സമസ്തയുടെ ഉപഘടകമെന്ന നിലയില്‍ ആദര്‍ശപ്രതിബദ്ധത സംഘടനയുടെ മുഖമുദ്രയാണ്. പ്രമാണപ്പൊരുത്തമുള്ള പാരമ്പര്യത്തിന്റെ സുതാര്യവഴിയാണ് കേരളമുസ്‌ലിംകളുടേത്. സത്യവിശ്വാസത്തിന്റെ സത്തും ചൈതന്യവും ചോര്‍ന്നുപോവാതെ കാത്തുവെച്ച് പകര്‍ന്നുനല്‍കിയ ആദര്‍ശധീരരാണ് നമ്മുടെ പൂര്‍വ്വികര്‍. ഭേദഗതിക്കവകാശമില്ലാത്തതും ആവശ്യമില്ലാത്തതുമായ ആദര്‍ശ-ജീവിത വ്യവസ്ഥയാണിസ്‌ലാം. അതിന്റെ പ്രചാരണത്തിനും പ്രബോധനത്തിനും കാലാകാലങ്ങളില്‍ പണ്ഡിതനേതൃത്വം കര്‍മ്മംചെയ്തിട്ടുണ്ട്. അവരുടെ നവോത്ഥാന നായകത്വം കേരളീയരുടെ സൗഭാഗ്യമാണ്. ഇസ്‌ലാമികമായ യാതൊന്നിനും യാതൊരുവിധ പോറലുമേല്‍പിക്കാന്‍ അവരാരെയും അനുവദിച്ചില്ല.
ജീവസ്സുറ്റ ഒരു ആത്മീയസമൂഹത്തിന്റെ ശിക്ഷണപരിചരണത്തോടൊപ്പം പരിസരസുരക്ഷിതത്വത്തിനായുള്ള യത്‌നങ്ങളിലും അവര്‍ നായകത്വം വഹിച്ചിട്ടുണ്ട്. പ്രതിലോമ പ്രവണതകള്‍ക്കെതിരെ സമരം സംഘടിപ്പിച്ചവരും സമരവിചാരം ശക്തിയായി ജ്വലിപ്പിക്കുന്നതിന് സാഹിത്യരചന നടത്തിയവരും അവരിലുണ്ട്. സമൂഹത്തിന്റെ സര്‍വ്വാത്മനായുള്ള പുരോഗതിയാണവര്‍ ലക്ഷ്യമിട്ടത്. മഖ്ദൂമുമാര്‍, കോഴിക്കോട് ഖാളിമാര്‍, ജിഫ്‌രി സാദാത്തുക്കള്‍, ഉമര്‍ഖാളി തുടങ്ങിയവരൊക്കെ സാമൂഹ്യനവോത്ഥാനത്തിന്റെ ധീരനായകരാണ്. ആത്മീയതയും ആത്മാഭിമാനവും സമുജ്വലമായി സമ്മേളിച്ചവരായിരുന്നു അവര്‍.
പൂര്‍വ്വികര്‍ ബാക്കിവെച്ച നവോത്ഥാന കാര്‍മ്മികത്വത്തിന്റെ തുടര്‍ച്ചയായാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉടലെടുത്തത്. ആദര്‍ശശീലങ്ങളോടും ആചാരരീതികളോടും സമൂഹത്തിന്റെ നിലപാടില്‍ മാറ്റംവരികയും അതിനായി ദുഃശക്തികള്‍ രംഗത്തുവരികയും ചെയ്യുമ്പോഴൊക്കെ നവോത്ഥാന നേതൃത്വം ഉയര്‍ന്നിട്ടുണ്ട്. കേവലമായ പ്രചാരണ രീതികള്‍ക്കുപരിയായി കണിശവും വ്യവസ്ഥാപിതവുമായ പ്രബോധനപ്രവര്‍ത്തനം നടത്തിയിട്ടുമുണ്ട്. പ്രചാരണവും ആദര്‍ശപരവുമായ പ്രതിരോധവും ആത്മീയശിക്ഷണവും അവര്‍ ഒരുമിച്ചു നടത്തിയിട്ടുണ്ട്. സമസ്തയും ഉപഘടകങ്ങളും നവോത്ഥാനപരമായ മുന്നേറ്റങ്ങള്‍ നടത്തിയത് അടിസ്ഥാനപരവും അസ്തിത്വപരവുമായ പ്രവര്‍ത്തനപദ്ധതികളേറ്റെടുത്തും നടപ്പാക്കിയുമാണ്.
പ്രവാചര്‍(സ്വ) സമര്‍പ്പിച്ച സമ്പൂര്‍ണ്ണ വ്യവസ്ഥയാണിസ്‌ലാം. അതു തിരുത്തേണ്ടതില്ല. കുറവ് വരുത്താനായി അതില്‍ അധികമെന്തെങ്കിലും ഇല്ലതന്നെ. അതിനാല്‍ തിരുത്തുമായി വരുന്നവര്‍ ആദര്‍ശവ്യവസ്ഥയെ അക്രമിക്കുകയാണ്. ഈ ആക്രമണത്തെ പ്രതിരോധിച്ച് സമൂഹത്തിന് നേരായമാര്‍ഗ്ഗം സുപ്രാപ്യമാക്കിത്തീര്‍ക്കാന്‍ അവസരമൊരുക്കുന്ന പ്രവര്‍ത്തനമാണ് സാക്ഷാല്‍ നവോത്ഥാനം. ഉപരിസൂചിപ്പിച്ച ആക്രമണം നവോത്ഥാനമല്ല, മറിച്ച് മതനവീകരണമാണ്.
നൂറ്റാണ്ടുകളായി കേരളമുസ്‌ലിംകളിലെ തലമുറകള്‍ തമ്മില്‍ ആദര്‍ശബന്ധവും പൊരുത്തവും നിലനിന്നുവന്നതാണ്. അതു അറുത്തുമാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നത്. സമസ്തയുടെ ഉപഘടകമെന്ന നിലയില്‍ എസ്‌വൈഎസ് ഈ പ്രവണതയെ തിരസ്‌കരിക്കുക മാത്രമല്ല, തിരുത്തിക്കാനും കഠിനയത്‌നം ചെയ്യുകയാണ്. അതിന്റെ ഫലമാണ് പാരമ്പര്യത്തോടും പൂര്‍വ്വീകരോടും പ്രതിബദ്ധതയും സുദൃഢമായ ബന്ധവും നിലനിര്‍ത്തുന്ന ഒരു ആദര്‍ശസമൂഹത്തിന്റെ രൂപീകരണം. മതനവീകരണ കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്ന പ്രലോഭന, പ്രകോപന, പ്രചാരണങ്ങളൊന്നും അവരില്‍ ഒരു ചാഞ്ചല്യവും സൃഷ്ടിക്കുന്നില്ല. സമസ്തയുടെ ലക്ഷ്യത്തിലൂന്നി എസ്‌വൈഎസ് നടത്തിയ അഭിമാനകരമായ വിജയമാണിത്.
അല്ലാഹുവിന്റെ നിശ്ചയംപോലെ തിരുനബി(സ്വ) പഠിപ്പിച്ചതാണിസ്‌ലാം. അതില്‍ കൈകടത്തുന്നത് ഇസ്‌ലാമിന്റെ മൗലികതയില്‍ സംശയം ജനിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ അത്തരം പ്രവണതകളോട് സന്ധിയാവാന്‍ എസ്‌വൈഎസിന് സാധിക്കില്ല. ആശയപ്രചാരണവും ആദര്‍ശപ്രതിരോധവും സംഘടനയുടെ മുഖ്യ അജണ്ടയാണ്. പ്രവര്‍ത്തകരെ മാത്രമല്ല, പൊതുസമൂഹത്തെ അഹ്‌ലുസ്സുന്നയുടെ ആദര്‍ശവഴിയില്‍ പരിചരിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് എസ്‌വൈഎസ്. വിജ്ഞാനവിതരണത്തിനും ആദര്‍ശപ്രചാരണത്തിനും പരമ്പരാഗതമായി സമൂഹം സ്വീകരിച്ചുവരുന്ന രീതികളായ ദര്‍സ്, മദ്‌റസാ പ്രസ്ഥാനങ്ങള്‍ക്ക് വളമേകുകയും പ്രഭാഷണം, സംവാദം, മുഖാമുഖം തുടങ്ങിയവക്ക് നേതൃത്വംനല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ശരീഅത്തും ഇസ്‌ലാമിക സംസ്‌കാരവുമായി ബന്ധമുള്ള സര്‍ക്കാര്‍ ഏജന്‍സികളിലും ഡിപ്പാര്‍ട്ടുമെന്റുകളിലും സാധ്യമായ പങ്കാളിത്തം ആര്‍ജ്ജിക്കുകയും ധീരമായി ഇടപെടുകയും ചെയ്യുന്നു. ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്നും ഉന്നതാധികാരികളില്‍നിന്നും നിയമ-നീതിപീഠങ്ങളില്‍നിന്നും ശരീഅത്ത് വിരുദ്ധവും സദാചാരവിരുദ്ധവുമായ നടപടികള്‍ക്കെതിരെ ശബ്ദിക്കുകയും ഉത്തരവാദപ്പെട്ടവരെ സമീപിച്ച് കാര്യഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ സമീപിച്ച് നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ടുണ്ട്.
സമൂഹത്തെ ആദര്‍ശചട്ടക്കൂടില്‍ നിലനിര്‍ത്തി ആത്മവിശ്വാസത്തോടെ ആദര്‍ശശാലികളായി പരിചരിക്കുന്നതില്‍ എസ്‌വൈഎസ് നിര്‍വ്വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സ്വാഭാവികമായ പതനസാധ്യതയും അഭിശപ്തമായ സുഷുപ്താവസ്ഥയും സമൂഹത്തെ ബാധിക്കുമ്പോള്‍ അതിനെതിരെയുള്ള പടയോട്ടമാണ് എസ്‌വൈഎസ് നടത്തുന്നത്. അതുകൊണ്ടുതന്നെയാണ് എസ്‌വൈഎസ് നിര്‍വ്വഹിക്കുന്ന ദൗത്യം നവോത്ഥാനപരമായിത്തീര്‍ന്നതും.



