Archive for the ‘International’ Category

ഇസ്‌റാഈല്‍ നരഹത്യക്കെതിരെ ഇടപെടേണ്ട സമയം അതിക്രമിച്ചു: എസ് വൈ എസ്‌

Posted by statesys On July - 15 - 2014 ADD COMMENTS
കോഴിക്കോട്: ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന കൊടും നരഹത്യക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി ഇടപെടേണ്ട സമയം അതിക്രമിച്ചുവെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കുഞ്ഞുങ്ങളെയും, പ്രത്യേകിച്ച് അംഗവൈകല്യമുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ തിരഞ്ഞുപിടിച്ചു നടത്തുന്ന നരമേധത്തിന്നെതിരെ അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന നിസ്സംഗത ലജ്ജാകരമാണ്. അമ്പതിലധികം കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഗസ്സയില്‍ ഇസ്രയേല്‍ കൊന്നൊടുക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. മനുഷ്യ മനഃസാക്ഷിയെ പിടിച്ചുലച്ച ഈ പൈശാചിക വംശഹത്യ തുടരുമ്പോഴും ഐക്യരാഷ്ട്രസഭയടക്കമുള്ള സംവിധാനങ്ങള്‍ ചട്ടപ്പടി പത്രക്കുറിപ്പുകളെഴുതി സമയം കൊല്ലുകയാണ്. ഗസ്സയിലെ നാല് ലക്ഷത്തിലധികം സിവിലിയന്മാര്‍ ഭക്ഷണം കിട്ടാതെ നിലവിളിക്കുമ്പോള്‍ അവര്‍ക്ക് ഒരിറ്റു വെള്ളം നല്‍കാന്‍ പോലും ഐക്യരാഷ്ട്ര സഭക്ക് സംവിധാനമില്ലാത്തത് അത്ഭുതപ്പെടുത്തുന്നുണ്ട്. ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങള്‍ ഈ കൊടും ക്രൂരതക്കെതിരെ ശക്തമായി നിലപാടെടുക്കണം. ഗസ്സയിലെ പീഢിതര്‍ക്ക് വേണ്ടി ശബ്ദിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ലോകരാജ്യങ്ങളുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി അദ്ധ്യക്ഷതവഹിച്ചു.  വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എസ്.വൈ.എസ് റമളാന്‍ കാമ്പയിന് നാളെ തുടക്കം.

Posted by statesys On June - 21 - 2014 ADD COMMENTS

കോഴിക്കോട്: മനുഷ്യ സഞ്ചയത്തെ ഭൗതിക ആലസ്യത്തില്‍നിന്നും ആത്മീയതയുടെ അനുഭൂതിയിലേക്ക് വഴിനടത്തുന്നതിന് വേണ്ടി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സംവിധാനിച്ച റമളാന്‍ കാമ്പയിന് നാളെ തുടക്കമാവും.
ഖുര്‍ആന്‍ വിളിക്കുന്നു എന്ന ശീര്‍ഷകത്തില്‍ യൂണിറ്റ് മുതല്‍ സംസ്ഥാന ഘടകം വരെ നടപ്പിലാക്കുന്ന വൈവിദ്യമാര്‍ന്ന കര്‍മ്മപദ്ധതികളോടെയാണ് ഈ വര്‍ഷം വിശുദ്ധ റമളാനിന് സ്വാഗതമോതുന്നത്.  യൂണിറ്റുകളില്‍ നടക്കുന്ന മുന്നൊരുക്കം സംഗമങ്ങളിലൂടെ റമളാനിന്റെ വരവറിയിച്ച് വീടുകളും പള്ളികളും ഓഫീസുകളും സ്ഥാപനങ്ങളും ശുചീകരിച്ച് അലങ്കരിക്കും. മൂന്ന് ദിവസത്തെ പ്രഭാഷണവും സംഘടിപ്പിക്കും. സംസ്ഥാനകമ്മിറ്റി തയ്യാറാക്കി നല്‍കിയ ലഘുലേഖ ജനസമ്പര്‍ക്കത്തിന്റെ ഭാഗമായി യൂണിറ്റുകളില്‍ വിതരണം ചെയ്യും. ഫാമിലി സ്‌ക്കൂളിന്റെ ഭാഗമായി ഖുര്‍ആന്‍ പ്രഭാഷണങ്ങളും കുടുംബ ക്ലാസ്സുകളും സംഘടിപ്പിക്കും. യൂണിറ്റ് പരിധിയിലെ മഖ്ബറയില്‍ സമൂഹ സിയാറത്ത്, രോഗികള്‍ക്കുള്ള സാന്ത്വന സന്ദര്‍ശനം, ബദ്ര്‍ സ്മരണ, ഇഅ്തികാഫ് ജല്‍സ, ഖത്മുല്‍ ഖുര്‍ആന്‍, ഇഫ്ത്വാര്‍ എന്നിവയും കാമ്പയിനിന്റെ ഭാഗമായി യൂണിറ്റുകളില്‍ നടക്കും. വിശുദ്ധ റമളാനിന്റെ ആദ്യ പത്തില്‍ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി 60 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന റമളാന്‍ കിറ്റുകള്‍ വിതരണം ചെയ്യും. സര്‍ക്കിള്‍ ഘടകങ്ങളില്‍ തര്‍ബിയ്യത് ക്യാമ്പും 60-ാം വാര്‍ഷിക സന്നദ്ധ സേനാംഗങ്ങള്‍ക്കുള്ള പരിശീലനവും ഇഫ്ത്വാറും സംഘടിപ്പിക്കും. തീരദേശങ്ങളില്‍ പ്രാര്‍ത്ഥനാ സംഗമവും  അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുള്ള തസ്‌കിയതും ഇഫ്ത്വാറുമാണ് സോണ്‍ തലങ്ങളിലെ പ്രധാനപരിപാടി. വ്യാപാരികള്‍, ഉദ്യോഗസ്ഥര്‍, അഭ്യസ്ഥവിദ്യര്‍ എന്നിവരെ പങ്കെടുപ്പിച്ചുള്ള പഠനങ്ങളും ഇഫ്ത്വാറും ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കാമ്പയിനിന്റെ ഭാഗമായി നടക്കും.
നാളെ വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് സമസ്ത സെന്ററിലെ എക്‌സിക്ക്യൂട്ടിവ് ഹാളില്‍ നടക്കുന്ന റമളാന്‍ കാമ്പയിന്‍ ഉദ്ഘാടന സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖിയുടെ അദ്ധ്യക്ഷതയില്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കെകെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി,സിപി സൈതലവി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. http://www.syskerala.com/?attachment_id=2893

മഹാ ഗുരു കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

Posted by statesys On February - 1 - 2014 ADD COMMENTS

ആധുനിക കേരളത്തിലെ തലമുതിര്‍ന്ന മുസ്‌ലിം പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നതനായ നേതാവുമാണ് ഇന്നലെ നമ്മോടു വിടപറഞ്ഞ ഉള്ളാല്‍ സയ്യിദ് അബ്ദുറഹിമാന്‍ കുഞ്ഞിക്കോയ തങ്ങള്‍. നിര്‍ണായകമായ ചരിത്ര സന്ധികളില്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും നായകത്വം ഏറ്റെടുക്കുകയും ചെയ്ത ഒരു മഹാഗുരുവിന്റെ സാനിധ്യമാണ് തങ്ങളുടെ വേര്‍പ്പാടിലൂടെ ഉണ്ടായിരിക്കുന്നത്. അളന്നു തിട്ടപ്പെടുത്താവുന്നതോ, പകരം വെക്കാവുന്നതോ അല്ല ആ മഹാഗുരുവിന്റെ ജീവിതവും ആ ജീവിതം കേരളത്തിലെ മുസ്‌ലിംകള്‍ക്ക് നല്‍കിയ ദിശാബോധവും. ഓരോ ജനതക്കും അവരര്‍ഹിക്കുന്ന നേതാവിനെയായിരിക്കും കിട്ടുക എന്നാണല്ലോ പ്രവാചകര്‍(സ) പറഞ്ഞത്. ഉള്ളാള്‍ തങ്ങളില്ലായിരുന്നുവെങ്കില്‍ ആധുനിക കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രം മറ്റൊന്നാവുമായിരുന്നു എന്നതിന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സംഭവബഹുലമായ ഇടപെടലുകളും തന്നെ സാക്ഷി.
കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹിക ചരിത്രത്തില്‍ നിന്ന് തങ്ങളുടെ ജീവിതത്തെ മാറ്റി നിര്‍ത്താന്‍ കഴിയാത്തതിന് വേറെയും കാരണങ്ങളുണ്ട്. എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് യമനിലെ ഹളര്‍മൗത് എന്ന സ്ഥലത്ത് നിന്നും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലബാര്‍ തീരത്തെത്തിയ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖരിയുടെ കുടുംബത്തിലാണ് ഉള്ളാള്‍ തങ്ങളുടെയും ജനനം. ഒമ്പതാം നൂറ്റാണ്ടു മുതല്‍ മലബാര്‍ തീരത്തെ മുസ്‌ലിംകളുടെ ദൈനംദിന ജീവിതം ചിട്ടപ്പെടുത്തുന്നതിലും അവരെ ഒരു സമുദായമെന്ന നിലക്ക് വളര്‍ത്തി വലുതാക്കുന്നതിലും ബുഖാരി സദാത്തുക്കള്‍ വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ബുഖാരി സദാത്തുക്കളുടെ ചരിത്ര നിയോഗത്തിന്റെ ഭാഗദേയം ഏറ്റെടുത്തു നിര്‍വ്വഹിക്കാന്‍ ഭാഗ്യം ലഭിച്ചത് ഉള്ളാള്‍ തങ്ങള്‍ക്കായിരുന്നു.

നേതൃഗുണം കൊണ്ട് പണ്ട് മുതലേ അനുഗ്രഹീതമായിരുന്നു തങ്ങളുടെ കുടുംബം. അമ്മാവനായിരുന്ന ചങ്ങനാശേരിയിലെ ബിച്ചാന്‍ കുട്ടി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നേതൃപരമായ പങ്കു വഹിക്കുകയും ജയിലില്‍ അടക്കപ്പെടുകയും ചെയ്തു. സയ്യിദന്മാര്‍ക്ക് മുസ്‌ലിംകള്‍ക്കിടയിലുള്ള മതപരമായ സ്വാധീനത്തെ ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ മുസ്‌ലിം പക്ഷത്തെ സംഘടിപ്പിക്കുന്നതില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന കാലം കൂടിയായിരുന്നു അത്. തങ്ങള്‍ എന്ന പേര് പോലും ഉച്ചരിക്കാന്‍ അന്ന് ബ്രിട്ടീഷുകാര്‍ സമ്മതിചിരുന്നില്ലെന്ന് ചരിത്ര രേഖകളില്‍ കാണാം. ഇത്തരം കുടുംബപാരമ്പര്യങ്ങളില്‍ നിന്നും അതാതുകാലത്തെ സാമൂഹികാനുഭവങ്ങളോട് ബുഖാരി സദാത്തുക്കള്‍ സ്വീകരിച്ച സമീപനങ്ങളില്‍ നിന്നുമാണ് ഉള്ളാള്‍ തങ്ങളുടെയും നയനിലപാടുകള്‍ രൂപപ്പെട്ടുവന്നത്.

1956 – ലാണ് തങ്ങള്‍ സമസ്തയില്‍ അംഗമാവുന്നത്. തുടര്‍ന്നിങ്ങോട്ടു സമസ്തയുടെ ഓരോ അനക്കത്തിലും തങ്ങളുടെ പങ്കും പങ്കാളിത്തവും ഉണ്ടായിരുന്നു. സമസ്ത ഒരു വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ അതിന്റെ ചുമതല ഏല്‍പിച്ചത് ഉള്ളാള്‍ തങ്ങളെ ആയിരുന്നു. കേരളത്തിലെ മുസ്‌ലിംകളുടെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് ഇന്ന് കാണുന്ന അഭിമാനാര്‍ഹമായ നേട്ടത്തിന് പിന്നില്‍ ദശാബ്ദങ്ങള്‍ക്കു മുമ്പ് ഉള്ളാള്‍ തങ്ങളും സംഘവും നടത്തിയ ചടുലമായ പ്രവര്‍ത്തനങ്ങളും നയനിലപാടുകളും കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. സമസ്ത വിദ്യഭ്യാസ ബോര്‍ഡിനു വ്യവസ്ഥാപിതമായ രൂപം കൊണ്ട് വരുന്നതിലും മദ്രസ്സകളുടെ പ്രവര്‍ത്തനങ്ങളെ ആധുനിക വല്‍കരിക്കുന്നതിലും തങ്ങളുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന മൗലികമായ മാറ്റങ്ങളാണ്, പലരും സൂചിപ്പിക്കാറുള്ളതു പോലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ മുസ്‌ലിം സാമാന്യ ജനത്തിനു അഭിമാനിക്കാവുന്ന സാമൂഹിക പദവി നേടി തന്നത്.

ഞാനും തങ്ങളും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത് ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ തങ്ങള്‍ വൈസ് പ്രസിഡന്റ് ആയിരിക്കുന്ന കാലത്താണ് ഞാന്‍ ജോയിന്റ് സെക്ക്രട്ടറിയായി വരുന്നത്. അതോടെ തങ്ങളുമായി ദിനേനയെന്നോണം അടുത്തിടപഴകുകയും എന്റെ സമീപനങ്ങള്‍ രൂപീകരിക്കുന്നതില്‍ ആ സൗഹൃദം ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്തു. വെല്ലുവിളികളെ നേരിടാനുള്ള ആത്മവിശ്വാസവും ഊര്‍ജ്ജവും എനിക്ക് നല്‍കിയത് തങ്ങളായിരുന്നു. എ പി എന്നായിരുന്നു തങ്ങള്‍ എന്നെ സ്‌നേഹപൂര്‍വം വിളിച്ചിരുന്നത്. അനാരോഗ്യം കാരണമാണ് ഞാന്‍ എ പി യെ പോലെ ഓടി നടക്കാത്തത്, പക്ഷെ എ പിക്കുള്ള നിര്‍ദേശങ്ങളെല്ലാം ഞാനാണ് കൊടുക്കുന്നത് എന്ന് തങ്ങള്‍ തന്നെ പലപ്പോഴും പ്രസംഗത്തില്‍ പറയാറുണ്ടായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അക്കാലത്തെ പ്രസിഡന്റായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ യോഗത്തിനെത്താതിരിക്കുമ്പോഴൊക്കെയും നിര്‍ണായകമായ യോഗങ്ങളില്‍ അധ്യക്ഷം വഹിച്ചിരുന്നക് ഉസ്താദിന്റെ ശിഷ്യന്‍ കൂടിയായ തങ്ങളായിരുന്നു. കണ്ണിയത്ത് ഉസ്താദ് ഉണ്ടാകുമ്പോഴും പ്രാര്‍ത്ഥന ഉള്ളാള്‍ തങ്ങള്‍ നടത്തണം എന്നതായിരുന്നു നിലപാട്. കണ്ണിയത്തിനോട് ആലോചിക്കാതെ ഉള്ളാള്‍ തങ്ങള്‍ ഒരു നിലപാടും എടുക്കാറുണ്ടായിരുന്നില്ല. എസ് വൈ എസ്സിന്റെ എറണാകുളം സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് പലരും വിലക്കിയപ്പോള്‍ തന്റെ ഗുരുവും സമസ്തയുടെ പ്രസിഡന്റുമായ കണ്ണിയത്തിന്റെ വീട്ടില്‍ ചെന്ന് അഭിപ്രായം ചോദിക്കുകയും ഉസ്താദിന്റെ ആശീര്‍വാദവും വാങ്ങിയാണ് എറണാകുളത്തേക്കു വണ്ടി കയറിയതെന്നുമുള്ള കഥ തങ്ങള്‍ അഭിമാനപൂര്‍വം പറയാറുണ്ടായിരുന്നു. ആ അടുപ്പവും ഗുരുവിന്റെ പൊരുത്തവും അനുഗ്രവുമായിരുന്നു ഉള്ളാല്‍ തങ്ങളെ പിന്നീട് സമസ്തയുടെ പ്രസിഡന്റു സ്ഥാനത്ത് എത്തിച്ചത്.
സമസ്തയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിച്ചത് ഉള്ളാല്‍ തങ്ങള്‍ നേതൃത്വത്തില്‍ വന്നതോടെയാണ്. വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനവും ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചു. അര നൂറ്റാണ്ടു കാലത്തെ പൊതു ജീവിതത്തിനൊടുവില്‍ തങ്ങള്‍ യാത്രയാകുമ്പോള്‍ കേരളീയ മുസ്‌ലിംകള്‍ക്ക് നഷ്ടമാകുന്നത് ധിഷണ ശാലിയായ ഒരു പണ്ഡിതനെയാണ്, നേതാവിനെയാണ്, അസൂത്രകനെയാണ്, സഘാടകനെയാണ്. എനിക്കാകട്ടെ, പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങും തണലുമായി നിന്ന മഹാഗുരുവിനെയും.

”മുത്ത് നബി(സ്വ)വിളിക്കുന്നു” എസ് വൈ എസ് മീലാദ് സമ്മേളനം നഗരി ഒരുങ്ങുന്നു.

Posted by statesys On January - 11 - 2014 ADD COMMENTS

കോഴിക്കോട് : ജനുവരി 19 ഞായറാഴ്ച്ച കോഴിക്കോട് നടക്കുന്ന എസ് വൈ എസ് മീലാദ് സമ്മേളനത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി.
മുത്ത് നബി(സ്വ) വിളിക്കുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന സമ്മേളനം കടപ്പുറത്തെ വിശാലമായ നഗരിയിലാണ് വേദി ഒരുങ്ങുന്നത്.
സമസ്ത മുശാവറ അംഗങ്ങള്‍ക്കുപുറമെ സയ്യിദുമാരും പണ്ഡിതന്‍മാരും ഉമറാക്കളും സംബന്ധിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലെ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ബുര്‍ദയും ഉത്തരേന്ത്യന്‍ ഖവാലിയും നടക്കും.
സമ്മേളത്തിനെത്തുന്നവര്‍ക്ക് പരിപാടി വീക്ഷിക്കുന്നതിനും മഗ്‌രിബ് നിസ്‌കാരത്തിനുള്ള വിപുലമായ സൗകര്യം നഗരിയില്‍ സംവിധാനിക്കുന്നുണ്ട്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും ബോര്‍ഡുകളും ഇതിനകം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ഒരു മീലാദ് സംഗമത്തിന് ജനുവരി 19 ന്റെ സായം സന്ധ്യയില്‍ കോഴിക്കോട് കടപ്പുറം സാക്ഷിയാവും. ഇതു സംബന്ധമായി ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ സഖാഫി മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, ടി കെ അബ്ദുറഹ്മാന്‍ ബാഖവി, സയ്യിദ് മുഹമ്മദ് തുറാബ്, വി എം കോയമാസ്റ്റര്‍, വി പി ഗഫൂര്‍ ഹാജി, അബ്ദുല്‍ ലത്വീഫ് സഖാഫി, ബിച്ചു മാത്തോട്ടം, ബി പി സിദ്ദീഖ് ഹാജി, മുഹമ്മദലി സഖാഫി വെള്ളിയാട് തുടങ്ങിയവര്‍ സംബന്ധിച്ചു. റഹ്മതുല്ല സഖാഫി സ്വാഗതവും നന്ദിയും പറഞ്ഞു.

സ്‌കൂള്‍ കുട്ടികളുടെ യൂണിഫോം: സര്‍ക്കാര്‍ മാന്യമായ വസ്ത്രം നല്‍കണം. എസ്. വൈ. എസ്

Posted by statesys On December - 13 - 2013 ADD COMMENTS

കോഴിക്കോട്: ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സില്‍ പഠിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന യൂണിഫോം മാന്യമായതാവണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസ്സുകളിലെ ആണ്‍ കുട്ടികള്‍ക്ക് നിക്കറും ശര്‍ട്ടിനുമുള്ള തുണി നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവായത്. സംസ്‌കാര സമ്പന്നരെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളീയ സമൂഹത്തിന് അപമാനമാണ് പ്രസ്തുത വേശം. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പാന്റും ശര്‍ട്ടും ധരിക്കാന്‍ ആവശ്യമായ തുണി നല്‍കി കേരളീയന്റെ ഉദാത്ത സംസ്‌കാരം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സന്മനസ്സ് കാണിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് പൊന്മള അബദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷതവഹിച്ചു കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെകെ അഹമ്മദ് കുട്ടിമുസ്‌ലിയാര്‍, സയ്യിദ് ത്വാഹാ സഖാഫി, പേരോട് അബദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സിപി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, മുഹമ്മദ് പറവൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍,സുലൈമാന്‍ സഖാഫി മാളിയേക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണപ്പറമ്പില്‍ മദ്രസ കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.

Posted by statesys On November - 9 - 2013 Comments Off

കണ്ണൂര്‍: ഓണപ്പറമ്പില്‍ മദ്രസ കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഓണപ്പറമ്പ് നരിക്കോട് എറുന്തല പൊന്നന്‍ ഹൗസില്‍ മുഹമ്മദ്(60) അറസ്റ്റിലായത്. ഇയാള്‍ ചേളാരി വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകനും നരിക്കോട് ജുമാ മസ്ജിദിന്റെ റസീവറും ആണ്.

ഇയാളെ സംഭവ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നതായി പ്രദേശവാസികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. പോലീസ് സംശയിച്ചിരുന്ന അഞ്ച് പ്രതികളില്‍ ഒരാളാണ് ഇദ്ദേഹം. മദ്രസ ചെറുതായി തീവെച്ച് കുറ്റം സുന്നിപ്രവര്‍ത്തകരുടെ മേല്‍ ചുമത്താനായിരുന്നു ലക്ഷ്യമെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

എസ് വൈ എസ് റമളാന്‍ പ്രഭാഷണങ്ങള്‍ തുടങ്ങി

Posted by statesys On July - 13 - 2013 Comments Off

കോഴിക്കോട്: ‘ഖുര്‍ആന്‍ വിളിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം നടത്തിവരുന്ന റമളാന്‍ കാമ്പയിനിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണങ്ങള്‍ തുടങ്ങി.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രഭാഷണങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് കാഞ്ഞങ്ങാട് പ്രത്യേകം സംവിധാനിച്ച പന്തലില്‍ സമസ്ത കാസര്‍ക്കോട് ജില്ല സെക്രട്ടറി എപി അബ്ദുല്ല മുസ്‌ലിയാര്‍ മണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ‘ഖുര്‍ആന്‍ വിളിക്കുന്നു’ എന്ന വിഷയത്തില്‍ ഖുര്‍ആനിലെ മൂന്ന് അധ്യായങ്ങളെ ആസ്പദിച്ച് എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഫാറൂഖ് ബുഖാരി കൊല്ലം 13, 14, 15 തിയ്യതികളില്‍ പ്രഭാഷണം നടത്തും.
മലപ്പുറം ജില്ലയിലെ ചേളാരിയില്‍ അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വഹാബ് സഖാഫി മമ്പാട് പ്രഭാഷണത്തിന് നേതൃത്വം നല്‍കും. തിരൂരങ്ങാടി ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ ദ്വിദിന പ്രഭാഷണം സമസ്ത വൈസ് പ്രസിഡണ്ട് ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.ടി ത്വാഹിര്‍സഖാഫി പ്രഭാഷണം നടത്തും.
ജൂലൈ 20,21,22,23 തിയ്യതികളില്‍ താമരശ്ശേരിയിലും 28,29,30 തിയ്യതികളില്‍ കാസര്‍ഗോഡും ശാഫി സഖാഫി മുണ്ടമ്പ്രയും, 20,21ന് തിരൂരില്‍ അബ്ദുറഷീദ് സഖാഫി പത്തപിരിയവും,20,21,22,23,24 തിയ്യതികളില്‍ ഫറോക്കില്‍എ.പി മുഹമ്മദ് മുസ്‌ലിയാര്‍, ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരും, 23,24,25 തിയ്യതികളില്‍ തൃശൂര്‍ പാവറട്ടിയില്‍ റഹ്മതുല്ല സഖാഫി എളമരവും, 16,17,18 തിയ്യതികളില്‍ വില്യാപ്പള്ളിയില്‍ റഹ്മതുല്ല സഖാഫി എളമരവും, 16,17,18,20,21,22 തിയ്യതികളില്‍ കൊടുവള്ളിയില്‍ റഹ്മതുല്ല സഖാഫി എളമരം, ശാഫി സഖാഫി മുണ്ടമ്പ്ര, ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര എന്നിവരും പ്രഭാഷണം നടത്തും.
പ്രഭാഷണ പരിപാടികള്‍ക്ക് വന്‍ ഒരുക്കമാണ് അതത് ജില്ലാ ദഅവാ സമിതിക്കു കീഴില്‍ നടത്തിവരുന്നത്. ആയിരങ്ങള്‍ക്ക് ഇരുന്ന് ശ്രവിക്കാന്‍ പര്യാപ്തമായ ഓഡിറ്റോറിയങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

സൗദി ഐ.സി.എഫിന് പുതിയ നേതൃത്വം

Posted by statesys On July - 8 - 2013 Comments Off

സ്വന്തം ജനതയുടെ പുരോഗതിയും ക്ഷേമവും ലക്ഷ്യം വച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിഥാഖാത്ത് ഉള്‍പെടെയുള്ള നിയമങ്ങള്‍ക്കിടയില്‍ പ്രയാസമനുഭവിക്കുന്ന തൊഴിലാളികള്‍ക്കും നിയമ വിരുദ്ദര്‍ക്കും പരമാവധി വിട്ടു വീഴ്ചയും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ട് ഇളവുകാലം ദീര്‍ഘിപ്പിച്ച തിരു ഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രജാവ് മനുഷ്യ കാരുണ്യത്തിന്റെ ഉയര്‍ന്ന മാതൃകയാണെന്നും മനുഷ്യ ജീവനുകള്‍ക്ക് വില കല്പിക്കാത്ത കോര്‍പ്പറേറ്റ് ഭീമന്‍ മാരുടെയും സാമ്രാജ്യത്വ ശക്തികളുടെയും കളിപ്പാവകളായ ആധുനിക രാഷ്ട്ര്ത്തലവന്മാര്‍ അദ്ദേഹത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നും ഐ.സി.എഫ്. സൗദി നാഷണല്‍ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. രാജാവും സൗദി ഭരണകൂടവും കാട്ടുന്ന ഈ ഔദാര്യങ്ങളെ വിലമതിക്കാനും നന്ദിയും കടപ്പാടും പ്രകടിപ്പിക്കുവാനും പ്രവാസി സമൂഹം തയ്യാറാകണം. ഒപ്പംതന്നെ; നിസ്സംഗത കൈവെടിഞ്ഞ് പതവിയും രേഖകളും ശരിപ്പെടുത്തി ഈസുവര്‍ണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഐ.സി.എഫ്. ആഹ്വാനം ചെയ്തു.
ഐ.സി.എഫിന്റെ പുതിയ ദേശീയ കമ്മിറ്റി ഭാരവാഹികളായി സയ്യിദ് ഹബീബുല്‍ ബുഖാരി ജിദ്ദ(പ്രസിടന്റ്) അബുബകര്‍ അന്‍വരി റിയാദ് (ജനറല്‍ സെക്രട്ടറി) സയ്യിദ് ആറ്റക്കോയതങ്ങള്‍ ഖുബാര്‍(ട്രഷറര്‍) അബ്ദുറഹ്മാന്‍ സഖാഫി ദമ്മാം, അബ്ദുല്‍ഖാദിര്‍ ബാഖവി ബുറൈദ, അബ്ദുല്‍കരീം ഖാസിമി, അബ്ദുറഹീം പപ്പിനിശ്ശേരി (വൈസ് പ്രസിട്) ബഷീര്‍ എറണാകുളം ജിദ്ദ, ബശീര്‍ മാസ്റ്റര്‍ റിയാദ്, അബ്ദുസ്സലാം വടകര റിയാദ്, അബ്ദുല്‍ജലീല്‍ വെളിമുക്ക് മക്ക (സെക്രട്ടരിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നേരത്തെ നടന്ന വാര്‍ഷിക കൗണ്‍സിലില്‍പ്രസിട് സയ്യിദ് ഹബീബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചുസുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി തെന്നല അബൂ ഹനീഫല്‍ ഫൈസി ഉദ്ഘാടനം നിര്‍വ്വഹിച്ചു.അബുബക്കര്‍ അന്‍വരി വരവ് ചെലവ് കണക്കും; നിസാര്‍ കാട്ടില്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മുഹ്യുദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുറഹീം പപ്പിനിശ്ശേരി പ്രസംഗിച്ചു, അബുബക്കര്‍ അന്‍വരി സ്വാഗതവും ബഷീര്‍ എറണാകുളം നന്ദിയും പറഞ്ഞു.

കുടിവെള്ളമെത്തിച്ച് എസ് വൈ എസ് ജലദിന സന്ദേശം

Posted by statesys On March - 23 - 2013 Comments Off

കോഴിക്കോട് : മനുഷ്യരുടെയും ലോകത്തെ മറ്റ് ചേതന അചതേന വസ്തുക്കളുടെയും ജീവല്‍ പ്രധാനമായ വെള്ളം അമൂല്യമാണെന്ന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള സുന്നിയുവജനസംഘം ഇന്നലെ നടത്തിയ ബോധവല്‍ക്കരണം ശ്രദ്ധേയമായി.
ജുമുഅ നിസ്‌കാരനന്തരം പള്ളികളില്‍ നടന്ന പ്രഭാഷണങ്ങളും വൈകീട്ട് കവലകള്‍ കേന്ദ്രീകരിച്ച് വിതരണം ചെയ്ത ലഘുലേഖകളും വെള്ളമെന്ന അമൂല്യനിധി സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും പാഴാക്കുന്നതിന്റെ ഭവിഷ്യത്തുക്കളും സമൂഹത്തെ ബോധ്യപ്പെടുത്തി. എസ്.വൈ.എസ് ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി ലോകജല ദിനമായ ഇന്നലെ വെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി വെള്ളം എത്തിച്ചു കൊടുക്കുന്നതിന് തുടക്കം കുറിച്ചു. ഉപയോഗശൂന്യമായിക്കിടക്കുന്ന കിണറുകളും കുളങ്ങളും നീര്‍ത്തടങ്ങളും ഉപയോഗപ്രദമാക്കുന്നതിന് ശൂചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.
എസ്.വൈ.എസ് ആചരിച്ചു വരുന്ന ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി പൊതുവഴികളിലും സര്‍ക്കാര്‍ ആശുപത്രി, ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫിസുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലും കുടിവെള്ളത്തിന് സംവിധാനമൊരുക്കും.

എസ്.വൈ.എസ് ഹാജിമാര്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ചു, നവമ്പര്‍ ഒന്നിന് മടങ്ങും

Posted by statesys On October - 30 - 2012 Comments Off

മിന: ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് എസ് വൈ എസ് ഹജ്ജ് സെല്ലിനു കീഴില്‍ യാത്രതിരിച്ച മുഴുവന്‍ പേരും ഹജ്ജിന്റെ എല്ലാ കര്‍മ്മങ്ങളും പൂര്‍ത്തിയാക്കി താമസസ്ഥലത്തേക്ക് മടങ്ങി.
എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ 597 പേരാണ് ഈ വര്‍ഷം കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ഹജ്ജ് ഗ്രൂപ്പായ എസ് വൈ എസ് ഹജ്ജ് സെല്ലിനു കീഴില്‍ യാത്രയായത്. ഹജ്ജിന്റെ സുപ്രധാന കര്‍മ്മങ്ങളിലൊന്നായ ജംറകളിലെ കല്ലേറും മിനയിലെ രാത്രി താമസവും പൂര്‍ത്തിയാക്കിയാണ് ഹാജിമാര്‍ അസീസിയ്യക്കടുത്തുള്ള ശാറ ഹജ്ജിലെ താമസസ്ഥലത്തേക്ക് മടങ്ങിയത്.
ഇനിയുള്ള ദിവസങ്ങളില്‍ ഉംറയും വിദാഇന്റെ ത്വവാഫും ചെയ്തു നവമ്പര്‍ ഒന്ന്, രണ്ട് തിയ്യതികളിലായി മുഴുവന്‍ ഹാജിമാരും കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴി നാട്ടില്‍ തിരിച്ചെത്തും.

Samastha leaders

Recent Comments

1954 ഏപ്രില്‍ 25ന് സമസ്തയുടെ താനൂര്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന ശൈഖ് ആദംഹസ്രത്ത്(ന.മ) സമസ്തയുടെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരും പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരും അതിനെ ശക്തിയായി പിന്താങ്ങി ചര്‍ച്ച സജീവമാക്കി. ഒരു ബഹുജനസംഘം എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. Read More

Recent Posts