കുവൈറ്റ്: പ്രവാചക തിരുശേഷിപ്പുകളെ ആദരിക്കലും അതുവഴി പുണ്യം നേടലും വിശ്വാസിയുടെ അടയാളമാണെന്നും, പ്രവാചക സമകാലികരും, മുസ്‌ലിംകള്‍ അനുധാവനം ചെയ്യാന്‍ ഖുര്‍ആനിലൂടെ കല്‍പ്പിക്കപ്പെട്ടവരുമായ സ്വഹാബികളാണ് അതിന് ഉത്തമ മാതൃകയെന്നും എസ്.വൈ.എസ്. കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രസ്താവിച്ചു. ഐ.സി.എഫ്. കുവൈറ്റ് കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രവാചക തിരുകേശം, വസ്ത്രം, വിയര്‍പ്പ് എന്നിവ കൊണ്ട് പുണ്യവും രോഗശാന്തിയും തേടിയത് പ്ര ാമാണിക ഹദീസുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ടതാണ്. ആദരവിനെയും ആരാധനയെയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത, മത നവീകരണ വാദികള്‍ തങ്ങളുടെ വികല വിശ്വാസത്തിന്റെ ഭാഗമായി പ്രവാചക തിരുശേഷിപ്പുകളെ എന്നല്ല, ഇസ്‌ലാമിക നാഗരീക ചരിത്രാവശിഷ്ടങ്ങളെ വരെ തച്ചുടച്ച് അവരുടെ പുത്തന്‍ മതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതും ശ്രമിക്കുന്നതും മനസ്സിലാക്കാം. പക്ഷെ, ചിലര്‍ കേവലം തെറ്റിദ്ധാരണയുടെയോ വ്യക്തി വിരോധത്തിന്റെയോ പേരില്‍, ഈയിടെ കാരന്തൂര്‍ മര്‍ക്കസിനു ലഭിച്ച തിരുകേശത്തെ എതിര്‍ക്കുന്നത്, വിശ്വാസി സഹോദരങ്ങള്‍ എന്ന നിലയില്‍ വേദനിപ്പിക്കുന്ന സംഗതിയാണ്. തങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ വിശ്വസിക്കാതിരിക്കാം. പക്ഷെ, ലോകം അംഗീകരിക്കുന്ന വ്യക്തിത്വങ്ങള്‍ കൈമാറിയ തിരുകേശത്തെ എന്തടിസ്ഥാനത്തിലാണവര്‍ പരസ്യമായി കളവാക്കുന്നത്. കളവിനെ സ്ഥിരപ്പെടുത്താന്‍ വീണ്ടും വീണ്ടും വങ്കത്തങ്ങള്‍ എഴുന്നള്ളിച്ച് അപഹാസ്യരാവാന്‍ ഒരു പണ്ഡിത സഭയുടെ പേരില്‍ ഇവര്‍ക്കെങ്ങിനെ കഴിയുന്നു.
ഇനിയെങ്കിലും തെറ്റു മനസ്സിലാക്കാനും തങ്ങളുടെ ആദര്‍ശവിരുദ്ധ – സത്യവിരുദ്ധ പ്രചണങ്ങളില്‍ നന്ന് പിന്‍മാറാനും അവര്‍ തയ്യാറാവണമെന്നും അല്ലെങ്കില്‍, ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും തങ്ങളുടെ സഥാനമെന്നും അവര്‍ ഓര്‍ക്കണം.സുന്നി പ്രസ്ഥനത്തിന്റെ ചരിത്രവും വര്‍ത്തമാനവും പൊതുസമൂഹത്തിന്റെ മുന്നില്‍ തുറന്നുവെച്ച പുസ്തകമാണ്. അതില്‍ യാതൊരു വിധ ചൂഷണത്തിന്റെയും അധ്യായങ്ങളില്ല. പീഡനത്തിന്റെയും സഹനത്തിന്റെയും വേദനിപ്പിക്കുന്ന ചരിത്ര സത്യങ്ങളാണതില്‍, പേരോട് വ്യക്തമാക്കി. കാന്തപുരവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ആത്മീയ ചൂഷണം നടത്തുകയാണെന്ന് ആരോപിക്കുന്നവര്‍, കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലത്തെ, വിമര്‍ശകരുടെയും സ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളെ താരതമ്യ പഠനം നടത്താന്‍ തയ്യാറുണ്ടോ, സഖാഫി വെല്ലുവിളിച്ചു. എല്ലാ കുതന്ത്രങ്ങളെയും അതിജീവിച്ച് സുന്നി സമൂഹത്തിന്റെയും, അതുവഴി ഇന്ത്യാരാജ്യത്തിന്റെയും പുരോഗതിക്കായി സുന്നീ പ്രസ്ഥാനം, ബഹു. ഉള്ളാള്‍ തങ്ങളുടെയും കാന്തപുരത്തിന്റെയും അജയ്യ നേതത്വത്തിന്‍ കീഴില്‍മുന്നോട്ടു തന്നെ ഗമിക്കും- പേരോട് പറഞ്ഞു.
ഐ.സി.എഫ്. പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി അധ്യക്ഷത വഹിച്ച സമ്മേളനം എസ്.എസ്.എഫ്. തൃശൂര്‍ ജില്ലാപ്രസിഡണ്ട് തൊഴിയൂര്‍ കുഞ്ഞുമുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. അഹ്മദ് കെ. മാണിയൂര്‍, അബ്ദുല്ല വടകര, അബുമുഹമ്മദ്, സി കെനാസിര്‍, അലവി സഖാഫി തെഞ്ചേരി, സയ്യിദ് അബ്ദുല്ല ബുഖാരി തുടങ്ങിയവര്‍ സംബന്ധിച്ചു. ശുകൂര്‍ കൈപ്പുറം സ്വാഗതവും അഡ്വ. തന്‍വീര്‍ നന്ദിയും പറഞ്ഞു.
