സംഘടനയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം ആദര്‍ശപ്രചാരണവും പ്രതിരോധവുമാണ്. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെയും പ്രമാണബന്ധമുള്ള പൈതൃകപാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിലുള്ളവയാണ്. ഇസ്‌ലാമികാദര്‍ശത്തിന്റെ സൗന്ദര്യചൈതന്യങ്ങള്‍ ചോര്‍ന്നുപോവാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പ്രമാണങ്ങളോടും അതിലെ ആദര്‍ശങ്ങളോടും പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിന്റെ സാന്നിധ്യംകൊണ്ട് മാത്രമേ ഇതുസാധിക്കുകയുള്ളൂ.
ഇസ്‌ലാമിന്റെ സൗന്ദര്യം ചോര്‍ത്തിക്കളയുന്ന വ്യത്യസ്ത പ്രവണതകള്‍ പലപ്പോഴും സമൂഹത്തില്‍ പ്രകടമായിട്ടുണ്ട്. വ്യത്യസ്ത രൂപങ്ങളില്‍ അതിന്നും തുടരുകയാണ്. അതിനാല്‍ മുസ്‌ലിംസമൂഹത്തിന്റെ ആദര്‍ശവിശുദ്ധിയും ആത്മീയചൈതന്യവും സംരക്ഷിക്കുന്നതിന് പദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കേണ്ടത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബാധ്യതയാണ്. വ്യവസ്ഥാപിതമായ രീതിയില്‍ വ്യാപകമായ പ്രചാരണ പരിപാടികള്‍ നടക്കേണ്ടതുണ്ട്. അതിനായി പ്രവര്‍ത്തിക്കുന്ന എസ്‌വൈഎസിന്റെ ഉപവിഭാഗമാണ് ദഅ്‌വാസെല്‍.
ദഅ്‌വാസെല്ലിന്റെ മേല്‍നോട്ടത്തില്‍ വിവിധങ്ങളായ പ്രബോധനരീതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. സമകാലസമൂഹത്തിന്റെ സ്ഥിതിയും ഗതിയും അറിഞ്ഞുള്ള പ്രബോധനപ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടത്. അതിനായി പ്രബോധകരെയും പ്രസംഗകരെയും പരിശീലനം നല്‍കി സജ്ജീകരിക്കുകയും അവര്‍ക്കാവശ്യമായ പ്രചാരണോപാധികളും വിഭവങ്ങളും നല്‍കേണ്ടതുണ്ട്. ദഅ്‌വാസെല്ലിന്റെ കീഴില്‍ ദഅ്‌വാപ്രവര്‍ത്തകര്‍ക്കും പ്രസംഗകര്‍ക്കുമായി ചര്‍ച്ചാക്ലാസുകളും കോച്ചിംഗ്ക്യാമ്പുകളും നടന്നുവരുന്നു. പുതിയ തലമുറക്ക് പരിശീലനം നല്‍കുന്നതിനായി വിപുലവും ശാസ്ത്രീയവുമായ കര്‍മ്മപരിപാടികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.



