ആദ്യകാലങ്ങളിലൊക്കെ ഹജ്ജ് യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നവരില്‍ പലരും ഹജ്ജിന്റെ അമലുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കാത്തതിന്റെ പേരില്‍ അമലുകളില്‍ അബദ്ധം വന്നുചേര്‍ന്നത് അനുഭവമാണ്. ഭാഷാപരിജ്ഞാനം നേടി പരിഹരിക്കാവുന്ന വിഷയമല്ല യഥാര്‍ത്ഥത്തില്‍ ഇത്. കൂടെനടന്ന് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കി സ്വഹീഹായവിധം ഹജ്ജിന്റെ അമലുകള്‍ പൂര്‍ത്തീകരിക്കുന്നതിന് സാഹചര്യം തീര്‍ക്കുക എന്നതാണ് ഇതിനുള്ള പോംവഴി. കേരളമുസ്‌ലിംകളുടെ നേതൃത്വവും മാര്‍ഗദര്‍ശനവും നല്‍കുന്ന എസ്‌വൈഎസ് ഈ അവസ്ഥക്കൊരു പരിഹാരമെന്ന നിലയിലാണ് സംഘടിതമായി പണ്ഡിതനേതൃത്വത്തില്‍ ഹജ്ജ് ചെയ്യാനുള്ള അവസരമൊരുക്കിയത്.

മലയാളക്കരയില്‍ നിന്നു ആദ്യമായി പണ്ഡിതനേതൃത്വത്തിലുള്ള ഹജ്ജ് യാത്ര സംഘടിപ്പിച്ച് ഹാജിമാര്‍ക്ക് അവരുടെ യാത്ര സഫലമാക്കാന്‍ അവസരമുണ്ടാക്കിയത് എസ്‌വൈഎസ് ആണ് എന്നത് അഭിമാനകരമായ നേട്ടമാണ്. ഇന്ത്യന്‍, സഊദി ഗവണ്‍മെന്റുകളുടെ അംഗീകാരത്തോടെതന്നെ വ്യവസ്ഥാപിതമായ രീതിയില്‍ രണ്ടു പതിറ്റാണ്ടായി എസ്‌വൈഎസ് ഹജ്ജ് സെല്‍ സേവനം ചെയ്തുവരുന്നു. അനുവദിക്കപ്പെട്ടതില്‍ അധികം അപേക്ഷകരാണ് എന്നും എസ്‌വൈഎസ് ഹജ്ജ്‌സെല്ലിന്റെ മുന്നിലെത്താറുള്ളത്. ഇപ്പോള്‍ കേരളത്തില്‍നിന്നും ധാരാളം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ സേവനരംഗത്തുണ്ടെങ്കിലും എസ്‌വൈഎസ് ഹജ്ജ് സെല്ലില്‍ അപേക്ഷകരുടെ ആധിക്യമാണ്.

മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ പ്രഗത്ഭരായ ഉസ്താദുമാരും സയ്യിദുമാരും ചീഫ് അമീര്‍മാരായി കൂടെയുള്ളപ്പോള്‍ സേവനസന്നദ്ധരായ പണ്ഡിതരും പ്രവര്‍ത്തകരും അമീറുമാരും വളണ്ടിയര്‍മാരായും സേവനം ചെയ്യുന്നത് ഹജ്ജ് യാത്ര ധന്യമാക്കാന്‍ സഹായിക്കുന്നു. മെഡിക്കല്‍ സേവനത്തിനായി മെഡിക്കല്‍ ഓഫീസര്‍മാരും ഒഫീഷ്യല്‍ കാര്യങ്ങള്‍ക്കായി പരിചയസമ്പന്നരായ സ്റ്റാഫും സംഘത്തെ അനുഗമിക്കുന്നു. യാത്രക്കുമുമ്പ് മേഖലകള്‍ തിരിച്ച് ഹജ്ജ്ക്ലാസുകള്‍ നടത്തി ഹാജിമാര്‍ക്ക് ആത്മവിശ്വാസവും ഹജ്ജ് പഠനവും സാധ്യമാക്കുന്നു.

ഹറമൈനിയില്‍ സാധ്യമായ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് ഹാജിമാര്‍ക്ക് താമസ സൗകര്യമൊരുക്കാറുള്ളത്. പുണ്യഭൂമിയിലെ സന്ദര്‍ശനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയും ചെയ്യുന്നു. മബ്‌റൂറായ ഹജ്ജും മഖ്ബൂലായ ഉംറയും സിയാറത്തും എന്ന സത്യവിശ്വാസിയുടെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിന് എസ്‌വൈഎസ് ഒരുക്കിയ ഈ സംവിധാനത്തെയാണ് കേരളമുസ്‌ലിംകള്‍ അവരുടെ ഹജ്ജ് യാത്രാ ആലോചനകളില്‍ ആദ്യം പരിഗണിക്കുന്നത്.


Posted by statesys On March - 4 - 2011

Comments are closed.

 

Recent Comments

മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന പ്രവര്‍ത്തനകാലത്ത്തന്നെ ഇസ്‌ലാമിന്റെ സന്ദേശം മലയാളനാട്ടിലുമെത്തിയിട്ടുണ്ട്. മാലിക്ദീനാര്‍(റ) സംഘത്തിന്റെ ആഗമനത്തോടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും വ്യാപകവുമായി. പൂര്‍വ്വതലമുറയില്‍നിന്നും പകര്‍ന്നുകിട്ടിയതിനെ ഭാവിതലമുറക്കായി പകര്‍ന്നും കാത്തുവെച്ചുമാണ് ഓരോ തലമുറയും കടന്നുപോയത്. മുസ്‌ലിംകള്‍ എന്നും ഒരു വലിയ സമൂഹമായിരുന്നുവെന്നതിനാല്‍ തന്നെ ചില കാലങ്ങളില്‍ ആദര്‍ശ-ആചാര രംഗങ്ങളില്‍ ചില വ്യതിയാനങ്ങല്‍ പ്രകടമായിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. അത്തരം ഘട്ടങ്ങളിലെല്ലാം നവോത്ഥാന നായകത്വംവഹിച്ച ആത്മീയനേതൃത്വം രംഗത്തുവന്നിട്ടുണ്ട്. മലയാളി മുസ്‌ലിംചരിത്രത്തില്‍ ധാരാളം നവോത്ഥാനത്തുടിപ്പുകള്‍ കാണാനാവും. സയ്യിദുമാര്‍, പണ്ഡിതന്മാര്‍, സൂഫികള്‍ തുടങ്ങിയവര്‍ നല്‍കിയ നവോത്ഥാന നായകത്വത്തിന്റെ തണലിലാണ് മലയാളത്തിലെ മുസ്‌ലിംകള്‍ ആദര്‍ശപരിരക്ഷയും ആത്മീയവിശുദ്ധിയും സാധിച്ചത്. മഖ്ദൂമുമാരും ജിഫ്‌രിസാദാത്തുക്കളും കോഴിക്കോട് ഖാളിമാരും തുടങ്ങിയ കുടുംബങ്ങള്‍ മലയാളനാടിന് വെളിച്ചമേകിയ വിളക്കുമാടങ്ങളാണ്.More