പരിശുദ്ധ ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമാണല്ലോ വിശുദ്ധഖുര്‍ആന്‍. അതിന്റെ ആശയപ്രപഞ്ചം അനന്തമാണ്. അവസാനിക്കാത്ത പുതുമകളുമായി ആര്‍ജ്ജവത്തോടെ അതു നിലനില്‍ക്കുകയാണ്. ഖുര്‍ആനികാശയത്തെ നിഷ്പ്രഭമാക്കുംവിധം ഒരു ആശയരൂപീകരണം അസാധ്യമാണ്. സത്യവിശ്വാസിയായിത്തീരുകയും അതിനനുസൃതമായി ജീവിതം ക്രമപ്പെടുത്തുകയും ചെയ്യുക എന്ന അടിസ്ഥാനപരമായ ലക്ഷ്യത്തെ ശക്തിപ്പെടുത്താന്‍ ഖുര്‍ആന്‍പഠനം ഉപകരിക്കും. അല്ലാഹുവിന്റെ വചനമെന്നതിനാല്‍ ലാഘവബുദ്ധ്യാ സമീപിക്കാനാവാത്ത വ്യക്തിപ്രഭാവമാണ് ഖുര്‍ആനിന്റേത്. പൂര്‍വ്വീകരായ പണ്ഡിതസൂരികള്‍ നല്‍കിയ വ്യാഖ്യാന വിവരണങ്ങളെയാണ് ഖുര്‍ആന്‍ പഠനത്തിന് മുഖ്യാവലംബമാക്കുന്നത്. ഭാഷാപരിജ്ഞാനമോ വിവര്‍ത്തനങ്ങളുടെ ലഭ്യതയോ ഖുര്‍ആന്‍ പഠനത്തിന് ഗുരുനാഥനാവശ്യമില്ല എന്നു തീരുമാനിക്കുന്നതിന് കാരണമാവുന്നില്ല. ഒരു ഗുരുവിന്റെ സവിധത്തിലിരുന്ന് നേരിട്ട് ഖുര്‍ആനികാശയങ്ങളെ അടുത്തറിയാനുള്ള സംരംഭമെന്ന നിലയിലാണ് എസ്‌വൈഎസ് ദഅ്‌വാസെല്‍ ‘സ്‌കൂള്‍ഓഫ് ഖുര്‍ആന്‍’ എന്ന ഖുര്‍ആന്‍ പഠനപദ്ധതി നടപ്പിലാക്കിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മേഖലാതലങ്ങളിലും പ്രാദേശികതലങ്ങളിലുമായി വ്യവസ്ഥാപിതമായി 135 സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സെന്ററുകള്‍ നടന്നുവരുന്നു. ട്യൂട്ടര്‍മാര്‍ക്ക് ട്രെയ്‌നിംഗും ടീച്ചിംഗ് റഫറന്‍സും അക്കാഡമിക് കൗണ്‍സില്‍ തയ്യാറാക്കുന്ന നോട്ടുകള്‍ നല്‍കിയുമാണ് ക്ലാസുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുത്ത സൂറതുകള്‍ വ്യവസ്ഥാപിതമായി പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സംസ്ഥാനാടിസ്ഥാനത്തില്‍ പരീക്ഷ നടത്തുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്നു. ഉന്നതവിജയം നേടുന്നവര്‍ക്ക് സ്വര്‍ണ്ണമെഡലുകളടക്കമുള്ള അവാര്‍ഡുകളും നല്‍കുന്നു.
സ്‌കൂള്‍ ഓഫ് ഖുര്‍ആന് പുറമെ യൂണിറ്റ് തലങ്ങളില്‍ മോറല്‍സ്‌കൂളുകള്‍ നടത്തുന്നതിനാവശ്യമായ പാഠക്കുറിപ്പുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നു. സമയബന്ധിതമായ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഘുകൃതികളും പ്രഭാഷണസിഡികളും വിതരണം നടത്തുന്നു. സമൂഹത്തിലെ എല്ലാ തലങ്ങളിലുള്ളവരെയും ലക്ഷ്യംവെച്ച് ഇസ്‌ലാമിക പ്രബോധന, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും രൂപംനല്‍കി നേതൃത്വം നല്‍കുന്നു. സംഘടന നടത്തുന്ന കാമ്പയിനുകള്‍, സമ്മേളനങ്ങള്‍ തുടങ്ങിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രവര്‍ത്തകപരിശീലനം നല്‍കിക്കൊണ്ടിരിക്കുന്നു. വിശുദ്ധറമളാന്‍, റബീഉല്‍അവ്വല്‍ തുടങ്ങിയ വിശേഷകാലങ്ങളില്‍ ആത്മീയതയും പ്രവാചകസ്‌നേഹവും ഊട്ടിയുറപ്പിക്കുന്നതിന് ഇസ്‌ലാമിനെയും പ്രവാചകരെയും പരിചയപ്പെടുത്തുന്നതിനും ബഹുമുഖവും ആകര്‍ഷകവുമായ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.



