മുദരിസ് സമ്മേളനം സമാപിച്ചു
കോഴിക്കോട് : സാമൂഹിക മാറ്റവും മതസൗഹാര്‍ദവും സംബന്ധിച്ച് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിത്യസ്ഥമായ കാഴ്ച്ചപ്പാട് കേരളത്തില്‍ രൂപപ്പെടുത്തി എടുക്കുന്നതില്‍ കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാരും പ്രസ്ഥാനങ്ങളും സ്ഥാപിച്ച പള്ളി ദര്‍സുകളും (മതപാഠശാല) പദ്ധതികളും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് സുന്നിജംഇയ്യത്തുല്‍ ഉലമാ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കാന്തപുരത്തിന്റെ കേരളയാത്രയോടനുബന്ധിച്ച് കോഴിക്കോട്ട് നടന്ന സംസ്ഥാന മുദരിസ് (മതാദ്ധ്യാപകന്‍) സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിവിധ മതസാമൂഹിക വിഭാഗങ്ങളുമായി മുസ്‌ലിം പണ്ഡിതന്മാരും പ്രബോധകരും നടത്തിയ സാംസ്‌കാരികവും വൈജ്ഞാനികവുമായി കൊടുക്കല്‍ വാങ്ങലുകളാണ് മുസ്‌ലിം നവോത്ഥാനത്തിന്റെ രൂപവും ഭാവവും ചിട്ടപ്പെടുത്തിയത്. കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ ചരിത്രം ചിലര്‍ ബ്രിട്ടീഷ് ചരിത്രകാരന്‍മാരുടെ ചുവട് പിടിച്ച് വികലമായി അവതരിപ്പിക്കുകയായിരുന്നു.
മലബാറിലെ പള്ളിദര്‍സുകളും (മതപാഠശാല) മതാദ്ധ്യാപകരും മലയാളികളുടെ മതേതര ചരിത്രം രൂപപ്പെടുത്തി എടുക്കുന്നതില്‍ വഹിച്ച നിര്‍ണയക പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സന്ദേശം സമൂഹത്തിലെത്തിക്കാന്‍ ഇത്തരം മതപാഠശാലകളുടെ നിലനില്‍പ്പ് നിര്‍ണ്ണായകമാണെന്ന് കാന്തപുരം പറഞ്ഞു.
മുഴുവന്‍ മഹല്ലുകളിലും എല്ലാ ജനങ്ങളെയും ഒന്നിച്ച് മുന്നോട്ടു കൊണ്ട് പോകാന്‍ മുദരിസുമാര്‍ക്ക് കഴിയുന്നുണ്ട്. മിതമായ ചെലവില്‍ ഈ മതപാഠശാലകളിലൂടെ സമൂഹത്തിന് വലിയ സംഭവനകളാണ് പള്ളി ദര്‍സുകള്‍ നല്‍കുന്നത്. നമ്മുടെ ഗ്രാമങ്ങള്‍ സഹിഷ്ണുതയുടെ നല്ല സന്ദേശങ്ങള്‍ നല്‍കുന്നതില്‍ മുദരിസുമാരും പള്ളി ദര്‍സുകളും വഹിക്കുന്ന പങ്ക് പ്രശംസനീയമാണ് കാന്തപുരം തുടര്‍ന്ന് പറഞ്ഞു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിഇരുന്നൂറോളം മുദരിസുമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (കര്‍മ്മശാസ്ത്രം), കോടമ്പുഴ ബാവ മുസ്‌ലിയാര്‍ (ഇസ്‌ലാമിക് ബാങ്കിംഗ്), മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ (ഇസ്‌ലാമിക് ബാങ്കിംഗ് ഇന്ത്യന്‍ സാഹചര്യത്തില്‍) പേരോട് അബ്ദുറഹ്മാന്‍ സഖാഫി (വിശ്വാസം) വിഷയങ്ങളവതരിപ്പിച്ചു. സമസ്ത: വൈസ് പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, എന്‍.ബാവ മുസ്‌ലിയാര്‍ വൈലത്തൂര്‍, സി. മുഹമ്മദ് ഫൈസി, ഡോ: ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എന്‍. അലി മുസ്‌ലിയാര്‍കുമരംപുത്തൂര്‍, പി.എ ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, ചര്‍ച്ചകള്‍ നിയന്ത്രിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ‘ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി എ.പി മുഹമ്മദ് മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.















