എസ് വൈ എസ് ‘സാന്ത്വനം’ ജില്ലയില്‍ 110 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍
മലപ്പുറം: എസ് വൈ എസ് ‘സാന്ത്വന’ ത്തിന് കീഴില്‍ ജില്ലയില്‍ 110 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നു. പഞ്ചായത്ത് തലങ്ങളില്‍ രൂപീകൃതമായ സാന്ത്വനം സമിതിയുടെ മേല്‍ നോട്ടത്തിലാണ് ക്യാമ്പുകള്‍ നടക്കുക. 69 പഞ്ചായത്തുകളുടെ ക്യാമ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് താഴെക്കോട് ദാറുല്‍ ഫത്ഹില്‍ ക്യാമ്പിന് തുടക്കമാകും. അടുത്ത മാസം 20 നകം മുഴുവന്‍ കേന്ദ്രങ്ങളിലും ക്യാമ്പുകള്‍ നടക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, ലബോറട്ടറികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജനറല്‍ മെഡിസിന്‍, ദന്തം, നേത്രം തുടങ്ങി വിവിധ വിഭാഗങ്ങളിലായി പ്രാദേശിക പരിഗണ നോക്കിയാണ് ക്യാമ്പുകള്‍ സംവിധാനിച്ചിട്ടുള്ളത്. പ്രമുഖ ഡോക്ടര്‍മാരുടെ സേവനത്തോടൊപ്പം,ഇസിജി, എക്‌സെറെ, സ്‌കാനിംഗ്, വിവിധ ലാബ്‌ടെസ്റ്റുകള്‍ ക്യാമ്പില്‍ ലഭ്യമാകും. സൗജന്യ മരുന്നു വിതരണവും രക്തഗ്രൂപ്പ് നിര്‍ണയവും അനുബന്ധമായി ഉണ്ടാകും. തുടര്‍ ചികിത്സക്ക് നിര്‍ദ്ദേശിക്കുന്ന അര്‍ഹരായ നിര്‍ധന രോഗികളെ സംഘടന ഏറ്റെടുത്ത് മെഡിക്കല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. ഒരു വര്‍ഷത്തേക്ക് 3000 മുതല്‍ 10000 രൂപ വരെ വിലവരുന്ന മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണിത്.
മെഡിക്കല്‍ ക്യാമ്പൂകളുടെ മുന്നോടിയായി പ്രാദേശിക തലത്തില്‍ ‘സാന്ത്വന വിചാരം’ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സമഗ്ര ആരോഗ്യ, ആതുര ശുശ്രൂഷാ ബോധവത്കരണം ലക്ഷ്യം വെച്ച് ‘സാന്ത്വനം സദസ്സുകള്‍’ സംഘടിപ്പിക്കും. ഡോക്ടര്‍മാരുടെയും മെഡിക്കല്‍ രംഗത്തെ പ്രമുഖരുടെയും നേതൃത്വത്തില്‍ ജില്ലയില്‍ ആയിരത്തി ഇരുന്നൂറോളം സാന്ത്വന സദസ്സുളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. യൂണിറ്റ് കമ്മിറ്റികള്‍ക്കു കീഴില്‍ ആശുപത്രി, പരിസര ശുചീകരണം നടത്തുകയും വാട്ടര്‍ബെഡ്, സ്ട്രക്ചര്‍ തുടങ്ങിയ സംവിധാനങ്ങളൊരുക്കി നാടിന് സമര്‍പ്പിക്കുകയും ചെയ്യും. യൂണിറ്റ് ഘടകങ്ങളില്‍ അഞ്ചംഗ സാന്ത്വനം സമിതിയുടെ നേതൃത്വത്തില്‍ രോഗികളുടെ സര്‍വെയും ലഘുലേഖ വിതരണവും നടത്തും. 1200 യൂണിറ്റുകളിലായി ആറായിരത്തില്‍ പരം സന്നദ്ധ സേവകരാണ് ‘സാന്ത്വന’ ത്തിന് കീഴില്‍ ജീവകാരുണ്യ, ആതുര സേനവ ശുശ്രൂഷാ രംഗത്ത് കര്‍മ സജ്ജരായിട്ടുള്ളത്. ഇവര്‍ക്ക് വിവിധ ഘട്ടങ്ങളിലായി സമഗ്ര പരിശീലനം നല്‍കും. ജില്ലാ, മേഖല, പഞ്ചായത്ത്, യൂണിറ്റ് ഘടകങ്ങളില്‍ രുപീകൃതമായ സാന്ത്വനം സമിതികളുടെ കീഴിലാണ് തുടര്‍ പദ്ധതികള്‍ നടപ്പാക്കുക. വിവിധ മേഖലകളില്‍ സംസ്ഥാന വ്യാപകമായി സംഘടന നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഏകീകൃതവും പരിഷ്‌കൃതവുമായ രുപമാണ് സാന്ത്വനം.



