Archive for the ‘sunnivoice online’ Category

ശൈഖ് ജീലാനി(റ)യുടെ ആത്മീയധാര

Posted by statesys On March - 24 - 2011 ADD COMMENTS


ജീവിത പരിസരത്തെ അരുതായ്മകളില്‍ നിന്നും സത്യവിശ്വാസിയെ രക്ഷിക്കുന്നതിനായി മഹാഗുരുവര്യന്മാര്‍ സ്വീകരിക്കുന്ന ആത്മീയ ശിക്ഷണമാര്‍ഗമാണ് അവരിലേക്ക് ചേര്‍ത്തി ത്വരീഖത്ത് എന്നു പറയപ്പെടുന്നത്. ഇസ്‌ലാമിക പാഠങ്ങളെ ജീവിതത്തില്‍ പകര്‍ത്തി വിജയം വരിക്കാന്‍ സ്വയം പാകപ്പെടുക എന്നതാണ് ത്വരീഖത്തിലൂടെ സത്യവിശ്വാസിയില്‍ ഉണ്ടാവുന്ന സവിശേഷാനുഭവം.
ശൈഖ് ജീലാനി(റ)യുടെ ആത്മീയ ശിക്ഷണ വഴിയാണ് ഖാദിരിയ്യാ ത്വരീഖത്ത്. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ (470) ജനിച്ച് ആറാം നൂറ്റാണ്ടില്‍ വഫാതായ ആത്മീയതാരകം ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ) നല്‍കിയ ഉപദേശനിര്‍ദ്ദേശങ്ങളും ആത്മീയ പരിചരണവുമാണ് ഖാദിരിയ്യാ ത്വരീഖത്ത്. ഇപ്പോഴത്തെ ഇറാനിലുള്‍പ്പെടുന്ന ജീലാന്‍ എന്ന പ്രദേശമാണ് ശൈഖിന്റെ ജന്മദേശം. പതിനെട്ടാം വയസ്സില്‍ ജ്ഞാനസമ്പാദനാര്‍ത്ഥം ജീലാനില്‍ നിന്നും ഇറാഖിലെ ബഗ്ദാദിലേക്ക് യാത്രയായി. അക്കാലത്തെ പ്രധാനികളായ പണ്ഡിതരില്‍ നിന്നും ബഹുമുഖ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടി. ആത്മജ്ഞാനത്തില്‍ തിളങ്ങുന്ന പണ്ഡിത ജ്യോതിസ്സായിരുന്ന അഹ്മദുബ്‌നു മുസ്‌ലിം(റ) വില്‍ നിന്നും തസ്വവ്വുഫ് ആവോളം നേടി. അബൂസഈദില്‍ മുബാറകില്‍ മഖ്‌റമി(റ)യില്‍ നിന്ന് സ്ഥാനവസ്ത്രവും സ്വീകരിച്ചു.  സമകാലത്തെ പണ്ഡിതമഹത്തുക്കളെല്ലാം ശൈഖ് ജീലാനി(റ)ന്റെ മഹത്വത്തെ അറിയുകയും പ്രഖ്യാപിക്കുകയും ചെയ്തു.
അലിയ്യുബ്‌നു അഖീലില്‍ ഹമ്പലി(റ), മഹ്ഫൂളുല്‍ കലൂദാനില്‍ഹമ്പലി(റ), മുഹമ്മദ്ബ്‌നുല്‍ ഖാളി(റ) തുടങ്ങിയവര്‍ വിവിധ വിജ്ഞാനശാഖകളില്‍ തന്റെ ഗുരുവര്യരാണ്. ശിഷ്യനിലെ സവിശേഷതകള്‍ ഉസ്താദുമാര്‍ മനസ്സിലാക്കുകയും ആവശ്യമായ പരിചരണങ്ങള്‍ നല്‍കുകയും ചെയ്തു. പ്രതിസന്ധി നിറഞ്ഞ ജീവിതവഴിയില്‍ ആത്മജ്ഞാനം പകര്‍ന്ന കരുത്തിനാലും ആവേശത്തിനാലും തളരാതെ മുന്നേറി. കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി സിദ്ധിച്ച സൗഭാഗ്യത്തിന്റെ സൂചനയാണ് വിശ്വമാകെ അനുദിനം ഉയരുന്ന ശൈഖ് മുഹ്‌യിദ്ദീന്‍, ശൈഖ് ജീലാനി എന്ന മഹ്ദ്മന്ത്രങ്ങള്‍.
ആത്മജ്ഞാനത്തെ മനനത്തിലൊതുക്കാതെ പ്രയോഗവല്‍ക്കരിക്കുന്നതിനായി ശൈഖവര്‍കള്‍ അനുഷ്ഠിച്ച ശിക്ഷണമാര്‍ഗങ്ങള്‍ പലതാണ്. ദേഹേച്ഛകളെ സമ്പൂര്‍ണ്ണമായും നിയന്ത്രിക്കുന്നതിന് അതുവഴി സാധിച്ചു. ഇറാഖിന്റെ മരുപ്പറമ്പിലൂടെ ഏകനായി സഞ്ചരിച്ചു. ഉസ്താദ് അഹ്മദ്(റ)യില്‍ നിന്നും പകര്‍ന്നതെന്തോ അതിന്റെ പ്രായോഗിക രീതിയായിരുന്നു ശൈഖവര്‍കളുടെ ജീവിതം. തന്റെ ആത്മശിക്ഷണ വഴിയിലെ ത്യാഗപൂര്‍ണ്ണമായ കാലത്തെ ശൈഖവര്‍കള്‍ സ്മരിക്കുന്നതിങ്ങനെ:
”ഇരുപത്തഞ്ചു വര്‍ഷക്കാലം മരുപ്പറമ്പിലൂടെ സഞ്ചരിച്ചതിന് ശേഷമല്ലാതെ ഞാന്‍ ആത്മീയ പരിചരണ മാര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ല. ചെടികള്‍ ഭക്ഷിച്ചും അരുവികളില്‍ നിന്നു വെള്ളം കുടിച്ചുമാണ് ഞാനന്ന് കഴിഞ്ഞത്. വര്‍ഷക്കണക്കിന് വെള്ളം കുടിക്കാതെ ഞാന്‍ കഴിഞ്ഞിട്ടുണ്ട്” (ഉദ്ധരണം: ജാമിഉ കറാമാതില്‍ ഔലിയാഅ്).
ഈ ത്യാഗപൂര്‍ണമായ സഞ്ചാരത്തിനെത്തുടര്‍ന്ന് തനിക്ക് സിദ്ധമായ സൗഭാഗ്യാവസ്ഥയെക്കുറിച്ചു അവിടുന്നിങ്ങനെ പറയുന്നു: ”ഞാന്‍ മരുപ്പറമ്പിലൂടെ സഞ്ചരിക്കുന്ന കാലത്ത് എനിക്ക് ‘കുന്‍’ എന്ന മഹദ്‌വചന സൗഭാഗ്യം കൈവന്നു. അങ്ങനെ എനിക്കെവിടെയും സമൃദ്ധമായ സദ്യകള്‍ കാണാനായി. എനിക്കിഷ്ടമുള്ളത് ഞാനതില്‍ നിന്ന് ഭക്ഷിക്കും. പര്‍വ്വതങ്ങളില്‍ നിന്നും ഞാനടര്‍ത്തിയെടുക്കുന്ന കഷ്ണങ്ങള്‍ മധുര പലഹാരമായി മാറുമായിരുന്നു. മണലില്‍ നിന്നും എനിക്ക് മധുരം ലഭിക്കുമായിരുന്നു. മണലെടുത്ത് അതില്‍ ഉപ്പുരുചിയുള്ള കടല്‍ വെള്ളം ഒഴിച്ചാല്‍ അത് മധുരപാനീയമായി മാറി ഞാന്‍ കുടിക്കുമായിരുന്നു. പക്ഷേ, അത് ആസ്വാദനമാണെന്നതിനാല്‍ അല്ലാഹുവിനോടുള്ള സദ്‌സമീപനമെന്ന നിലയില്‍ ഞാനതുപേക്ഷിച്ചു” (ജാമിഉല്‍ കറാമതില്‍ ഔലിയാഅ്).

സൂഫിസം എന്ന പേരില്‍ ഇസ്‌ലാമിക ശിക്ഷണ ജ്ഞാനം അറിയപ്പെട്ടു തുടങ്ങിയത് സമൂഹത്തില്‍ ആത്മീയ നിരാസവും അപചയവും കണ്ടുതുടങ്ങിയപ്പോള്‍ മുതലാണ്. തസ്വവ്വുഫ് എന്ന പേരില്‍ അറിയപ്പെടുന്ന വിജ്ഞാനശാഖ ‘അഖ്‌ലാഖ വ റഖാഇഖ്’ എന്ന പേരില്‍ സൂഫിസരണിയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന കാലമാണിത്. തസ്വവ്വുഫും അതിന്റെ അനുഷ്ഠാന ആചാരങ്ങളും വെട്ടിച്ചുരുക്കി സ്വഭാവ സംസ്‌കരണം എന്നതില്‍ ക്ലിപ്തപ്പെടുത്തുന്നതിനാണിങ്ങനെ ചെയ്യുന്നത്. സ്വഭാവ സംസ്‌കരണത്തിന് പ്രയോഗങ്ങളും ശീലുകളും കണിശതയോടെ ചിട്ടപ്പെടുത്തിയതാണ് യഥാര്‍ത്ഥത്തില്‍ ത്വരീഖത്ത് എന്നറിയപ്പെടുന്നത്. ഇത് ചിട്ടപ്പെടുത്തിയ ഗുരുവിന്റെ പേരിലാണ് ത്വരീഖത്തുകള്‍ അറിയപ്പെട്ടത്. ശൈഖ് ജീലാനി (ഖ.സി) നടത്തിയ പരിചരണ രീതിയാണ് ഖാദിരിയ്യ ത്വരീഖത്തെന്ന് പറഞ്ഞല്ലോ.

ഖുര്‍ആനും സുന്നത്തും അടിസ്ഥാനപ്പെടുത്തി സമൂഹമറിയേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമായ ആചാരാനുഷ്ഠാനങ്ങള്‍ തെളിച്ചു പറയുകയാണദ്ദേഹം ചെയ്തത്. തന്റെ ജീവിതകാലത്തെ സാമൂഹിക സംസ്‌കാരിക ആത്മീയ സാഹചര്യങ്ങളെ നന്നായി നിരീക്ഷിച്ച് അവയെ സംരക്ഷിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ആവശ്യമായത് ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്ബാസീ ഖിലാഫത്ത് കാലത്താണ് ശൈഖവര്‍കള്‍ ജീവിച്ചത്. ഭരണാധികാരികളെ ചില ദുഃസ്വഭാവങ്ങള്‍ ബാധിച്ചിരുന്നു. ഇസ്‌ലാമിക ഖിലാഫത്തിന്റെ സൗന്ദര്യം പ്രകടമാകുന്നതായിരുന്നില്ല അക്കാലത്തെ ഖിലാഫത്ത്. പാണ്ഡിത്യവും പാരമ്പര്യവും ഉണ്ടായിരുന്നെങ്കിലും ഖലീഫമാരില്‍ ഉമവിയ്യാ കാലഘട്ടത്തിലെ ചില പ്രവണതകള്‍ സ്വാധീനിച്ചിരുന്നു. ഒരു സാമൂഹിക വിപ്ലവത്തിലൂടെ ഭരണാധികാരികളെ തിരുത്താനോ ഭരണം പിടിച്ചെടുക്കാനോ ശൈഖ് ശ്രമിച്ചില്ല. കാരണം, അതൊരുപക്ഷേ, ലക്ഷ്യം നേടിത്തരണമെന്നില്ല. അതോടൊപ്പം ഒരു രാഷ്ട്രീയ ദുര്‍മോഹിയായി വ്യാഖ്യാനിക്കാന്‍ കാരണമായേക്കാം.
ഭരണകൂടത്തിന്റെ ഈ വ്യതിയാനവും സമൂഹത്തില്‍ പൊതുവായി കാണുന്ന തിന്മയുടെ വ്യാപനവും ഭൗതിക പ്രമത്തതയും പൂര്‍ണമായി ചികിത്സിക്കപ്പെടുകയാണ് വേണ്ടതെന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. എല്ലാതരം അരുതായ്മകളുടെയും അടിസ്ഥാനം മനുഷ്യഹൃദയങ്ങള്‍ക്കേറ്റ ദുര്‍ബാധകളാണ്. മനുഷ്യഹൃദയങ്ങളെ സംസ്‌കരിക്കുകയും അവരെ നന്മയോടടുപ്പിക്കുകയും ചെയ്യുകയാണഭികാമ്യം എന്ന ശൈഖ്(റ)വിന്റെ നിലപാട്മൂലം തന്റെ പര്‍ണ്ണശാല പശ്ചാതപിച്ചെത്തുന്നവരുടെ കേന്ദ്രമായി മാറി. മുസ്‌ലിം പാപികള്‍ മാത്രമല്ല, അവിശ്വാസികളും ശൈഖവര്‍കളുടെ ചാരത്തെത്തി.
ബഗ്ദാദിലുണ്ടായ രാഷ്ട്രീയ, സാമൂഹിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അധാര്‍മിക പ്രവണതകള്‍ വ്യാപകമായിരുന്നു. ഖലീഫ മുസ്തര്‍ശിദിന്റെയും റാശിദിന്റെയും മുഖ്തഫീയുടെയും കാലഘട്ടങ്ങളില്‍ നടന്ന ചില രാഷ്ട്രീയ കടന്നാക്രമണങ്ങളുടെ പരിണിതിയായിരുന്നു ഇത്. ശൈഖ് ജീലാനി(റ)യുടെയും മറ്റും നിരന്തരമായ പ്രബോധനത്തിന്റെ ഫലമായാണ് സ്ഥിതിഗതികള്‍ ശാന്തമായതും ജനങ്ങള്‍ സല്‍വഴിയിലേക്ക് തിരിച്ചുവന്നതും.
ഇബ്‌നുല്‍ ഹുമാമില്‍ഹമ്പലി(റ) എഴുതുന്നു: ”ബഗ്ദാദിലെ ഭൂരിഭാഗം ആളുകളും ശൈഖവര്‍കള്‍ മുഖേന പശ്ചാതാപം ചെയ്യുകയുണ്ടായി. ജൂതരും ക്രിസ്ത്യാനികളും അദ്ദേഹം മുഖേന സത്യമവലംബികളായി” (ശദറാതുദ്ദഹബ് 4/199).
ത്വരീഖത്തിനെക്കുറിച്ചും അവയുടെ ശൈഖുമാരെക്കുറിച്ചും ദുരാരോപണങ്ങളുന്നയിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ വ്യാജന്മാരുടെ പ്രവര്‍ത്തന നിലപാടുകള്‍ മുന്‍നിര്‍ത്തി മഹാന്മാരെ നിന്ദിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുകയാണ്. സ്വന്തം ജീവിതം കൊണ്ട് പരിശുദ്ധ ശരീഅത്തിന്റെ പ്രയോഗരീതിയും മാതൃകയും പകര്‍ന്നവരാണ് ത്വരീഖത്തിന്റെ ശൈഖുമാരായി ചരിത്രം രേഖപ്പെടുത്തിയവര്‍. ആത്മീയ പരിചരണംകൊണ്ട് സമകാലത്തെ ജനതയെയും ആത്മവിജ്ഞാന മുത്തുകള്‍കൊണ്ട് പില്‍ക്കാലക്കാരെയും നേരിന്റെ മാര്‍ഗത്തില്‍ സ്ഥിരപ്പെടുത്തിയവരാണവര്‍. അവര്‍ നടത്തിയ സേവനത്തിന്റെ ഫലമാണ് ഇസ്‌ലാമിക സമൂഹത്തില്‍ ഇന്നുകാണുന്ന ആത്മീയസ്പന്ദനങ്ങളെന്ന് കാണാന്‍ പ്രയാസമില്ല.
എല്ലാ നല്ലതിന്റെയും പേരില്‍ വ്യാജന്‍ പ്രത്യക്ഷപ്പെടാമെന്നപോലെ ത്വരീഖത്തിന്റെ പേരിലും വ്യാജന്മാര്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ പൂര്‍വികരുടെ പാതയില്‍ അടിപതറാതെ ഉറച്ചുനില്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടാവും. ഒരു ശൈഖിന്റെ സാന്നിധ്യത്തെ ഭൗതികമായി അനുഭവപ്പെടുക എന്നതിലുപരി അവര്‍ കൈമാറിയ സന്ദേശങ്ങളും അനുഭവവും വിശ്വാസിയെ സല്‍സരണിയില്‍ നിലനിര്‍ത്താന്‍ ഉപയുക്തമാണ്. ആത്മീയസരണിയെ സജീവവും ധന്യവുമാക്കി നിലനിര്‍ത്തിയിരുന്ന ആചാരശീലങ്ങളെല്ലാം പരമ്പരാഗതമായി സംരക്ഷിക്കപ്പെടുന്നുണ്ട്. ആത്മീയമായ ബന്ധത്തിന്റെയും അറിവിന്റെയും അഭാവത്തില്‍ ആത്മീയ സരണി മാത്രമല്ല, അവയുടെ അനുഷ്ഠാനരീതികളും എതിര്‍ക്കപ്പെടുകയാണ്. എങ്കിലും എല്ലാ എതിര്‍പ്പുകളെയും നിഷ്പ്രഭമാക്കിത്തന്നെ ആത്മീയവഴികളുടെ ചടങ്ങുകള്‍ എവിടെയും സജീവമാവുകയുള്ളൂ.
ആത്മീയ ജ്ഞാനശാഖയില്‍ ചര്‍ച്ചയാവുന്ന മഹാപണ്ഡിതരെക്കുറിച്ച് ഇബ്‌നുതൈമിയ്യ തന്നെ നല്ലതുപറയാന്‍ നിര്‍ബന്ധിതനായിട്ടുണ്ട്. തസവ്വുഫിനെയും അതിന്റെ കൈവഴികളെയും വിമര്‍ശിച്ചും നിരൂപിച്ചും സ്വന്തമായൊരു ആശയലോകം സൃഷ്ടിച്ച് മുസ്‌ലിം സമൂഹത്തില്‍ നിന്നും ആത്മീയവിചാരത്തെ നിഷ്‌കാസനം ചെയ്യുന്നതിനാണ് തന്റെ കൃതികളില്‍ ഇബ്‌നുതൈമിയ്യ ശ്രമിച്ചിട്ടുള്ളത്. തസ്വുവ്വുഫിനെ വിമര്‍ശിക്കുന്നതിനിടയില്‍ തന്നെ അദ്ദേഹം എഴുതുന്നു: ”ആത്മീയസരണിയില്‍ പ്രവേശിച്ചവരിലെ സച്ചരിതര്‍ പൂര്‍വികരിലെ ബഹുഭൂരിഭാഗം വരുന്ന മശാഇഖുകള്‍, ഫുളൈലുബ്‌നു ഇയാള്, ഇബ്‌റാഹീമുബ്‌നു അദ്ഹം, അബൂസുലൈമാനുദ്ദാറാനീ, മഅ്‌റൂഫുല്‍ കര്‍ഖീ, സരിയ്യുസ്വിഖ്തി, ജുനൈദുല്‍ ബഗ്ദാദി തുടങ്ങിയ മുന്‍ഗാമികളും ശൈഖ് അബ്ദുല്‍ഖാദിര്‍, ശൈഖ് അഹ്മദ്, ശൈഖ് അബുല്‍ബയാന്‍ തുടങ്ങിയ പിന്‍ഗാമികളും അവരുടെ മാര്‍ഗത്തില്‍ പ്രവേശിക്കുന്നവര്‍ക്ക്, അവരെ അന്തരീക്ഷത്തില്‍ പറക്കാനും വെള്ളത്തിനുമീതെ നടക്കാനും സാധിക്കുന്ന അവസ്ഥ പ്രാപിച്ചാലും മതപരമായ വിധിവിലക്കുകള്‍ മറികടക്കാന്‍ അനുവദിക്കുമായിരുന്നില്ല. മാത്രമല്ല, മരണംവരെ കല്‍പിച്ചത് പ്രവര്‍ത്തിക്കലും അവര്‍ക്കനിവാര്യമാണ്. ഇതാണ് ഖുര്‍ആനും സുന്നത്തും പൂര്‍വികരുടെ ഇജ്മാഉം അറിയിക്കുന്ന സത്യം” (മജ്മൂഉല്‍ ഫതാവാ).
ശൈഖ് ജീലാനി(റ)യെ പോലുള്ളവര്‍ സത്യസരണിയിലായിരുന്നുവെന്നും ഖുര്‍ആനും സുന്നത്തും അടിസ്ഥാനപ്പെടുത്തിയ നിര്‍ദ്ദേശങ്ങളായിരുന്നു അവര്‍ നല്‍കിയിരുന്നതെന്നും ഇബ്‌നുതൈമിയ്യ സമ്മതിക്കുന്നതാണിവിടെ കാണുന്നത്. ത്വരീഖത്തുകളില്‍ കൂടുതല്‍ പ്രചാരം നേടിയത് ഖാദിരിയ്യ ത്വരീഖത്താണ് എന്ന് ചരിത്രം വ്യക്തമാക്കുന്നു. ഖാദിരിയ്യാ ത്വരീഖത്തിന്റെ വ്യാപനത്തെക്കുറിച്ചും അതിന്റെ വ്യത്യസ്ത കൈവഴികളെക്കുറിച്ചും പഠനം നടത്തി യൂസുഫ് മുഹമ്മദ് ത്വാഹാ സൈദാന്‍ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അതിലദ്ദേഹം ഖാദിരിയ്യാ ത്വരീഖത്തിന്റെയും ശൈഖ് ജീലാനി(റ)യുടെയും പാഠങ്ങളും രീതികളും ഖുര്‍ആനും തിരുസുന്നത്തും അടിസ്ഥാനപ്പെടുത്തിയാണെന്നത് വസ്തുനിഷ്ഠമായി സമര്‍ത്ഥിച്ചിട്ടുണ്ട്.
ശൈഖ്ജീലാനി(റ) ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ മഹാനവര്‍കളെ സമീപിച്ച് ശിഷ്യത്വവും സ്ഥാനവസ്ത്രവും സ്വീകരിച്ച് ധന്യരായവര്‍ ധാരാളമുണ്ട്. ശേഷം തന്റെ പണ്ഡിതരായ സന്തതികളും ഖാദിരിയ്യാ മാര്‍ഗ്ഗം പ്രചരിപ്പിക്കുകയുണ്ടായി. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഖാദിരിയ്യാ ത്വരീഖത്തിന്റെ കൈവഴികള്‍ കാണാം. തദ്ദേശീയരെ ആത്മീയമായി ചിട്ടപ്പെടുത്തുന്നതില്‍ ഇതിന്റെ സ്വാധീനം വ്യക്തമാണ്. ഇബ്‌നുതൈമിയ്യ പറയുന്നു: ”ഏഴാം നൂറ്റാണ്ടില്‍ സാധാരണക്കാരനായ ഒരു വ്യക്തിയെ അഭിമുഖീകരിച്ചാല്‍ അവനെ ഖാദിരിയ്യാ ത്വരീഖത്തില്‍ അംഗമായി എത്തിക്കാം” (ബിഗ്‌യതുല്‍ മുര്‍താദ്, പേ 124. ഉദ്ധരണം: അത്വരീഖുസ്സൂഫി, പേ 180).
പ്രസിദ്ധ ഓറിയന്റലിസ്റ്റ് മര്‍ഗോളിയത്തിനെ യൂസുഫ് സൈദാന്‍ ഉദ്ധരിക്കുന്നു: ”ഇമാം ജീലാനിയുടെ കാലത്ത് തന്നെ ഖാദിരിയ്യാത്വരീഖത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന സൂഫികളുണ്ടായിരുന്നു. യമനില്‍ ജനങ്ങളെ ത്വരീഖത്തിലേക്കാകര്‍ഷിക്കാന്‍ സാധിച്ച അലിയ്യുബ്‌നുല്‍ഹദ്ദാദ്, ബഅ്‌ലബകിലും സിറിയന്‍ നാടുകളിലും താമസിച്ചിരുന്ന മുഹമ്മദുല്‍ ബത്വാഇഹീ, ഈജിപ്തില്‍ ജനങ്ങളെ ത്വരീഖത്തിലേക്ക് ക്ഷണിച്ചിരുന്ന മുഹമ്മദ്ബ്‌നു അബ്ദിസ്സമദ് തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പെടുന്നു” (ഉദ്ധരണം: അത്വരീഖുസ്സൂഫി, പേ 180).
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖാദിരിയ്യാ ത്വരീഖത്ത് പ്രചാരം നേടുകയും സമൂഹത്തില്‍ ആത്മീയബോധ വിചാരങ്ങള്‍ സജീവമാക്കി ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. ശൈഖ്, മുരീദ് എന്നിങ്ങനെയുള്ള ആത്മബന്ധത്തിന്റെ ഭൗതികസാഹചര്യങ്ങള്‍ ഇല്ലെങ്കിലും സമൂഹത്തിന് ആത്മീയമായ അച്ചടക്കം നല്‍കുന്നതിന് ഉപകരിക്കുന്ന സംവിധാനങ്ങള്‍ ഒട്ടുമിക്ക മുസ്‌ലിം പ്രദേശങ്ങളിലുമുണ്ട്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ആത്മീയമായ തണല്‍വിരിച്ച പൂര്‍വസൂരികളിലധികവും ഖാദിരിയ്യാ ത്വരീഖത്തിന്റെ കൈവഴികളില്‍ പെട്ടവരായിരുന്നു. തങ്ങളുടെ ആത്മീയ നായകന്റെ തുടര്‍ച്ചയായിത്തന്നെ ധാരാളമാളുകള്‍ക്ക് ശഹാദത്തിന്റെ വചനം ചൊല്ലിക്കൊടുക്കാനും പിഴവില്‍ പെട്ടവരെ നേരിലേക്ക് നയിക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്. എല്ലാം ശൈഖ് ജീലാനി പകര്‍ന്ന ആത്മീയസരണിയുടെ സദ്ഫലംതന്നെ.


തിരുകേശവിമര്‍ശനവും മതയുക്തിവാദികളും ഇസ്‌ലാമിന്റെ കരള്‍ മാന്തുകയാണവര്‍

Posted by statesys On March - 24 - 2011 1 COMMENT


മുഹമ്മദ് മിന്‍ഹാജ്

മതത്തില്‍ പ്രമാണങ്ങള്‍ക്കാണ് സ്ഥാനം. അല്‍പജ്ഞരായ മനുഷ്യരുടെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന യുക്തിക്ക് ഒരു പ്രാമാണ്യവും ഇസ്‌ലാം കല്‍പിച്ചിട്ടില്ല. യുക്തിവാദത്തിന്റെ പശ്ചാതലത്തില്‍ ചിന്തിച്ചാല്‍ മതകാര്യങ്ങളില്‍ പലതും അപ്രസക്തങ്ങളാണെന്നുപോലും തോന്നാം. അന്യയായ ഒരു പെണ്ണിനെ തീര്‍ത്തും അന്യനായ ഒരു പുരുഷന്റെ നിയന്ത്രണത്തിലേക്ക് പ്രത്യേക നിയമങ്ങള്‍ പാലിച്ച് പിതാവ് ഏല്‍പിച്ചു കൊടുക്കുന്നതോടെ അവര്‍തമ്മില്‍ സ്വന്തക്കാരായി. പരസ്പരം കാണലും സംസാരിക്കലും മാത്രമല്ല, അതുവരെ വിമര്‍ശിക്കപ്പെടുമായിരുന്ന ലൈംഗികബന്ധം വരെ അവര്‍ക്കിടയില്‍ കേവലം അനുവദനയീമെന്നതിനപ്പുറം പുണ്യകര്‍മ്മം തന്നെയായിത്തീരുന്നു. അവര്‍ക്ക് കുഞ്ഞുപിറന്നാല്‍ വിമര്‍ശിക്കുകയല്ല; കുടുംബവും സുഹൃത്തുക്കളും ആനന്ദിക്കുകയാണ് ചെയ്യുന്നത്.
ഇങ്ങനെയുള്ള ചടങ്ങുകള്‍ ബുദ്ധിശൂന്യമാണെന്ന് ഒരാള്‍ പറഞ്ഞേക്കാം. കുടുംബ ബന്ധങ്ങള്‍ക്ക് വലിയ സ്ഥാനമില്ലെന്നും ആര്‍ക്കും ഉഭയസമ്മതപ്രകാരം മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്നും യുക്തിവാദികള്‍ മുമ്പെഴുതിയിട്ടുണ്ട്. ഇതു ന്യായമാണെന്ന് ചിലര്‍ക്കു തോന്നാം. പിതാവിനെക്കാള്‍ സ്വന്തം കാര്യം തീരുമാനിക്കേണ്ടത് സ്ത്രീ തന്നെയാകയാല്‍ അവള്‍ ആഗ്രഹിച്ചവര്‍ക്കൊപ്പം ജീവിതം നടത്താമെന്ന് റാഡിക്കല്‍ ഫെമിനിസ്റ്റ് യുക്തിക്ക് ചിന്തിക്കാം. പക്ഷേ, വിശുദ്ധ മതത്തില്‍ ഇതൊന്നും പ്രസക്തമല്ല. സൂചിപ്പിച്ചതുപോലെ അവിടെ പ്രമാണങ്ങള്‍ക്കു മാത്രമാണ് സ്ഥാനം. അത് യുക്തിയോട് യോജിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം.
ദീര്‍ഘമായൊരാമുഖം കേരളത്തില്‍ കേട്ടുവരുന്ന ഒരു പൊതുവിവാദത്തിന്റെ അപഹാസ്യത സൂചിപ്പിക്കാന്‍ വേണ്ടിയാണ്. നബി(സ്വ)യുടെ തിരുകേശവുമായി ബന്ധപ്പെട്ടുള്ള ബഹളങ്ങള്‍, സുന്നികളെ വിമര്‍ശിക്കുന്നതിനപ്പുറം മതത്തിന്റെ ചില അടിസ്ഥാന ഘടകങ്ങളെതന്നെ ചോദ്യംചെയ്യുന്ന വിധത്തില്‍ തിളച്ചുമറിയുന്നതാണ് ശ്രദ്ധയര്‍ഹിക്കുന്ന ഒരു വസ്തുത. മര്‍കസില്‍ തിരുകേശം വന്നത് ഈ വര്‍ഷമൊന്നുമല്ല. എന്നിട്ടും ഇപ്പോഴത് ക്രൂശിക്കപ്പെടുന്നു. സര്‍വവിധ ബിദ്അത്ത്-വിഘടന പ്രസ്ഥാനങ്ങളും അസ്ഹാബ് യുദ്ധത്തിലെ പ്രവാചകവിരുദ്ധ ചേരിപോലെ ഐക്യസംഘമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഇതിനുപിന്നില്‍ മതവിരുദ്ധരുടെ ശക്തമായ ഇടപെടലുകളുണ്ടെന്നത് സംശയിക്കേണ്ട കാര്യമാണ്.
തിരുകേശത്തില്‍ കൊത്തിപ്പിടിച്ച് മതത്തിന്റെ ആത്മികഭാവത്തെ കുളിപ്പിച്ച് കിടത്തിയാല്‍, പിന്നെ ഒന്നൊന്നായി തകര്‍ന്നുവീഴുക ഇസ്‌ലാമിന്റെ മൂലക്കല്ലുകളാണെന്ന് ശത്രുക്കള്‍ക്കറിയാം. അവര്‍ വെച്ചുകൊടുത്ത ഏണിയില്‍ ഏന്തിവലിഞ്ഞുകേറാന്‍ ആളെക്കിട്ടുമ്പോള്‍ വിജയിക്കുന്നത് ഇബ്‌ലീസാണെന്നത് എത്ര പരിതാപകരം! മലക്ക്, നരകം, സ്വര്‍ഗം, പ്രവാചകത്വം, വഹ്‌യ് തുടങ്ങിയ പലതും യുക്തികൊണ്ട് പൂര്‍ണമായി സമര്‍ത്ഥിക്കാന്‍ കഴിയാത്തവയാണ്. എത്ര പ്രസംഗിച്ചാലും 2+2=4 പോലെ ഖണ്ഡിതമായൊരു തീരുമാനത്തിലെത്താന്‍ ഈ വിഷയത്തില്‍ ആര്‍ക്കുമാവില്ല. പിന്നെ ഗുണങ്ങളും ഫലങ്ങളും അനുഭവങ്ങളും ആവശ്യകതയും വിശദീകരിച്ച് തൃപ്തിയടയാന്‍ വിശ്വാസിക്ക് പറ്റും. ഒരു ഒറിജിനല്‍ യുക്തിവാദിക്കോ? ‘തിരുകേശം’ പോലെ യുക്തിരാഹിത്യത്താല്‍ ഉപരിസൂചിത വിശ്വാസങ്ങള്‍ മുഴുക്കെ ഒ. അബ്ദുല്ല ചാടിക്കടക്കുന്നതുപോലെ അവന്‍ അവഗണിക്കും. പിന്നെ മതത്തിലെന്ത് ശേഷിക്കും? ഒരു ഭൗതിക പ്രസ്ഥാനവും ദൈവിക പദ്ധതിയും തമ്മിലെന്ത് വ്യത്യാസം ഉണ്ടാവും? കേവലം മൃതപ്രായമായ ഒരു വരണ്ട ഇസ്‌ലാമാണ് ഈ തീക്കളിയുടെ അവസാനഘട്ടം. ഇതുതന്നെയാണല്ലോ മതവിരുദ്ധര്‍ ആഗ്രഹിക്കുന്നതും ഇസ്‌ലാമിലെ യുക്തിവാദികളായ ബിദ്അത്തുകാര്‍ വഴി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതും.

അഹ്മദ് അമീനും ത്വാഹാ ഹുസൈനും നമ്മുടെ ചേകന്നൂര്‍ മൗലവിയും ഇതുപോലൊരു യുക്തിവാദവുമായാണ് പ്രവാചകവചനങ്ങള്‍ മുഴുക്കെ അപ്രമാണികമാണെന്നു പറഞ്ഞത്. അബൂഹുറൈറ(റ)യെ പോലുള്ളവര്‍ മതത്തില്‍ ജൂതായിസം കടത്തിക്കൂട്ടിയെന്നാരോപിച്ചതും ‘യുക്തിവാദം’ പ്രമാണമാക്കിയായിരുന്നു. അവരുടെ ആധുനികാനുയായികളായ മുജാഹിദുകള്‍ ഇതേ യുക്തി മാനദണ്ഡമാക്കിയാണ് നൂറോളം ഹദീസുകള്‍ സ്വഹീഹുല്‍ബുഖാരിയില്‍ നിന്നു തള്ളിക്കളഞ്ഞത്. മഹാന്മാര്‍ ഒരുപോലെ ചിന്തിക്കുമെന്നതുപോലെ മതവിരുദ്ധരും ആയിത്തീരുന്നതാണിവിടെ ദൃശ്യമാകുന്നത്. ഇങ്ങനെപോയാല്‍ ബിദ്അത്ത് എന്‍ഡിഎഫ് ഇസ്‌ലാം കാറ്റൊഴിഞ്ഞ ബലൂണായിത്തീരാന്‍ അധികകാലമില്ല.
മുടിവിമര്‍ശനത്തിനിടെ ഒരു വഹാബിമൗലവി എഴുതുന്നു: ”മുഹമ്മദ് നബി(സ്വ)യുടെ ജയന്തി ആഘോഷിക്കുന്നത് ഒരു ഉദാഹരണമാണ്. റസൂലിനെ ലോകത്തിനു പരിചയപ്പെടുത്തുന്ന ഈ മാമാങ്കത്തില്‍ മുഹമ്മദ് നബി(സ്വ) വര്‍ണിക്കപ്പെടുന്നത് മറ്റു മതക്കാരുടെ വിഗ്രഹവത്കരിക്കപ്പെട്ട പുണ്യാത്മാക്കളെക്കാള്‍ ഒരു പണത്തൂക്കമെങ്കിലും മുന്നിലാകണമെന്ന വാശിയോടെയാണ്! മൂന്നു കണ്ണുള്ള, വിയര്‍പ്പിനു സുഗന്ധമുള്ള, അനുചരന്റെ ഭാര്യയെ പ്രേമിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന, വിസര്‍ജ്യങ്ങള്‍ ഭൂമി വിഴുങ്ങുന്ന, സാദാ പ്രജനനാവയവത്തിലൂടെയല്ലാതെ പ്രസവിക്കപ്പെട്ട മുഹമ്മദ്(സ്വ) എന്ന മട്ടിലുള്ള അതിഭാവുക കഥാപ്രസംഗങ്ങള്‍ പുരാണങ്ങളിലെ ദേവവര്‍ണനകളെ വെല്ലും! (ശബാബ്, 2011 ഫെബ്രു. 18).
ജയന്തിയാഘോഷം, മാമാങ്കം തുടങ്ങിയ പരിഹാസ പ്രയോഗങ്ങള്‍ മറക്കുക. പിന്നീട് ഈ കപടമൗലവി കുറിക്കുന്ന കാര്യങ്ങളില്‍ പലതും സ്വയം നിര്‍മിതിയാണ്. സുന്നീവേദികളില്‍ അങ്ങനെയൊരു പ്രവാചകനിന്ദാ പ്രയോഗങ്ങള്‍ തോക്കുകാട്ടി നിര്‍ബന്ധിച്ചാല്‍പോലും ഉണ്ടാവില്ല. കാരണം ‘കേവലം ഒരു സാധാരണ അറബി പയ്യന’ല്ല അവര്‍ക്ക് പ്രവാചകന്‍(സ്വ). മറിച്ച് ഹൃദയത്തിന്റെ വസന്തവും ആത്മാവിന്റെ ജീവല്‍ പ്രഭാവവുമാണ്. സ്വന്തം ഭാര്യയുടെ ഭര്‍തൃമതിയായ അനുജത്തിയെ പ്രേമിച്ചതിനാല്‍ അടിമേടിക്കുകയും ഭാര്യയുമായുള്ള ബന്ധം വിഛേദിക്കേണ്ടി വരികയും ജയിലില്‍ പോവുകയും ചെയ്ത സംസ്ഥാന പണ്ഡിത നേതാക്കള്‍ വാഴുന്ന മുജാഹിദ് പ്രസ്ഥാനക്കാര്‍ക്ക്, അവരെപ്പോലൊരു സാധാരണക്കാരനായി നബിയെ കാണുമ്പോള്‍ അനുയായിയുടെ ഭാര്യയെ പ്രേമിച്ചതായി തോന്നുക സ്വാഭാവികം. പിത്തരോഗം ബാധിച്ചാല്‍ എല്ലാം മഞ്ഞയായാണല്ലോ കാണാനാവുക. ഈ അസുഖത്തിന് ചികിത്സയില്ല.
സുന്നീവേദികളില്‍ നബി(സ്വ)യുടെ പ്രത്യേകതയായി പഠിപ്പിക്കുന്ന രണ്ടുകാര്യങ്ങള്‍ മൗലവി ഉദ്ധരിച്ചതിലുണ്ട്. വിയര്‍പ്പിനു സുഗന്ധമുണ്ടെന്നതും വിസര്‍ജ്യങ്ങള്‍ ഭൂമി വിഴുങ്ങുമെന്നതും. മാരകമായൊരു അബദ്ധമായി മൗലവി ഇതിനെ വീക്ഷിച്ചത് അജ്ഞതകൊണ്ടല്ലെങ്കില്‍ നേരത്തെ പറഞ്ഞതുപോലെ അവരെപ്പോലെ ഒരാളായി തിരുനബിയെ ഗണിക്കുന്നതു കൊണ്ടാവാനേ സാധ്യതയുള്ളൂ. എന്നാല്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത് നബി(സ്വ) അപ്രകാരം തന്നെയായിരുന്നുവെന്നും. ഇമാം തുര്‍മുദി(റ) ഉദ്ധരിക്കുന്നു: ”അനസ്(റ) പറഞ്ഞു: ഞാന്‍ പത്തുവര്‍ഷം നബി(സ്വ)ക്ക് സേവനം ചെയ്തു. അവിടുന്ന് എന്നോട് ഒരു കാര്യത്തെക്കുറിച്ചും എതിര്‍ത്തു സംസാരിച്ചിട്ടില്ല. ഏറ്റവും നല്ല സ്വഭാവ വൈശിഷ്ട്യത്തിനുടമയായിരുന്നു റസൂല്‍(സ്വ). അവിടുത്തെ തിരുകരത്തേക്കാള്‍ മാര്‍ദ്ദവമുള്ള ഒരു റൊട്ടിയോ പട്ടുവസ്ത്രമോ ഞാന്‍ സ്പര്‍ശിച്ചിട്ടില്ല. നബി(സ്വ)യുടെ വിയര്‍പ്പിനേക്കാള്‍ സുഗന്ധമുള്ള ഒരു അത്തറോ കസ്തൂരിയോ ഞാന്‍ വാസനിച്ചിട്ടുമില്ല” (ഹദീസ് 2022).
ഇത് സ്വഹീഹും ഹസനുമായ ഹദീസാണെന്ന് തുര്‍മുദി(റ) വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. പുറമെ ഇബ്‌നുമാജ, ബൈഹഖി(റ) തുടങ്ങിയവരും ഇത് ഉദ്ധരിച്ചതുകാണാം. പത്തുകൊല്ലം നബി(സ്വ)ക്ക് സേവനം ചെയ്ത അനസ്(റ)വിന്റെ അനുഭവമാണിത്. എന്നാല്‍ ചരിത്രത്തിന്റെ ഇങ്ങേതലയില്‍ പ്രവാചകവിരോധം തലച്ചോറ് മരവിപ്പിച്ച ഒരു അല്‍പജ്ഞാനി ഇതിനെ പരിഹസിക്കാന്‍ അഹന്ത കാണിച്ചിരിക്കുന്നു. പത്തുകൊല്ലം സേവനം ചെയ്ത അനസ്(റ) പറഞ്ഞത് അന്ധവിശ്വാസമാക്കി വിരുദ്ധമായി നബി(സ്വ)യുടെ വിയര്‍പ്പ് ദുര്‍ഗന്ധമാണെന്ന് സമര്‍ത്ഥിക്കാന്‍ ചാടിപ്പുറപ്പെട്ട ഈ ധിക്കാരികള്‍ പ്രവാചകര്‍ക്കും ഇസ്‌ലാമിനും സല്‍മാന്‍ റുഷ്ദിയേക്കാള്‍ ഭീഷണിയല്ലേ?
അനസ്(റ) മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെമേല്‍ പ്രവാചക വിയര്‍പ്പുകലര്‍ത്തിയ കസ്തൂരി പുകപ്പിച്ചിരുന്നുവെന്ന് ഇമാം ബൈഹഖി(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അനസ്(റ) തന്നെ പറയുന്ന മറ്റൊരു സംഭവം ഇമാം മുസ്‌ലിം ഉദ്ധരിച്ചതിങ്ങനെ: ഞങ്ങളുടെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന നബി(സ്വ) വിയര്‍ത്തു. എന്റെ ഉമ്മ ഒരു കുപ്പിയില്‍ തിരുവിയര്‍പ്പ് ശേഖരിച്ചുകൊണ്ടിരിക്കെ ഉറക്കുണര്‍ന്ന നബി(സ്വ) ചോദിച്ചു: എന്താണ് ചെയ്യുന്നത്? അവര്‍ പറഞ്ഞു: അങ്ങയുടെ വിയര്‍പ്പ് ശേഖരിക്കുകയാണ്. ഇത് ഞങ്ങള്‍ അത്തറില്‍ ചേര്‍ക്കും. ഇതിനേക്കാള്‍ നല്ല സുഗന്ധം ലഭ്യമല്ല”. മുസ്‌ലിം(റ) ഉദ്ധരിക്കുന്ന മറ്റൊരു നിവേദനത്തില്‍ നബി(സ്വ) മഹതിയെ അംഗീകരിച്ച് താങ്കള്‍ ചെയ്യുന്നത് വാസ്തവമാണെന്നുകൂടി പറഞ്ഞിട്ടുണ്ട്. സ്വഹീഹില്‍, നബി(സ്വ)യുടെ വിയര്‍പ്പിന്റെ സുഗന്ധത്തെയും അതുകൊണ്ട് പുണ്യം നേടുന്നതിനെയും കുറിച്ച് പറയുന്ന അധ്യായം 22ലാണ് ഈ രണ്ടും സംഭവങ്ങളുമുള്ളതെന്ന് വസ്തുതകള്‍ക്കുനേരെ പല്ലിളിക്കുന്ന വായാടി മൗലവിമാര്‍ക്കറിയുമോ? നബി(സ്വ)യില്‍ നിന്ന് മതംപഠിച്ച സ്വഹാബിവര്യന്മാര്‍ പ്രവാചകര്‍(സ്വ)യുടെ തിരുശേഷിപ്പുകള്‍ക്കു നല്‍കിയ സ്ഥാനമാണിത്. എന്നാല്‍, ചില സീറോ മൗലവിമാര്‍ക്ക് ഇത് ‘പ്രവാചകമാലിന്യ’മാണ്. ആടിനെന്തറിയാം അങ്ങാടിവാണിഭം!
ഇനി വിസര്‍ജ്യങ്ങള്‍ ഭൂമി വിഴുങ്ങുന്ന കാര്യം. മതഗ്രന്ഥങ്ങള്‍ പരിചയമുള്ളവര്‍ക്ക് ഇതും അംഗീകരിച്ചേ പറ്റൂ. ഒരു ഉദ്ധരണം മാത്രം പരിചയപ്പെടുത്താം: ”ആഇശ(റ)യുടെ സേവിക ലൈലാ(റ) പറയുന്നു: നബി(സ്വ) വിസര്‍ജ്ജിച്ചുവന്നപ്പോള്‍ ഞാന്‍ അവിടെ കസ്തൂരിയുടെ വാസനയല്ലാതെ മാലിന്യമൊന്നും കണ്ടില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞതിങ്ങനെ: ഞങ്ങള്‍ പ്രവാചകന്മാരുടെ വിസര്‍ജ്യങ്ങള്‍ മൂടിയിടാന്‍ (വിഴുങ്ങാന്‍) ഭൂമി കല്‍പിക്കപ്പെട്ടിട്ടുണ്ട്. ഈ ഹദീസ് ഹാകിം മുസ്തദ്‌റകിലും ത്വബ്‌റാനി അല്‍ഔസത്വിലും ഇബ്‌നുസഅ്ദ് ത്വബഖാതിലും സുയൂഥി(റ) ഖസ്വാഇസ്വിലും രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തിയേറിയ പരമ്പരവഴി ലഭ്യമായ ഹദീസാണെന്ന് സുയൂഥി(റ) തുടര്‍ന്നുപറഞ്ഞു. ഇബ്‌നുദിഹ്‌യ ഇതുദ്ധരിച്ചതിനുശേഷം ഇത് സ്ഥിരപ്പെട്ട പരമ്പരയാണെന്നു വിലയിരുത്തിയതു കാണാം” (ഇഖാമതുല്‍ ഹുജ്ജ 2/61).

മുനബി(സ്വ) മരണപ്പെട്ട് കുളിപ്പിക്കുന്ന സമയത്തും സുഗന്ധമാണുയര്‍ന്നിരുന്നതെന്ന് അലി(റ) സാക്ഷിനില്‍ക്കുന്നുണ്ട്. നബി(സ്വ) സ്പര്‍ശിച്ച ഭാഗങ്ങള്‍പോലും നല്ല പരിമളം പരത്തിയിരുന്നതായും നിരവധി റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ, ഇതൊന്നും ബിദ്അത്ത് ബാധിച്ച കുബുദ്ധികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. ‘പ്രിയപ്പെട്ട നബി’യില്‍ തീവ്രവാദവും കൊല്ലലും കൊലയും ഗവേഷണം ചെയ്യാനിറങ്ങിയ മുസ്‌ലിം ആര്‍എസ്എസുകാര്‍ക്കും കണ്ടെത്താനാവില്ല. പ്രൊഫ. ജോസഫ് നബി(സ്വ)യെ നിന്ദിച്ച കാരണത്താല്‍ മതവിരുദ്ധമായി കൈവെട്ടുശിക്ഷ നടപ്പിലാക്കിയവര്‍ക്ക്, ഇവ്വിധം പ്രവാചകഭത്സനം നടത്തുന്നവരുടെ തലവെട്ടാന്‍ സാധിക്കുകയുമില്ല. എന്തുകൊണ്ടെന്നാല്‍ ഇവരൊക്കെ സൃഷ്ടിക്കാന്‍ പോകുന്ന രാഷ്ട്രീയ തീവ്രവാദ ഇസ്‌ലാമില്‍ നബി(സ്വ) വിയര്‍ത്തുനാറുന്ന, കാഷ്ഠവും മൂത്രവും കൊണ്ട് പരീക്ഷിക്കപ്പെടുന്ന ഒരു സാധാരണക്കാരനാണല്ലോ?
കാന്തപുരം ഉസ്താദ് നിര്‍മിക്കാന്‍ പോകുന്ന പള്ളിയെക്കുറിച്ചാണ് പലര്‍ക്കുമാശങ്ക. സുന്നീ പ്രസിദ്ധീകരണങ്ങളില്‍ ചിലതില്‍ നുഴഞ്ഞുകയറി, ‘ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും’ ശമ്പളം പറ്റിക്കൊണ്ടിരിക്കെതന്നെ എപി കുഞ്ഞാമു ഇതിനെതിരെ മാലിന്യവിസര്‍ജനം നടത്തിയിരിക്കുന്നു (ശബാബ്, മാര്‍ച്ച് 4). കാന്തപുരം മുസ്‌ലിയാരുടെ രോമക്കച്ചവടമെന്നാണ് പുണ്യകേശത്തെ ആദരിക്കുന്നതിനെക്കുറിച്ച് ഈ പരാന്നഭോജി എഴുതിയിരിക്കുന്നത്. ‘തനിക്ക് മതവിധിയൊന്നുമറിയില്ലെന്ന്, അതേക്കുറിച്ച് പരിശോധിക്കാന്‍ യോഗ്യതയുമില്ലെന്ന്’ ഈ പാവം വിവരദോഷി ലേഖനത്തിന്റെ തുടക്കത്തില്‍ തന്നെ എഴുതിവെച്ചതുകൊണ്ട്, തുടര്‍ന്നുവരുന്ന അദ്ദേഹത്തിന്റെ ‘വായനാറ്റം’ ഇവിടെ തലനാരിഴ കീറി പരിശോധിക്കുന്നതിനു പ്രസക്തിയില്ല. അതില്‍ ഓരോ വരിയും പൂര്‍വിക മഹാന്മാരുടെ ചര്യയെ പരിസിക്കുന്നതാണെന്നു മാത്രം തല്‍ക്കാലം ഓര്‍മപ്പെടുത്താം.
‘നാല്‍പതുകോടിപ്പള്ളി’ വെറുമൊരു രോമസൂക്ഷിപ്പുകേന്ദ്രമാണെന്നാണ് ഈ കൂപമണ്ഡുകങ്ങള്‍ മനസ്സിലാക്കിയത്. പള്ളിയെക്കുറിച്ചുവന്ന റിപ്പോര്‍ട്ടുകളില്‍ അതിന്റെ ഉപയോഗവും ആവശ്യകതയും വിശദീകരിച്ചിട്ടുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ കുഞ്ഞാമു എഴുതുന്നതിങ്ങനെ: ”മര്‍കസ് ഭാരവാഹികള്‍ തിരുനബി കേശവുമായി ബന്ധപ്പെടുത്തി ഇങ്ങനെ ഒരു പള്ളി നിര്‍മിക്കുന്നത്, നേരുപറഞ്ഞാല്‍ ദുര്‍വ്യയമാണ്-ഖുര്‍ആന്‍ വ്യക്തമായ ഭാഷയില്‍ തള്ളിപ്പറഞ്ഞ തബ്ദീര്‍” (ശബാബ് മാര്‍ച്ച് 4). കോടികള്‍ ചെലവഴിച്ച് സമ്മേളന മാമാങ്കങ്ങള്‍ നടത്തുന്ന മുജാഹിദ് നേതാക്കള്‍ക്ക് ഇതൊന്ന് പറഞ്ഞുകൊടുക്കാന്‍ കൂലിയെഴുത്തിനിടെ ഈ കുഞ്ഞാഞ്ഞൂലിന് സമയം കിട്ടിക്കാണില്ല. അതിരിക്കട്ടെ, ഒരു വിവരവുമില്ലെന്ന് സമ്മതിച്ച ആളാകയാല്‍, ദുര്‍വ്യയഭീതിക്കാര്‍ക്ക് ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് പച്ചമലയാളത്തില്‍ എഴുതിച്ചേര്‍ക്കാം. ”താബിഈ പ്രമുഖന്‍ ഇബ്‌നുസീരീന്‍(റ) അബീദ്(റ)വിനോട് പറഞ്ഞു: എന്റെ കൈവശം അനസ്(റ)വില്‍ നിന്ന് ലഭിച്ച് നബി(സ്വ)യുടെ ഒരു തിരുകേശമുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: എനിക്ക് അത്തരമൊരു കേശം ലഭിക്കുകയെന്നത് ഈ ഭൂലോകവും അതിലുള്ള സര്‍വസ്വവും ലഭിക്കുന്നതിനേക്കാള്‍ ഇഷ്ടകരമാണ്” (സ്വഹീഹുല്‍ ബുഖാരി). പൂര്‍വികര്‍ക്ക് തിരുകേശം ഭൂലോകത്തെക്കാള്‍ പ്രാധാന്യമുള്ളതായിരുന്നു. ഇതിനുമുമ്പില്‍ നാല്‍പതു കോടിക്കെന്തു സ്ഥാനം!
ഇതിലേറെ രസകരമായിരിക്കുന്നത് ഒരേ പുസ്തകം അരമാസത്തിന്റെ ചെറിയ ഇടവേളക്കിടയില്‍ പുറത്തിറങ്ങിയ രണ്ടു ലക്കങ്ങളില്‍ പൂര്‍വാപര വിരുദ്ധമായ പ്രസ്താവനകള്‍കൊണ്ട് ചമല്‍കരിച്ചിരിക്കുന്നതാണ്. നേരുപറഞ്ഞാല്‍ ദുര്‍വ്യയമായ ‘രോമപ്പള്ളി’യെക്കുറിച്ച് ഇതേ ശബാബ് ആദ്യമെഴുതിയതിങ്ങനെ: കേരളത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി വരുന്നതും അതൊരു മഹത്തായ ശില്‍പമാതൃകയാവുന്നതും സന്തോഷകരമാണ്…. കോഴിക്കോട് ഒരുപാട് പള്ളികളുണ്ട്. ഇനിയും ഭക്തര്‍ റോഡിലും പള്ളിച്ചെരുവുകളിലും വീര്‍പ്പുമുട്ടി നമസ്‌കരിക്കുന്നുണ്ട്. പുതിയ വലിയ പള്ളികള്‍ ഇതിനു പരിഹാരമാവും…” (ഫെബ്രുവരി 18).
ഫെബ്രുവരിയില്‍ ദുര്‍വ്യയമാവാത്ത ‘രോമപ്പള്ളി’ മാര്‍ച്ചില്‍ നേരുപറഞ്ഞാല്‍ ദുര്‍വ്യയമായതെങ്ങനെയാണ്? നേരല്ല; നെറികേടാണിത്. നബി(സ്വ)യെ നിന്ദിച്ച് ഇവരൊക്കെ ആരെയാണ് പ്രസാദിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് വിശ്വാസികള്‍ക്കറിയാം. വേട്ടപ്പട്ടികള്‍ ഓളിയിട്ടുകൊണ്ടേയിരിക്കട്ടെ, സത്യമത വാഹകസംഘം മുന്നോട്ട്.


 

Recent Comments

മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന പ്രവര്‍ത്തനകാലത്ത്തന്നെ ഇസ്‌ലാമിന്റെ സന്ദേശം മലയാളനാട്ടിലുമെത്തിയിട്ടുണ്ട്. മാലിക്ദീനാര്‍(റ) സംഘത്തിന്റെ ആഗമനത്തോടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും വ്യാപകവുമായി. പൂര്‍വ്വതലമുറയില്‍നിന്നും പകര്‍ന്നുകിട്ടിയതിനെ ഭാവിതലമുറക്കായി പകര്‍ന്നും കാത്തുവെച്ചുമാണ് ഓരോ തലമുറയും കടന്നുപോയത്. മുസ്‌ലിംകള്‍ എന്നും ഒരു വലിയ സമൂഹമായിരുന്നുവെന്നതിനാല്‍ തന്നെ ചില കാലങ്ങളില്‍ ആദര്‍ശ-ആചാര രംഗങ്ങളില്‍ ചില വ്യതിയാനങ്ങല്‍ പ്രകടമായിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. അത്തരം ഘട്ടങ്ങളിലെല്ലാം നവോത്ഥാന നായകത്വംവഹിച്ച ആത്മീയനേതൃത്വം രംഗത്തുവന്നിട്ടുണ്ട്. മലയാളി മുസ്‌ലിംചരിത്രത്തില്‍ ധാരാളം നവോത്ഥാനത്തുടിപ്പുകള്‍ കാണാനാവും. സയ്യിദുമാര്‍, പണ്ഡിതന്മാര്‍, സൂഫികള്‍ തുടങ്ങിയവര്‍ നല്‍കിയ നവോത്ഥാന നായകത്വത്തിന്റെ തണലിലാണ് മലയാളത്തിലെ മുസ്‌ലിംകള്‍ ആദര്‍ശപരിരക്ഷയും ആത്മീയവിശുദ്ധിയും സാധിച്ചത്. മഖ്ദൂമുമാരും ജിഫ്‌രിസാദാത്തുക്കളും കോഴിക്കോട് ഖാളിമാരും തുടങ്ങിയ കുടുംബങ്ങള്‍ മലയാളനാടിന് വെളിച്ചമേകിയ വിളക്കുമാടങ്ങളാണ്.More