ഇന്ത്യയുടെ മത സൗഹാര്‍ദ്ദവും കെട്ടുറപ്പും തന്നെ വിസ്മയിപ്പിക്കുന്നതായി സമ്മേളനം ഉദ്ഘാടനം ചെയ്ത യു.എ.ഇ.യിലെ ശൈഖ് റാശിദ് അബ്ദുല്ല പറഞ്ഞു. ഈ ഐക്യത്തിന്റെയും പരസ്​പര ധാരണയുടെയും ആശയാടിത്തറയ്ക്ക് ശക്തി പകരുന്നതിന് മുസ്‌ലിം സമൂഹം സജീവമായ ഇടപെടലുകള്‍ തുടര്‍ന്നും നടത്തണം. വംശീയമായും മതപരമായുമൊക്കെയുള്ള പ്രശ്‌നങ്ങളില്‍ കുഴയുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ഈ വിജയം പാഠമാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതയ്‌ക്കെതിരെയും ലഹരി വിപത്തിനെതിരെയുമുള്ള ജനലക്ഷങ്ങളുടെ പ്രതിജ്ഞ പ്രാര്‍ഥനാ സമ്മേളനത്തിലെ മുഖ്യ ഇനമായിരുന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പാപമോചന പ്രാര്‍ഥനയ്ക്ക് മുമ്പുള്ള ഉദ്‌ബോധനം പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നിര്‍വഹിച്ചു.

‘കരുണയ്‌ക്കൊരു കാരണം’ സി.ഡി.യും ‘സ്‌നേഹസാഗരത്തോട്’ എന്ന പേരിലുള്ള ഖലീലുല്‍ ബുഖാരി തങ്ങളുടെ പ്രാര്‍ഥനാ സമ്മേളന സന്ദേശവും വേദിയില്‍ പുറത്തിറക്കി. എ.പി. അബ്ദുല്‍ കരീം ഹാജി ചാലിയം, മന്‍സൂര്‍ ഹാജി ചെന്നൈ എന്നിവര്‍ ഏറ്റുവാങ്ങി.

താജുല്‍ ഉലമ സയ്യിദ് അബിദുറഹിമാന്‍ അല്‍ ബുഖാരി,സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ വിവിധ ദുആകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് അഹ്മദ് കുഞ്ഞുട്ടി തങ്ങള്‍, പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, തരുവണ അബ്ദുല്ല മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങിയ പണ്ഡിതന്മാരുടെയും സാദാത്തുക്കളുടെയും വലിയൊരു നിരതന്നെ പ്രാര്‍ഥനാ സംഗമത്തിന് എത്തിയിരുന്നു.


ഐ.സി.എഫ് ജി.സി.സി. സംഗമം സപ്തംബര്‍ മൂന്നിന് കോഴിക്കോട്

Posted by statesys On August - 25 - 2011 ADD COMMENTS

കോഴിക്കോട്: ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ജി.സി.സി. രാഷ്ട്രങ്ങളിലെ കമ്മിറ്റി ഭാരവാഹികള്‍ കോഴിക്കോട് ഒത്തുചേരുന്നു.
ഭാരിച്ച ജോലിത്തിരക്കുകള്‍ക്കിടയിലും പ്രവാസ ലോകത്ത് സമൂഹത്തിന്റെ സാമൂഹിക സാംസാകാരിക അത്യുന്നതിക്ക് യത്‌നിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഐസി.എഫിന്റെ പ്രഥമ സംഗമമാണ് കോഴിക്കോട് നടക്കുന്നത്.

സപ്തംബര്‍ മൂന്നിന് വൈകിട്ട് മൂന്ന് മണിക്ക് സമസ്ത സെന്ററില്‍ ചേരുന്ന സംഗമം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹിമാന്‍ സഖാഫി തുടങ്ങിയ നേതാക്കള്‍ സംഗമത്തിന് നേതൃത്വം നല്‍കും.
വിവിധ ജി.സി.സി രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഐ.സി.എഫ് നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ഹബീബ് കോയ, സയ്യിദ് അബ്ദുല്ല കോയ, അബ്ദുറഹീം വണ്ടൂര്‍ (കെ.എസ്.എ) പി.വി. അബൂബക്കര്‍ മൗലവി, ഷരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം (യു.എ.ഇ) ബാവ ഹാജി തലക്കടത്തൂര്‍, സഈദലി സഖാഫി പടിഞ്ഞാറ്റുമുറി, മുഹമ്മദ് സഖാഫി പഴമള്ളൂര്‍ (ഖത്തര്‍) അബ്ദുല്‍ ലത്തീഫ് കൊയിലാണ്ടി (ഒമാന്‍)അബ്ദുല്‍ ഹകീം ദാരിമി, അബ്ദുല്ല വടകര, അലവി ഹാജി, അഡ്വ: തന്‍വീര്‍ (കുവൈത്ത്) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കും.
നാട്ടിലുള്ള മുഴുവന്‍ ഐ.സി.എഫ് പ്രവര്‍ത്തകരും സംഗമത്തില്‍ സംബന്ധിക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.


പൈശാചികതക്കെതിരെ മനസ്സിനെ സജ്ജരാക്കുക – റാശിദ് ബുഖാരി

Posted by statesys On August - 22 - 2011 ADD COMMENTS

ജിദ്ദ: മനുഷ്യരെ തിന്മയിലേക്ക് പ്രലോഭിപ്പിക്കുന്ന പൈശാചികതക്കെതിരെ കഠിന പ്രയത്‌നം നടത്തേണ്ടതുണ്ടെന്നും പിശാചിന്റെ സ്വാധീനത്തില്‍ പെട്ട് തെറ്റായ ജീവിതം നയിക്കുന്നവര്‍ വരാനിരിക്കുന്ന ദൈവശിക്ഷയെകുറിച്ച് ബോധവാന്മാരാവേണ്ടതുണ്ടെന്നും എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രസിഡണ്ടും കുറ്റിയാടി സിറാജുല്‍ഹുദാ ദഅ്‌വാ കോളേജ് പ്രിന്‍സിപ്പളുമായ റാശിദ് ബുഖാരി പറഞ്ഞു. ഐ.സി.എഫ് ശറഫിയ്യ മര്‍ഹബയില്‍ സംഘടിപ്പിച്ച സപ്തദിന റമളാന്‍ പ്രഭാഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രലോഭനങ്ങള്‍ പിശാചിന്റെ വേലയാണെന്ന് മനുഷ്യന്‍ തിരിച്ചറിയണം. അല്ലാഹുവിനെ മാത്രം ആരാധിച്ച് സല്‍കര്‍മ്മങ്ങളിലേര്‍പ്പെട്ടവര്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗം ഒരുക്കി വെച്ചിരിക്കുന്നു. മനുഷ്യരുടെ ശത്രുവായ പിശാച് മനഷ്യനെ നന്മയില്‍ നിന്നകറ്റി സ്വര്‍ഗ്ഗം നഷ്ടപ്പെടുത്തുകയാണ്. ഈ തിരിച്ചറിവ് നമ്മുടെ കര്‍മ്മങ്ങളില്‍ നാം ശ്രദ്ധിക്കണം. സൂക്ഷ്മതയുള്ളവര്‍ക്ക് മാത്രമേ പിശാചിന്റെ കെണിവലകളില്‍ നിന്ന് രക്ഷപ്പെടാനാവുകയുള്ളൂ. അതിന് കഠിന പ്രയത്‌നം ആവശ്യമാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. പ്രഭാഷണ പരമ്പരയില്‍ കൊട്ടൂക്കര മുഅ്‌യദ്ദീന്‍ സഅദി, മുസ്തഫ സഖാഫി തെന്നല, സിറാജുദ്ദീന്‍ സഖാഫി എറണാകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. നിയാസ് കായംകുളം സ്വാഗതവും ഉമൈര്‍ വയനാട് നന്ദിയും പറഞ്ഞു.


ബദ്ര്‍ സ്മൃതി വിശ്വാസി ഹൃദയങ്ങള്‍ക്ക് ചൈതന്യം നല്‍കും: തുറാബ് തങ്ങള്‍

Posted by statesys On August - 20 - 2011 ADD COMMENTS

ഖമീസ്മുഷൈത്ത്: ഐഹിക ചിന്തകള്‍ക്കപ്പുറം പരലോക സൗഭാഗ്യം ലക്ഷ്യം വെച്ച് പടക്കളത്തിലിറങ്ങിയ നിരായുധരായ ബദ്ര്‍ ശുഹദാക്കള്‍ ശത്രുവിനെതിരെ നേടിയ ചരിത്ര വിജയം മുസ്‌ലിം ലോകത്തിന് എന്നും ആവേശവും ചൈതന്യവും നല്‍കുമെന്ന് എസ്.എസ്.എഫ് ദേശീയ അദ്ധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് പറഞ്ഞു.
ആയുധവും ആള്‍ബലവുമല്ല വിജയത്തിന്റെ മാനദണ്ഡം, മറിച്ച് ദൈവസഹായമാണ് യഥാര്‍ത്ഥ വിജയത്തിന്റെ കാതല്‍. ഈമാനും ഇഖ്‌ലാസുമുണ്ടെങ്കില്‍ ദൈവസഹായം ലഭ്യമാകും. ബദ്ര്‍ നല്‍കുന്ന സന്ദേശം അതാണ്. തിരുനബിയുടെ നേതൃത്വവും എല്ലാം അല്ലാഹുവില്‍ സമര്‍പ്പിച്ച ആത്മാര്‍ത്ഥതയുള്ള അണികളുമാണ് ബദ്ര്‍വിജയത്തിന്റെ മുഖ്യസ്രോതസ്സ് .
ബദ്‌റും ബദ്‌രീങ്ങളും വിശ്വാസിഹൃദയങ്ങളെ എന്നും സജീവമാക്കും. ബദ്‌റിന്റെ ഓര്‍മ്മകള്‍ മുസ്‌ലിം ഉമ്മത്തിനെ കുളിരണിയിപ്പിക്കും. അവരോടുള്ള സ്‌നേഹം ഈമാനിന്റെ ലക്ഷണമാണ്- തങ്ങള്‍ പറഞ്ഞു. ഖമീസ്മുഷൈത്ത് ഐ.സി.എഫ്, ആര്‍.എസ്.സി. കമ്മറ്റികള്‍ സംയുക്തമായി നടത്തിയ ബദ്ര്‍ അനുസ്മരണ-ഇഫ്ത്താര്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐ.സി.എഫ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സുലൈമാന്‍ ഹസനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമം ആര്‍.എസ്.സി. നാഷണല്‍ ചെയര്‍മാന്‍ മഹ്മൂദ് സഖാഫി മാവൂര്‍ ഉത്ഘാടനം ചെയ്തു. ശൗക്കത്ത് അലി മുസ്‌ലിയാര്‍, യാസിര്‍ അറഫാത്ത്, ഉസ്മാന്‍ സഖാഫി, ഇബ്രാഹീം സഖാഫി എരുവാട്ടി എന്നിവര്‍ സംബന്ധിച്ചു.


കുവൈത്തില്‍ വിസ നിയമം ഭേദഗതി ചെയ്തു

Posted by statesys On August - 20 - 2011 ADD COMMENTS

കുവൈത്ത്: സര്‍ക്കാര്‍ കരാര്‍തൊഴിലാളികള്‍ക്ക് വിസമാറ്റം അനുവദിക്കുന്നതിന് തൊഴില്‍-സാമൂഹികമന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച സര്‍ക്കാര്‍വിജ്ഞാപനം ഉപപ്രധാനമന്ത്രിയും നിയമ തൊഴില്‍-സാമൂഹിക വകുപ്പുകളുടെ മന്ത്രിയുമായ ഡോ. മുഹമ്മദ് അല്‍-അഫാസി പുറപ്പെടുവിച്ചതായി തൊഴില്‍-സാമൂഹിക മന്ത്രാലയം തൊഴില്‍വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍-ദോസ്‌കരി അറിയിച്ചു.

അതേസമയം സന്ദര്‍ശനവിസ തൊഴില്‍വിസയിലേക്ക് മാറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. സപ്തംബര്‍ ഒന്നുമുതല്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍മന്ത്രാലയത്തിലെ ഉന്നതര്‍ വെളിപ്പെടുത്തിയിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല എന്ന് അല്‍-ദോസ്‌കരി വ്യക്തമാക്കി. ഇക്കാര്യം തൊഴില്‍വിഭാഗം ചര്‍ച്ചചെയ്തു വരികയാണെന്നും വിലക്കിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്ത
മാക്കി.

അതോടൊപ്പം വിദേശികളായ അധ്യാപികമാരുടെ ഭര്‍ത്താക്കന്മാര്‍ക്ക് വിസ അനുവദിക്കുന്നത് ഉടനെയുണ്ടാകും. ഭര്‍ത്താക്കന്മാര്‍ക്ക് ആശ്രിതവിസ നല്‍കിയശേഷം തൊഴില്‍വിസയിലേക്ക് മാറ്റുന്നതിന് അനുവദിക്കുമെന്നും ഇതു സംബന്ധിച്ച പഠനം കുടിയേറ്റവിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ജനറല്‍ അബ്ദുല്ല അല്‍-റഷീദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പരിഗണനയിലാണ്


ഹസാരെ ജയിലില്‍ നിരാഹാരം തുടരുന്നു

Posted by statesys On August - 17 - 2011 ADD COMMENTS

ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ഉപവാസത്തിനിറങ്ങി തിഹാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട അന്ന ഹസാരെ ജയിലിലും നിരാഹാരം തുടരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ ദേശവ്യാപകമായുള്ള പ്രക്ഷോഭത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മോചിപ്പിക്കാന്‍ തീരുമാനിച്ചുവെങ്കിലും ജയിലില്‍ നിന്നിറങ്ങാന്‍ ഹസാരെ വിസമ്മതിക്കുകയായിരുന്നു.ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ സമരത്തിന് അനുമതി നല്‍കിയാലേ ജയില്‍ വിടുകയുള്ളൂ എന്നാണ് ഹസാരെയുടെ നിലപാട്. തിഹാര്‍ ജയിലിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ ഒരു മുറിയിലാണ് ഹസാരെ രാത്രി താമസിച്ചത്. അനുയായി അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തൊടൊപ്പമുണ്ട്.

അത്യന്തം നാടകീയമായ നീക്കത്തിലൂടെ രാവിലെ അറസ്റ്റുചെയ്ത ഹസാരെയെ ചൊവ്വാഴ്ച വൈകീട്ടാണ് ഒരാഴ്ചത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേയ്ക്കയച്ചത്. ജയിലിലും നിരാഹാര സമരം തുടര്‍ന്ന ഹസാരെയ്ക്ക്് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തുടനീളം പതിനായിരങ്ങള്‍ തെരുവിലിറങ്ങിയതോടെ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായി. ഇന്ത്യഗേറ്റിന് സമീപവും തിഹാര്‍ ജയിലിന് പുറത്തും ആയിരങ്ങള്‍ മെഴുകുതിരികളും ദേശീയ പതാകകളുമായി മഴയെ അവഗണിച്ച് മുദ്രവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തി. ബുധനാഴ്ച പാര്‍ലമെന്റ് മാര്‍ച്ച് നടത്താനും ഹസാരെയുടെ അനുയായികള്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് രാത്രിയോടെ അദ്ദേഹത്തെ മോചിപ്പിക്കാന്‍ തീരുമാനം കൈക്കൊണ്ട സര്‍ക്കാര്‍ ഹസാരെയും മറ്റ് ഏഴുപേരേയും വിട്ടയക്കാനുള്ള നിര്‍ദേശം ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം മുറുകുന്നത് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്.

രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമാണിതെന്നും ഗാന്ധിജിയുടെ മാതൃക പിന്തുടര്‍ന്ന് രാജ്യത്തെ ജയിലുകള്‍ നിറയ്ക്കാന്‍ അഴിമതിക്കെതിരെ പൊരുതുന്ന ജനങ്ങള്‍ തയ്യാറാകണമെന്നും ഹസാരെ പറഞ്ഞു.

ഹസാരെയുടെ അറസ്റ്റ് വേദനാജനകമാണെങ്കിലും അദ്ദേഹം നിയമലംഘനത്തിന് മുതിര്‍ന്നതുകൊണ്ടാണ് ഈ നടപടി വേണ്ടിവന്നതെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു.

അന്ന ഹസാരെയും സംഘവും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും കോടതിയെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരം ആരംഭിക്കാനിരിക്കെയായിരുന്നു അറസ്റ്റ്. ഹസാരെയ്‌ക്കൊപ്പം ലോക്പാല്‍ ബില്ലിനുവേണ്ടി രംഗത്തെത്തിയ സാമൂഹികപ്രവര്‍ത്തകന്‍ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോഡിയ, ദര്‍ഷത്, നവീന്‍ ജയ്‌സിങ് രാധേശ്യം, ദാദാ ഫടാരെ, സുരേഷ് ഫടാരെ തുടങ്ങിയവരെയും തിഹാര്‍ ജയിലിലടച്ചു. മുന്‍ കേന്ദ്ര മന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തിഭൂഷണെയും മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥ കിരണ്‍ബേദിയെയും പോലീസ് കരുതല്‍കസ്റ്റഡിയിലുമെടുത്തു. ശാന്തിഭൂഷണെയും കിരണ്‍ബേദിയേയും പിന്നീട് വിട്ടയച്ചു.

ജനാധിപത്യത്തിന്റെ കൊലപാതകമാണ് സര്‍ക്കാര്‍ നടപടിയെന്ന് മുഖ്യപ്രതിപക്ഷകക്ഷിയായ ബി.ജെ.പി. കുറ്റപ്പെടുത്തി.

അടിയന്തരാവസ്ഥയെ ഓര്‍മപ്പെടുത്തുന്നതാണ് ഈ നടപടിയെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത് ചെയ്യുന്നതില്‍ അത്ഭുതമില്ലെന്നും മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി വിമര്‍ശിച്ചു. പാര്‍ലമെന്റില്‍ ഇതേക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് സംഭവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഇടതുപക്ഷം ആവശ്യപ്പെട്ടു.

ഹസാരെയുടെ അറസ്റ്റിനെത്തുടര്‍ന്ന് രാജ്യമെമ്പാടും പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് ഇതെങ്ങനെ നേരിടണമെന്ന് തിരുമാനമെടുക്കാന്‍ സര്‍ക്കാറും കോണ്‍ഗ്രസും ചൊവ്വാഴ്ച പലതവണ യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയസമിതിയോഗത്തിനു ശേഷം കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി രാഹുല്‍ഗാന്ധി, ആഭ്യന്തരമന്ത്രി പി. ചിദംബരം, ധനമന്ത്രി പ്രണബ് മുഖര്‍ജി, നഗരവികസനമന്ത്രി കമല്‍നാഥ് എന്നിവര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനൊപ്പം ഒരു മണിക്കൂറോളം ചര്‍ച്ചനടത്തി.


അന്ന ഹസാരെ അറസ്റ്റില്‍

Posted by statesys On August - 16 - 2011 ADD COMMENTS

ന്യൂഡല്‍ഹി: നിരോധനാജ്ഞ ലംഘിച്ച് നിരാഹാര സമരത്തിനൊരുങ്ങിയ പ്രമുഖ ഗാന്ധിയന്‍ അന്ന ഹസാരെയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ നിരാഹാരം രാവിലെ തുടങ്ങാനിരിക്കെയാണ് ഹസാരെയെ മയൂര്‍ വിഹാറിലുള്ള താമസസ്ഥലത്തെത്തി രാവിലെ 7.30 ഓടെ അറസ്റ്റ് ചെയ്തത്. ഹസാരെയ്‌ക്കൊപ്പം സമരരംഗത്തുള്ള പ്രമുഖ അഭിഭാഷകന്‍ ശാന്തിഭൂഷന്‍, അരവിന്ദ് കജ്രിവാള്‍, കിരണ്‍ ബേദി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഡ്വ.പ്രശാന്ത് ഭൂഷന്റെ വസതിയിലാണ് രണ്ട് ദിവസമായി ഹസാരെ താമസിക്കുന്നത്. ഇവിടെ വെച്ചായിരുന്നു അറസ്റ്റ്. നിരോധനാജ്ഞ ലംഘിച്ച് നിരാഹാരം നടത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും അതിന് മുമ്പേ വീട്ടിലെത്തി ഹസാരെയെ അറസ്റ്റ് ചെയ്തത് അപ്രതീക്ഷ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.

മയൂര്‍ വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം ഡല്‍ഹിയ്ക്ക് പുറത്തേക്ക് അദ്ദേഹത്തെ കൊണ്ടുപോകുകയാണ് ഉദ്ദേശമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും അറസ്റ്റിനെ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അഴിമതിക്കെതിരായ ജനലോക്പാല്‍ ബില്ലിനായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച്ച മുതല്‍ ഹസാരെയും അനുയായികളും നിരാഹാരം പ്രഖ്യാപിച്ചത്.

തന്നെ അറസ്റ്റു ചെയ്താന്‍ ജയിലിലും നിരാഹാര സമരം തുടരുമെന്നും താന്‍ അറസ്റ്റിലായാല്‍ തന്റെ അനുയായികള്‍ രാജ്യത്തെ ജയിലുകള്‍ നിറയ്ക്കുമെന്നും ഹസാരെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ലോക്പാല്‍ ബില്ലിന്റെ കരടില്‍ വിശ്വാസമില്ലെന്നും മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടമാണ് താന്‍ തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

തുടര്‍ന്നാണ് ഡല്‍ഹി ഭരണകൂടം ജെ.പി.പാര്‍ക്ക് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അറസ്റ്റിനെ തുടര്‍ന്ന് നൂറുകണക്കിന് ജനങ്ങള്‍ മയൂര്‍വിഹാറിലെ ഫ്ലാറ്റ് പരിസരത്ത് തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി. ഇത് ഗതാഗത തടസ്സം സൃഷ്ടിച്ചു. രാജ്യത്തെ മറ്റൊരു അടിയന്തരാവസ്ഥയിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപോകുന്നതെന്നും ഇതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും കിരണ്‍ ബേദി അറസ്റ്റിനിടെ പ്രതികരിച്ചു. അറസ്റ്റിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹ്യസംഘടനകളും രംഗത്തുവന്നിട്ടുണ്ട്


പ്രാര്‍ത്ഥനയും സേവനവും ജീവിത ലക്ഷ്യമാക്കുക:സി മുഹമ്മദ് ഫൈസി

Posted by statesys On August - 16 - 2011 ADD COMMENTS

ദുബായ്: അസ്വസ്ഥതകള്‍ മാത്രം സമ്മാനിക്കുന്ന ചലനങ്ങളെല്ലാം അപകടമാണെന്ന് ഉദ്‌ബോധിപ്പിക്കുന്ന മത ദര്‍ശനങ്ങള്‍ നെഞ്ചിലേറ്റാന്‍ വിശ്വാസികള്‍ കൂടുതല്‍ ആര്‍ജവം കാണിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച വേദിയില്‍ ഖുര്‍ആന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

താത്കാലിക സുഖത്തിനു വേണ്ടി അന്യായമായി പണം വാരിക്കൂട്ടുന്നതും അധര്‍മത്തിനു കൂട്ടുനില്‍ക്കുന്നതും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതുമെല്ലാം ഇപ്പോള്‍ വ്യാപകമായി വന്നിരിക്കുന്നു. സമ്പന്ന രാഷ്ട്രങ്ങളിലും ദരിദ്ര രാഷ്ട്രങ്ങളിലും ഭൗതികതയുടെ ഇടിമുഴക്കങ്ങള്‍ കരുത്താര്‍ജിക്കുമ്പോള്‍ മത മൂല്യങ്ങള്‍ പുനഃസ്ഥാപിക്കാനും പരസ്പരമുള്ള സ്‌നേഹ ബഹുമാനങ്ങള്‍ വര്‍ധിപ്പിക്കാനും ഖുര്‍ആന്‍ നല്‍കിയ ആഹ്വാനം നാം നടപ്പിലാക്കണം.

ഖുര്‍ആന്റെ നിര്‍ദേശങ്ങള്‍ എല്ലാ കാലത്തും എല്ലാ ജനതക്കും വേണ്ടിയുള്ളതാണ്. മനുഷ്യര്‍ക്കും പ്രകൃതിയിലെ മറ്റെല്ലാജീവചാലങ്ങള്‍ക്കും നന്മ ചെയ്യാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ വന്നത്. വേദ ഗ്രന്ഥങ്ങളുടെ വരികള്‍ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കു വേണ്ടി വളച്ചൊടിക്കുന്നത് പാപമാണ്. മുന്‍ഗാമിയുടെ വഴിയില്‍ അണിചേരുമ്പോള്‍ സ്വാര്‍ഥതകള്‍ ഇല്ലാതെ, ഖുര്‍ആനിക വെളിച്ചത്തെ പ്രാപിക്കാന്‍ കഴിയും. മഹദ്‌വ്യക്തികളുടെ ജീവിതാനുഭവങ്ങള്‍ വായിച്ചും പഠിച്ചും സാധാരണക്കാര്‍ വളരണം. ഖുര്‍ആന്‍ കേവലം തത്വങ്ങളല്ല. സച്ചരിതരുടെ സന്തുഷ്ടമായ പര്യവസാനവും ധിക്കാരികളുടെ ഭക്തിപൂര്‍ണമായ സമാപനവും വരച്ചു കാണിക്കുന്നു.

പണമുള്ളവര്‍ അതുകൊണ്ട് നന്മ ചെയ്യണം. ജ്ഞാനവും കഴിവുമെല്ലാം നന്മയുടെ വാതിലുകളാക്കണം. വാക്കും പ്രവൃത്തിയും തിന്മയിലേക്കു പ്രേരിപ്പിക്കരുത്. സമ്പര്‍ക്കത്തിലും ഇടപെടലുകളിലും ഉണ്ടാകുന്ന വിദ്വേഷങ്ങള്‍ അനീതി ചെയ്യാന്‍ കാരണമാകരുതെന്ന ഖുര്‍ആന്റെ ഉപദേശം വ്രതശുദ്ധിയുടെ നാളുകളില്‍ നാം പ്രാവര്‍ത്തികമാക്കി പരിചയപ്പെട്ടാല്‍ ഭാവിയില്‍ അതൊരു നല്ല മാതൃകയായിത്തീരും. നമുക്കു നാം തന്നെ മോഡലാകാനുള്ള ഒരു സന്ദര്‍ഭമാണ് റംസാന്‍.

പ്രാര്‍ത്ഥനകളും സേവനങ്ങളും ഏറ്റവും വലിയ നന്മകളാണ്. രണ്ടു ലോകത്തും സ്വര്‍ഗം സൃഷ്ടിച്ചെടുക്കാന്‍ സമൃദ്ധമായ സന്ദര്‍ഭങ്ങള്‍ നമ്മെ മാടിവിളിക്കുമ്പോള്‍, ഖുര്‍ആന്‍ നമ്മുടെ മാര്‍ഗദര്‍ശിയായി മുന്നിലുള്ളപ്പോള്‍ മദ്യവും ആക്രമണങ്ങളും തികച്ചും അന്യായമായിത്തീരുമെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാം കമ്മിറ്റി മേധാവി ആരിഫ് ജല്‍ഫാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മര്‍കസ് പ്രസിഡന്റ് എ.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍, ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ.കെ.അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വി.എച്ച്.അലി ദാരിമി, അബ്ദുള്‍ അസീസ് സഖാഫി മമ്പാട്, ഡോ.എ.പി.അബ്ദുള്‍ ഹക്കീം അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.


 

Recent Comments

മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന പ്രവര്‍ത്തനകാലത്ത്തന്നെ ഇസ്‌ലാമിന്റെ സന്ദേശം മലയാളനാട്ടിലുമെത്തിയിട്ടുണ്ട്. മാലിക്ദീനാര്‍(റ) സംഘത്തിന്റെ ആഗമനത്തോടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും വ്യാപകവുമായി. പൂര്‍വ്വതലമുറയില്‍നിന്നും പകര്‍ന്നുകിട്ടിയതിനെ ഭാവിതലമുറക്കായി പകര്‍ന്നും കാത്തുവെച്ചുമാണ് ഓരോ തലമുറയും കടന്നുപോയത്. മുസ്‌ലിംകള്‍ എന്നും ഒരു വലിയ സമൂഹമായിരുന്നുവെന്നതിനാല്‍ തന്നെ ചില കാലങ്ങളില്‍ ആദര്‍ശ-ആചാര രംഗങ്ങളില്‍ ചില വ്യതിയാനങ്ങല്‍ പ്രകടമായിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. അത്തരം ഘട്ടങ്ങളിലെല്ലാം നവോത്ഥാന നായകത്വംവഹിച്ച ആത്മീയനേതൃത്വം രംഗത്തുവന്നിട്ടുണ്ട്. മലയാളി മുസ്‌ലിംചരിത്രത്തില്‍ ധാരാളം നവോത്ഥാനത്തുടിപ്പുകള്‍ കാണാനാവും. സയ്യിദുമാര്‍, പണ്ഡിതന്മാര്‍, സൂഫികള്‍ തുടങ്ങിയവര്‍ നല്‍കിയ നവോത്ഥാന നായകത്വത്തിന്റെ തണലിലാണ് മലയാളത്തിലെ മുസ്‌ലിംകള്‍ ആദര്‍ശപരിരക്ഷയും ആത്മീയവിശുദ്ധിയും സാധിച്ചത്. മഖ്ദൂമുമാരും ജിഫ്‌രിസാദാത്തുക്കളും കോഴിക്കോട് ഖാളിമാരും തുടങ്ങിയ കുടുംബങ്ങള്‍ മലയാളനാടിന് വെളിച്ചമേകിയ വിളക്കുമാടങ്ങളാണ്.More