ഗവേഷകന്റെ അന്ത്യവിശ്രമം പുസ്തകശാലക്ക് സമീപം

മലപ്പുറം: താന്‍ ഏറ്റവും സ്‌നേഹിക്കുന്ന പുസ്തകങ്ങള്‍ സൂക്ഷിച്ച ഗ്രന്ഥാലയത്തിന് സമീപം നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ക്ക് അന്ത്യവിശ്രമം. അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് സ്വന്തം സ്ഥലത്ത് നിര്‍മിച്ച ഇസ്‌ലാമിക് റിസര്‍ച്ച് സെന്റര്‍ ആന്റ് മഖ്ദൂം ലൈബ്രറിക്ക് സമീപമാണ് അദ്ദേഹത്തിന്റെ ഖബറിടം സ്ഥിതിചെയ്യുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് തന്റെ ഏറെക്കാലത്തെ ആഗ്രഹമായ പുസ്തകശാല അദ്ദേഹം സഫലീകരിച്ചത്. പല മേഖലകളായി അദ്ദേഹമെഴുതിയ ഇരുപത്തഞ്ചോളം പുസ്തകങ്ങള്‍ക്ക് പുറമെ മറ്റുള്ളവര്‍ എഴുതിയ ശാസ്ത്ര സാങ്കേതിക പുസ്തകങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ലൈബ്രറി. നിസ്‌കാര ഹാളില്‍ തന്നെ ഷെല്‍ഫിലാണ് ഇവിടെ ഇത്രയധികം പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ആകര്‍ഷകമായ രീതിയില്‍ അടുക്കിവെച്ച പുസ്തകങ്ങളില്‍ അഞ്ഞൂറും അറുനൂറും പേജുകളുള്ളതും എട്ടും പത്തും വാള്യങ്ങളുമുള്ളതുമായ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പ്രത്യേകമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവിടെയെത്തുന്ന ആര്‍ക്കും ഏത് പുസ്തകവുമെടുത്ത് വായിക്കാം. ഉസ്താദ് നാട്ടിലുള്ള സമയത്താണെങ്കില്‍ ആര്‍ക്കും നേരിട്ട് ചെന്ന് സംശയം ചോദിക്കുകയുമാവാം. മഖ്ദൂം മസ്ജിദില്‍ നാട്ടുകാരായ വിദ്യാര്‍ഥികള്‍ക്ക് ഉസ്താദ് പ്രത്യേകം ക്‌ളാസ് നടത്താറുണ്ട്. പുസ്തകപ്പുരക്ക് സമീപം ഒന്നര വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് വേണ്ടി സ്വന്തം നിര്‍ദേശ പ്രകാരം ഖബറിടം ഒരുക്കിയത്. പുസ്തകപ്പുര യാഥാര്‍ഥ്യമായെങ്കിലും അത് കൂടുതല്‍ വിപുലീകരിക്കണമെന്ന് ഉസ്താദിന് ആഗ്രഹമുണ്ടായിരുന്നു. അത് അദ്ദേഹം പലരോടായി പങ്ക് വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ആഗ്രഹം പൂര്‍ത്തിയാകാതെ എഴുത്തുകാരന്‍ യാത്രയായി.



