മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന പ്രവര്‍ത്തനകാലത്ത്തന്നെ ഇസ്‌ലാമിന്റെ സന്ദേശം മലയാളനാട്ടിലുമെത്തിയിട്ടുണ്ട്. മാലിക്ദീനാര്‍(റ) സംഘത്തിന്റെ ആഗമനത്തോടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും വ്യാപകവുമായി.
പൂര്‍വ്വതലമുറയില്‍നിന്നും പകര്‍ന്നുകിട്ടിയതിനെ ഭാവിതലമുറക്കായി പകര്‍ന്നും കാത്തുവെച്ചുമാണ് ഓരോ തലമുറയും കടന്നുപോയത്. മുസ്‌ലിംകള്‍ എന്നും ഒരു വലിയ സമൂഹമായിരുന്നുവെന്നതിനാല്‍ തന്നെ ചില കാലങ്ങളില്‍ ആദര്‍ശ-ആചാര രംഗങ്ങളില്‍ ചില വ്യതിയാനങ്ങല്‍ പ്രകടമായിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. അത്തരം ഘട്ടങ്ങളിലെല്ലാം നവോത്ഥാന നായകത്വംവഹിച്ച ആത്മീയനേതൃത്വം രംഗത്തുവന്നിട്ടുണ്ട്.
മലയാളി മുസ്‌ലിംചരിത്രത്തില്‍ ധാരാളം നവോത്ഥാനത്തുടിപ്പുകള്‍ കാണാനാവും. സയ്യിദുമാര്‍, പണ്ഡിതന്മാര്‍, സൂഫികള്‍ തുടങ്ങിയവര്‍ നല്‍കിയ നവോത്ഥാന നായകത്വത്തിന്റെ തണലിലാണ് മലയാളത്തിലെ മുസ്‌ലിംകള്‍ ആദര്‍ശപരിരക്ഷയും ആത്മീയവിശുദ്ധിയും സാധിച്ചത്. മഖ്ദൂമുമാരും ജിഫ്‌രിസാദാത്തുക്കളും കോഴിക്കോട് ഖാളിമാരും തുടങ്ങിയ കുടുംബങ്ങള്‍ മലയാളനാടിന് വെളിച്ചമേകിയ വിളക്കുമാടങ്ങളാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കേരളമുസ്‌ലിംകള്‍ക്കിടയില്‍ മതവ്യതിയാന പ്രചാരകര്‍ കൂടുതല്‍ കരുത്തോടെയും ഭൗതികസാഹചര്യങ്ങളുടെ പിന്തുണയോടെയും രംഗത്തുവരികയുണ്ടായി. തലമുറകള്‍ തമ്മില്‍ നിലനിന്ന ആദര്‍ശപ്പൊരുത്തവും ബന്ധവും അറുത്തുമാറ്റാനാണവര്‍ ശ്രമിച്ചത്. ആദര്‍ശസമൂഹത്തിന് മുമ്പില്‍ ഇതൊരു വെല്ലുവിളിയായിരുന്നു. തുടരാനനുവദിച്ചുകൂടാത്ത ഈ സാഹചര്യം പ്രതിരോധിക്കപ്പെടേണ്ടിവന്നു.
ആദര്‍ശബോധമുള്ളവരും സാമൂഹ്യപ്രതിബദ്ധതയുള്ളവരുമായ പണ്ഡിതരും സാദാത്തുക്കളും പൗരപ്രധാനികളും കൂടിയാലോചിച്ചു. അങ്ങനെയാണ് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ എന്ന ആശയം രൂപപ്പെടുന്നത്. 1925-ല്‍ കോഴിക്കോട് കുറ്റിച്ചിറ ജുമുഅത്തുപള്ളിയില്‍ നടന്ന ആലോചനാ സമ്മേളനത്തില്‍വെച്ച് പി.കെ മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ (ന.മ) പ്രസിഡന്റായി താല്‍ക്കാലിക കമ്മിറ്റിയുണ്ടാക്കി.
1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ സയ്യിദ് ഹാശിം ചെറിയകോയ തങ്ങള്‍ (കൊയിലാണ്ടി) അവര്‍കളുടെ അധ്യക്ഷതയില്‍ പണ്ഡിതസമ്മേളനം നടന്നു. സയ്യിദ് ബാഅലവി മുല്ലക്കോയ തങ്ങള്‍ എന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പ്രസിഡന്റും പി.വി അഹ്മദ് മുസ്‌ലിയാര്‍ സെക്രട്ടറിയുമായി സംഘടന പുനഃക്രമീകരിച്ചു. പൂര്‍വ്വസൂരികളുടെ മാതൃക സ്വീകരിച്ച് സംഘടനയെ പ്രബോധനത്തിന്റെയും നവോത്ഥാനത്തിന്റെയും ഉപാധിയാക്കി പണ്ഡിതര്‍ കര്‍മ്മരംഗത്തിറങ്ങി. ഇസ്‌ലാമിക വെളിച്ചം നിറംമങ്ങാതെ നിലനിര്‍ത്താനവര്‍ ത്യാഗംചെയ്തു.
ദീനീപ്രബോധനത്തിന്റെ ധ്വജമേന്തിയവര്‍ സാധ്യവും പ്രായോഗികവുമായ ഉപാധികളെല്ലാം ഉപയോഗപ്പെടുത്തി മുന്നേറി. പ്രതികൂലങ്ങളെ പ്രതിസന്ധിയായിക്കാണാതെ ആത്മാര്‍ത്ഥവും ധീരവുമായ ചുവടുവെയ്പുകള്‍ നടത്തി. സമ്മേളനങ്ങളും സംവാദങ്ങളും മഹാജനസഞ്ചയത്തെ ആദര്‍ശപ്രബുദ്ധരാക്കാന്‍ സഹായകമായി.
രൂപീകരണത്തിന്റെ തൊട്ടടുത്ത വര്‍ഷംതന്നെ താനൂരില്‍വെച്ച് വാര്‍ഷികസമ്മേളനം നടത്തി. തുടര്‍ന്ന് വ്യത്യസ്തകാലങ്ങളിലും സ്ഥലങ്ങളിലുമായി ഒട്ടേറെ സമ്മേളനങ്ങള്‍ നടന്നു. സമ്മേളനങ്ങളോരോന്നും സമസ്തയുടെ ലക്ഷ്യപൂര്‍ത്തിക്കായി പുതിയ ചുവടുകള്‍ വെച്ചുകൊണ്ടിരുന്നു. ഇസ്‌ലാമിന്റെ തെളിമയാര്‍ന്ന ആദര്‍ശം വിളംബരംചെയ്താണ് സമ്മേളനങ്ങളോരോന്നും സമാപിച്ചത്. സമസ്തയുടെ സാന്നിധ്യമാണ് ഒരു ആദര്‍ശസമൂഹത്തെ പരിപക്വമായി പരിരക്ഷിച്ച് ഇവിടെ നിലനിര്‍ത്തിയത്. എല്ലാക്കാലത്തെയും ഇസ്‌ലാമിക സമൂഹം പണ്ഡിതനേതൃത്വത്തില്‍ സുരക്ഷിതരായിരുന്നു.
പ്രബോധനത്തിന് വ്യാപകമായ സാധ്യതകള്‍ ആരായുകയും ആലോചിക്കുകയും നടപ്പിലാക്കുകയും ചെയ്തുകൊണ്ടിരുന്ന പണ്ഡിതസമൂഹം ഒരു ബഹുജന പ്രസ്ഥാനത്തെക്കുറിച്ച് തീരുമാനമെടുത്തു. 1954 ഏപ്രില്‍ 25ന് താനൂരില്‍ നടന്ന 20-ാം സമ്മേളനത്തില്‍ ശക്തിപ്പെട്ട ആശയം വൈകാതെ യാഥാര്‍ത്ഥ്യമായി.



